Wednesday, March 28, 2007

അച്‌ഛനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം

എന്റെ കുഞ്ഞുന്നാളില്‍ അച്ഛന്‍ വൈകിട്ട്‌ ഓഫിസില്‍നിന്നു വന്ന്, കുളികഴിഞ്ഞ ശേഷം വീടിന്റെ ഹാളില്‍ക്കൂടി അങ്ങോട്ടും ഇങ്ങോട്ടും അല്‍പനേരം നടക്കുക പതിവുണ്ട്‌. മിക്കപ്പോഴും ആ സമയം ഞാന്‍ അച്ഛന്റെ തോളിലുണ്ടായിരിക്കും. ഒരുപകല്‍ മാത്രം പ്രായമുള്ള അച്ഛന്റെ മുഖത്തെ കുറ്റിരോമങ്ങള്‍ കൊണ്ട്‌ ഇടയ്ക്കിടെ എന്റെമുഖത്തുരസി എന്നെ അലസോരപ്പെടുത്തിയിരുന്ന എന്റെ അച്ചാച്ചനെ(അങ്ങനെയാണ്‌ ഞാന്‍ വിളിക്കുക)യാണ്‌ എനിയ്ക്കേറെ ഇഷ്ടം.

കേരളത്തിലെ കോട്ടയം, എറണാകുളം, കോഴിക്കോട്‌, വയനാട്‌, കാസര്‍കോട്‌, എന്നീ ജില്ലകളൊഴികെ ബാക്കിയെല്ലാ ജില്ലകളിലും മാറി മാറി ജോലിചെയ്തിട്ടുണ്ട്‌ എന്റെ അച്ഛന്‍.

രാത്രി കാലങ്ങളില്‍ മുറ്റത്തിറക്കി ചന്ദ്രനെയും നക്ഷത്രങ്ങളേയും മാത്രമല്ല, പിന്നയോ ബുധനെയും ശുക്രനെയും, അങ്ങു ദൂരെ.. ദൂരെ.. സപ്‌തര്‍ഷികളെയും കാണിച്ചു തന്നിട്ടുണ്ട്‌ എന്റെ അച്ഛന്‍. പിന്നെ രാത്രിയില്‍ മുറ്റത്തെ മുല്ലച്ചെടികള്‍ പൂക്കുന്നതും അതിലെ പൂക്കള്‍ വിടരുന്നതും കാണിച്ചുതന്നിട്ടുണ്ട്‌

കുട്ടിക്കാലത്ത്‌ ഗലീലയോ, ആര്‍ക്കിമിഡിസ്‌, സ്പാര്‍ട്ടക്കസ്‌ എന്നിവരുടെ ജീവചരിത്രങ്ങളടങ്ങിയ പുസ്തകങ്ങള്‍ വാങ്ങി തന്നതും എന്റെ അച്ഛന്‍. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വായനശാലയിലേക്ക്‌ പറഞ്ഞയച്ച്‌ വായനശീലം വളര്‍ത്തിയതും എന്റെ അച്ഛന്‍.

സ്കൂള്‍ അവധിക്കാലങ്ങളില്‍ മലമ്പുഴയിലും, മൂന്നാറിലും, പിന്നെ മാട്ടുപെട്ടിയിലും, മറയൂരിലും എന്നെ കൊണ്ടുപോയിട്ടുണ്ട്‌ എന്റെ അച്ഛന്‍. സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ സമയം കിട്ടുമ്പോഴൊക്കെ എന്റെ ഇംഗ്ലീഷ്‌ നോട്ട്ബുക്കിലെ സ്പെല്ലിംഗുകള്‍ തിരുത്തി തന്നിരുന്നതും എന്റെ അച്ഛന്‍. ഗണിതശാസ്ത്രത്തിലെ ഹരണക്രിയ എനിയ്ക്‌ എളുപ്പമാക്കി തന്നതും എന്റെ അച്ഛന്‍. പ്രോഗ്രസ്‌ കാര്‍ഡിലെ റിമാര്‍ക്സ്‌ എല്ലായ്‌പ്പോഴും "തൃപ്തികരമല്ല" എന്ന് കണ്ടിട്ടും അതില്‍ ഒപ്പിട്ട്‌ തരാന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ലാത്ത എന്റെ അച്ഛന്‍.

പക്ഷികളുടെ കടംകഥയ്ക്ക്‌ (ഒരു മരത്തില്‍ കുറെ കിളികള്‍, അതിലെ ഒരു കിളി ഇങ്ങനെ പറഞ്ഞു: ഞങ്ങളും, ഞങ്ങളോളവും, ഞങ്ങളില്‍ പാതിയും, അതില്‍ പാതിയും, പിന്നെ ഞാനുംകൂടി ചേര്‍ന്നാല്‍ നൂറാകും. എന്നാല്‍ ഞങ്ങളെത്ര?) ഗണിതശാസ്ത്രത്തിലെ ആള്‍ജിബ്ര സമവാക്യത്തിലൂടെ എനിയ്ക്‌ ഉത്തരം കാണിച്ചു തന്നതും എന്റെ അച്ചാച്ചനാണ്‌.

കുട്ടിക്കാലങ്ങളിലെ എല്ലാ ഓണത്തിനും പുതിയ കയറു തന്നെ വാങ്ങി ഊഞ്ഞാല്‍ ഇട്ടുതന്നിരുന്നു അച്ഛന്‍. കൊട്ടാരക്കര ജോലിചെയ്തിരുന്നപ്പോള്‍ ചിലപ്പോഴൊക്കെ അവിടുത്തെ ഗണപതിയമ്പലത്തില്‍നിന്ന് ഉണ്ണിയപ്പം വാങ്ങി കൊണ്ടു വന്നു തന്നിട്ടുണ്ട്‌ എന്റെ അച്ഛന്‍. പിന്നിട്‌ അവിടുത്തെ ഉത്സവത്തിനു എന്നെ കൊണ്ടുപോയി കെ.ജി.മാര്‍ക്കോസിന്റെ ഗാനമേള കേള്‍പ്പിച്ച എന്റെ അച്ഛനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം.

പത്താം ക്ലാസ്സില്‍ ആയപ്പ്പ്പോള്‍ BSA സൈക്കിള്‍ വാങ്ങിതന്നതും ക്ലാസ്സ്‌ (പ്രതിക്ഷയ്ക്കത്ര ഉയര്‍ന്നില്ല) കടന്നപ്പോള്‍ HMTയുടെ 'Vivek' Model വാച്ച്‌ വാങ്ങിതന്ന എന്റെ അച്‌ഛന്‍. (അങ്ങനെയെങ്കിലും മകന്‌ കുറച്ച്‌ വിവേകം വന്നെങ്കിലോ എന്നു വിചാരിച്ചിട്ടുണ്ടാവും.

മാര്‍ച്ചു മാസത്തിലെ കോളേജ്‌ ഫീസ്‌ ചോദിച്ചപ്പോള്‍ (റെഗുലര്‍ കോളേജുകളിലില്‍ സാധാരണ മാര്‍ച്ച്‌ മാസത്തെ ഫീസ്‌ വാങ്ങാറില്ല) മാര്‍ച്ച്‌ മാസത്തിലെ ഫീസ്‌ തരില്ല എന്നാല്‍ മറ്റേതെങ്കിലും മാസത്തെ കുടിശിഖയുണ്ടെങ്കില്‍ അത്‌ തരാമെന്നുപറഞ്ഞ എന്റെ അച്ഛനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം.

പിന്നീട്‌ കാലങ്ങള്‍ കടന്നപ്പോള്‍ Oedipus Complex എന്താണെന്ന്‌ പറഞ്ഞു തന്നതും എന്റെ അച്ഛന്‍.

തുച്ഛമായ പെന്‍ഷനില്‍നിന്നു വളരെ വലിയ വിലയുള്ള യമഹായുടെ Music Keyboard വാങ്ങി തന്ന എന്റെ അച്ഛനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം.

ഹിന്ദി ഭാഷ അറിയാത്ത എന്നാല്‍ റാഫി, മുകേഷ്‌, മന്നാഡേ, ലത മങ്കേഷ്ക്കര്‍ തുടങ്ങിയവരുടെ പാട്ടുകള്‍ കേള്‍ക്കുന്ന എന്റെ അച്ഛന്‍.

എനിയ്ക്കുള്ള കത്തുകളില്‍ നിറയെ ഷേക്‍സ്പിയരിന്റേയും ഗ്രീക്ക്‌ പുരാണത്തിലേയും കഥാഭാഗങ്ങള്‍ കൊണ്ടു നിറച്ചിരുന്ന എന്റെ അച്ഛനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം.

അമ്മച്ചിയുടെ രോഗാവസ്ഥയെക്കുറിച്ചു ചോദിച്ചപ്പോള്‍ "Hope for the best but prepare to accept the worst" എന്നു പറഞ്ഞ എന്റെ അച്ഛന്‍. പിന്നീട്‌ അമ്മച്ചി ഞങ്ങളെ വിട്ടു പോയപ്പോള്‍ മാത്രം കരഞ്ഞുപോയ എന്റെ അച്ഛന്‍. അതിനുശേഷം വല്ലപ്പോഴുമൊക്കെ ഞാന്‍ ഉണ്ടാക്കി കൊടുത്തുരുന്ന മാമ്പഴപുളിശ്ശേരിയും (അങ്ങനെയാണ്‌ അച്ചാച്ചന്‍ അതിനെ വിളിച്ചിരുന്നത്‌) ഓംലെറ്റും ഏറേ ഇഷ്ടപ്പെട്ടിരുന്ന എന്റെ അച്ഛന്‍.

കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍ക്കഥകളിലെ പല തമാശ ഭാഗങ്ങളും, പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടെപോലെ ഫലിക്കുന്നില്ല...., നായരു വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടിട്ടില്ല... തുടങ്ങിയവ ചൊല്ലി കേള്‍പ്പിച്ചിരുന്ന എന്റെ അച്ഛന്‍.

എനിയ്ക്കു കിട്ടുന്ന വേതനം കുറവാണെന്നു പറഞ്ഞപ്പോള്‍ എത്ര കിട്ടുന്നു എന്നുള്ളതിലല്ല, പിന്നയോ കിട്ടുന്നതില്‍ എത്ര മിച്ചം വയ്ക്കാം എന്നുള്ളതിലത്രേ കാര്യം എന്ന്‌ മനസ്സിലാക്കി തന്ന എന്റെ അച്ഛന്‍. കുടുംബ ജീവിതം ഒരു ശീട്ടുകളി പോലെയാണെന്നും അതായത്‌ ഒരു നല്ല കൈ വന്നശേഷം നന്നായി കളിക്കാം എന്നു വിചാരിക്കുന്നതിനേക്കാള്‍ നല്ലത്‌, കിട്ടിയ കൈ വച്ച്‌ നന്നായി കളിക്കുക എന്ന്‌ തമാശയായും കാര്യമായും പറഞ്ഞു തന്നു അച്ഛന്‍.

മിക്ക ഇന്‍ഡ്യന്‍ സിനിമകളും മനുഷ്യന്റെ സാമന്യബുദ്ധിയെ പരിഹസിക്കുന്നതാണെന്നു പറയുന്ന എന്റെ അച്ഛന്‍. ഇന്നാല്‍ ശ്രീനിവാസനെയും, മുരളിയേയും, അവരുടെ സിനിമകളെയും ഇഷ്ടപ്പെടുന്ന എന്റെ അച്ഛന്‍. മദര്‍ ഇന്‍ഡ്യ, നാഗിന്‍, മേരാ നാം ജോക്കര്‍, ദോസ്തി, സംഗം, എന്നി സിനിമകള്‍ ഏറെ ഇഷ്ടപ്പെടുന്ന എന്റെ അച്ഛന്‍. അറുപത്‌ കാലഘട്ടങ്ങളില്‍ അനന്തപുരിയിലെ സിനിമകൊട്ടകയില്‍ വന്നിരുന്ന മിക്ക ഹോളിവുഡ്‌ ചിത്രങ്ങളും കണ്ടിട്ടുള്ള എന്റെ അച്ഛന്‍.

തന്‍കാര്യം നോക്കാന്‍ പ്രായമായിട്ടും വീട്ടിന്നുള്ളില്‍ തന്നെ ചക്കുകാളയെപോലെ നട്ടം തിരിഞ്ഞിരുന്ന സമയത്ത്‌, ഞാന്‍ വായിച്ചുകൊണ്ടിരുന്ന ഒരു ആഴ്ചപ്പതിപ്പിന്റെ(മാതൃഭൂമിയാണെന്നു തോന്നുന്നു) ഒരു പേജില്‍ കടമ്മനിട്ടയുടെ വരികളായ: കുഞ്ഞേ തുള്ളാന്‍ സമയമില്ലിപ്പോള്‍, ചുട്ടവെയിലത്തു കാലു പൊള്ളുമ്പോള്‍ നിന്‍ കാര്യം നീ മാത്രം നോക്കണം....എന്ന്‌ കോറിയിട്ട്‌ അതിന്റെ അര്‍ത്ഥമറിഞ്ഞെങ്കിലും പ്രവര്‍ത്തിക്കും എന്ന് വിചാരിച്ചിരുന്നു എന്റെ അച്ഛന്‍.

ഒരുതവണ രാവിലെ ജനുവരി മുപ്പതിനു ഫോണില്‍വിളിച്ചപ്പോള്‍ ഇന്നാണ്‌ ഗാന്ധിജിയുടെ ചരമദിവസമെന്നും, "ഇങ്ങനെ ഒരു മനുഷ്യന്‍ ഈ ഭൂമിയില്‍ ജിവിച്ചിരുന്നു എന്ന് വരും തലമുറ വിശ്വസിക്കില്ല" എന്ന് ആല്‍ബര്‍ട്‌ ഐന്‍സ്റ്റീന്റെ ആപ്തവാക്യം ഉരുവിട്ട എന്റെ അച്ഛന്‍.

ശ്രീമത്‌ ഭഗവത്ഗീതയും, വി:ഖുറാനും, വി:വേദപുസ്തകവും, പിന്നെ കാള്‍മാര്‍ക്സിന്റെ മൂലധനവും വായിക്കുകയും അവ പഠിക്കുകയും ചെയ്യുന്ന എന്റെ അച്ഛന്‍. മഹാഭാരതത്തിലെ പല സംഭവകഥകളും പറഞ്ഞുതന്നിട്ടുള്ള എന്റെ അച്ഛനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം.

പത്താം തരം വരെ മാത്രം പഠിച്ച അച്ഛന്‍, എന്നാല്‍ ആംഗലേയ ഭാഷാസാഹിത്യത്തിനു പഠിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിയ്ക്‌ ഷേയ്‌ക്‍സ്പിയര്‍ നാടകങ്ങളുടെ വിശദീകരണങ്ങള്‍ കൊടുത്ത എന്റെ അച്ഛന്‍.

സുന്നത്ത്‌ കര്‍മ്മം എന്തെന്ന് ആദ്യമായി എനിയ്ക്കു പറഞ്ഞുതന്നത്‌ എന്റെ അച്ഛന്‍. ഉടനെ കഴുത്തെന്റേതറക്കൂ.. ബാപ്പാ... പടച്ചോന്‍ തുണയേകും നമുക്ക്‌ ബാപ്പാ... എന്ന പാട്ട്‌ ചൊല്ലി കേള്‍പ്പിച്ചും, ആ പാട്ടിന്റെ പിന്നിലുള്ള സംഭവവും വിവരിച്ചു തന്നതും എന്റെ അച്ഛന്‍.

ചെറുപ്പകാലത്ത്‌ ശീലിച്ച പുകവലി എഴുപതാം വയസ്സിലെ ഒരു ദിവസ്സം അത്‌ സ്വമേധയാ ഉപേക്ഷിച്ച എന്റെ അച്ചാച്ചനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം.

ഞാന്‍ Michael Jacksonന്റെ പാട്ടുകള്‍ കേട്ടിരുന്ന സമയത്ത്‌, ഇതിനേക്കാള്‍ എത്രയോ നല്ല പാട്ടുകളാണ്‌
Carpenters("Mr.Postman")ന്റേത്‌ എന്ന് പറഞ്ഞ എന്റെ അച്ഛന്‍.

സ്കൂള്‍ മാഷിനെക്കാളും ഭംഗിയായി ഒലിവര്‍ ട്വിസ്റ്റ്‌(Oliver Twist)ന്റെ കഥ പറഞ്ഞുതരികയും പഠിപ്പിച്ചു തരികയും ചെയ്തിരുന്ന എന്റെ അച്ഛന്‍. വെറുതെയിരിക്കുമ്പോള്‍ ചിലപ്പോഴൊക്കെയെങ്കിലും വിരലുകള്‍കൊണ്ട്‌ അക്കങ്ങള്‍ കൂട്ടിക്കിഴിച്ചുകൊണ്ടിരിക്കുന്ന എന്റെ അച്ഛന്‍.

പള്ളിയിലെ രസീത്‌ ബുക്ക്‌ കീറി തോരണം കെട്ടിയതിനു മാത്രം ഒരിക്കല്‍ എന്നെ തല്ലിയ എന്റെ അച്ഛന്‍. (അല്ലാതെ അച്ചാച്ചന്‍ എന്നെ തല്ലിയതായി ഞാന്‍ ഓര്‍ക്കുന്നേയില്ല.

B.C.യും A.D.യും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി തന്നതും എന്റെ ‍അച്ഛന്‍.

"കാട്ടില്‍ പുലി ഇല്ലാഞ്ഞിട്ടാണോ? ഇവിടെനിന്നും ഒരാള്‍ മലയ്ക്‌ പോകാഞ്ഞിട്ടാണോ?" എന്ന തമാശക്കഥ പറഞ്ഞു തന്നതും എന്റെ അച്ഛന്‍.

ഞാന്‍ ഇട്ടിരുന്ന ബാറ്റാ (Quovadis) ചെരിപ്പു കണ്ടിട്ടാവണം
Quo Vadis-ന്റെ അര്‍ത്ഥം പറഞ്ഞു തന്നതും എന്റെ അച്ഛന്‍.

അമേരിക്കയില്‍നിന്ന് സുവിശേഷം പറയാന്‍ വന്നവരോട്‌ "അന്യരാജ്യങ്ങളില്‍ യുദ്ധം ചെയ്തും, ചെയ്യിച്ചും, കലാപത്തിന്റെ വിത്തുകള്‍ പാകി, നിരപരാധികളായ സ്ത്രീകളെയും കുട്ടികളേയും അനാഥരാക്കുകയും അവരെ പട്ടിണിയുടേയും അരാജകത്വത്തിന്റേയും നടുവിലേക്ക്‌ അനുദിനം തള്ളിവിടുകയും, കൂടാതെ ലോകം മുഴുവനും മാരകങ്ങളായ യുദ്ധസാമഗ്രികള്‍ വിറ്റും, മറ്റുവിധത്തില്‍ ചൂഷണം നടത്തി ലാഭം കൊയ്തും, ലോകജനതയെ ആകമാനം ദുരിതത്തിലേക്ക്‌ തള്ളിവിട്ടുകൊണ്ടിരിക്കുന്ന അമേരിക്കന്‍ ഭരണാധികാരിളെ വീണ്ടും ജനിപ്പിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുക!" എന്നു പറഞ്ഞ എന്റെ അച്ഛന്‍.

അങ്ങനെ എത്ര എഴുതിയാലും, പറഞ്ഞാലും മതിവരാത്ത ആളാണ്‌
എനിയ്ക്ക്‌ എന്റെ അച്ചാച്ചന്‍. എന്നെ ഞാന്‍ ആക്കിയ ആ അച്ഛനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം. ആ അച്ഛന്റെ കൂടെ കിടന്നുറങ്ങാന്‍ ഇപ്പോഴും എനിയ്ക്കേറെ ഇഷ്ടം.

തനിമലയാളത്തിലെ ബ്ലോഗ്ഗ്‌ കൂട്ടുകാര്‍ക്ക്‌ വേണ്ടി ഒരു ലേഖനം എഴുതി തരാമെന്ന് അച്ചാച്ചന്‍ ഏറ്റിട്ടുണ്ട്‌. കാത്തിരിക്കുക... ഇന്ന് എന്റെ അച്ചാച്ചന്റെ 76-ാ‍ം പിറന്നാള്‍..!! ഇത്രയും നാള്‍ ആയുസ്സോടെ എന്റെ അച്ഛനെ എനിക്കു തന്ന ദൈവത്തിനു ഒരായിരം നന്ദി..

Thursday, March 15, 2007

കാണുന്നതെന്നിനി?

പ്രിയ കൂട്ടൂകാരേ... !! മറ്റൊരാള്‍ ആദ്യമായി കവിതാരൂപത്തില്‍ എന്തെങ്കിലും എഴുതിയത്‌ ആംഗലേയത്തിലാണ്. അത്‌ താഴെ കൊടുത്തിട്ടുണ്ട്‌. ദാ ചാരുകേശി രാഗത്തില്‍ എഴുതിയ അതിന്റെ മൊഴിമാറ്റം ഇവിടെ.


"കാണുന്നതെന്നിനി?"

ഏപ്രില്‍ മാസത്തിന്റെ അന്ത്യത്തിലെപ്പൊഴോ
പൊന്നിന്‍ ചിരികളായ്‌ കൊന്ന പൂത്തുള്ള നാള്‍.
ആദ്യമായ്‌ നിന്നെ ഞാന്‍ കണ്ടതന്നാവണം
ഏറെ പ്രതീക്ഷകള്‍ സാഫല്യമാര്‍ന്ന പോല്‍
ഞാന്‍ തിരഞ്ഞതാം മുഖമാണിതെന്നൊരു
സന്ദേഹചിന്തയെന്നുള്ളില്‍ തിളയ്ക്കയായ്‌...

അറിയില്ലയെന്നാല്‍ അനാദിയനന്തമാം
അനുഭൂതിയാര്‍ന്ന പ്രചോദനമായി നീ.
മെല്ലെയിരുട്ടില്‍ മുഴങ്ങിയാര്‍ദ്രസ്മിതം
പൂവിട്ടമാതിരി നിന്‍ ശാന്തമന്ത്രണം...
ഹര്‍ഷാവലംബിതമി മുഗ്ദ്ധസംഗമം,
വര്‍ഷാഗതശ്രുതിയെന്ന പോല്‍ രഞ്ജിതം.

ആടിത്തണുപ്പിന്റെ കാറ്റൊന്നു വന്നുപോയ്‌
ആദ്യമായ്‌ നിന്നെ ഞാന്‍ തൊട്ടനേരം,
സ്വര്‍ഗ്ഗത്തിലേക്കുള്ള കോവേണിപ്പടികളില്‍
മറവി മൂടാത്തൊരു മധുരസ്‌സമാഗമം.
ഒരുവേളയിതു വെറും ഓര്‍മ്മയായ്‌,
സ്വപ്നമായ്‌ നിന്‍ മനസ്സിന്നഗാധങ്ങളില്‍ നിറയുമോ?
എങ്ങനെ കണ്ടിടും നിന്നകസ്ഥലികളില്‍
എന്റെയന്വേഷണം പൂര്‍ണ്ണമാകുന്നവോ?

പോകുന്നതിനുമുന്‍പാശംസയായൊരു
വര്‍ണ്ണാഭമാം ജീവിതോല്‍സവം നേരുന്നു,
അന്ത്യത്തിലെത്തുന്നതിനു മുന്‍പെങ്കിലും
നിന്നെയറിയുന്നതാം കാന്തനോടൊപ്പമായ്‌.

അന്ധകാരത്തിന്‍ മതിലുകള്‍ക്കപ്പുറം
ചിന്നുമൊരശ്രുവിന്‍ കണമുടയുമ്പോലെ
പിന്നില്‍നിന്നൊരു നാദമെന്നെക്കുഴക്കുന്നു...
'കാണുന്നതെന്നിനി നമ്മള്‍ വീണ്ടും?'


"WHEN CAN I MEET YOU AGAIN?"

At the end of April,
where hope had a place
I met you for the first time.
Reflections of passions passed thru my mind
Was that the 'face' I was searching for?
Sure not; but a desire of enchantment,
Inspirations to hope, I found in you.
Then heard a whisper in the darkness:
"Nice to meet You"
The moment of first touch,
A breeze of love, a stairway to Heaven.
A day to remember for all the time.
But it's only a memory, a dream.
How can I say the search is over?
How can I see deep in your mind?
Before I go, wishing you a colorful life
With the one who understands you until the last moment.
From behind the wall of chaos
A voice was cried out:
"When can I meet you again?"

Saturday, March 3, 2007

മിഡിയും, ശ്രീ. എന്‍. എഫും

2000-2001 വര്‍ഷങ്ങളിലെ എതോ ഒരു സുപ്രഭാതത്തിലാണെന്നു തോന്നുന്നു മിഡി കേറി തലയ്ക്ക്‌ പിടിച്ചു. ഇത്‌ നമ്മളുടെ മനസ്സില്‍ ആദ്യ തെളിഞ്ഞു വരുന്ന സാധാരണ മിഡിയും ടോപ്പും അല്ല. പിന്നയോ Music Keyboardലെ Songs & Styles Composing-ഉം പിന്നെ അത്‌ computerല്‍ software ഉപയോഗിച്ച്‌ Play & Edit ചെയ്യുന്നതുമായി ബന്‌ധപ്പെട്ട സാക്ഷാല്‍ MIDI അഥവാ Musical Instrument Digital Interface.

ആദ്യമൊക്കെ English MIDIകള്‍ കേള്‍ക്കാന്‍ ആയിരുന്നു താല്‍പര്യം. അത്‌ മടുത്തപ്പ്പോള്‍ പിന്നെ ഹിന്ദി, തമിഴ്‌, അറബിക്‌, യവന, ലാറ്റിന്‍ മിഡി സൈറ്റുകള്‍ കയറിയിറങ്ങി. അവസാനം മലയാളത്തില്‍ തന്നെ വന്നു നിന്നു. അങ്ങനെ മലയാളം പാട്ടുകളുടെ മിഡി വല്ലതും ഉണ്ടോ എന്നുള്ള അന്വേഷണത്തില്‍ ചെന്നു കേറിയത്‌ ഒരു മലയാളം പുലിമടയില്‍. സോറി ഒരു മലയാളം അമച്വര്‍ മിഡിമടയില്‍. ആ സൈറ്റ്‌ ഇപ്പോള്‍ നിലവില്‍ ഉണ്ടോ എന്ന്‌ അറിഞ്ഞു കൂടാ. എന്തായാലും അതില്‍ കിടിലം മലയാളം മിഡി പാട്ടുകള്‍ പോസ്റ്റ്‌ ചെയ്തു കൊണ്ടിരുന്ന ഒരു മിഡി ഉസ്താദ്‌ ഉണ്ടായിരുന്നു. ആ Midimanന്റെ composing perfection കാരണം പരിചയപ്പെടാന്‍ താല്‍പര്യമായി. ആവേശം കൂടിയപ്പോള്‍ ആദ്യം ഈ-മെയിലിലും പിന്നീടങ്ങോട്ട്‌ ഫോണില്‍ക്കൂടിയും ബന്ധപ്പെട്ട്‌ സൗഹൃദം സ്ഥാപിച്ചു. പിന്നിട്‌ നാട്ടില്‍ വര്‍ഷാവധിയ്ക്ക്‌ പോകുമ്പോള്‍ നേരിട്ട്‌ കാണണമെന്നും അതുവഴി midi composingനെ കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ സ്വായത്തമാക്കണം എന്നൊക്കെയുള്ള സ്വാര്‍ത്ഥമോഹവുമായി അവധിയ്ക്‌ പോയി.

ഒരു ദിവസം വീട്ടില്‍ നിന്ന്‌ സോണിയെ (ആ മിഡി ഉസ്താദിന്റെ പേര്‌) വിളിച്ച്‌ എന്റെ ഇംഗിതം അറിയിച്ചു. സോണി വീട്ടിലേക്കു എത്താാനുള്ള വഴിയും പറഞ്ഞു തന്നു. "അതേയ്‌ ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ഒരു ഓട്ടോ പിടിച്ച്‌ എന്‍.എഫ്‌.വര്‍ഗീസ്‌ ചേട്ടന്റെ വീട്‌ പറഞ്ഞാ മതി. കൊണ്ടാക്കും. ട്ടോ! ഞാന്‍ അവിടെ തന്നെ ഉണ്ടാകും. അപ്പോ പിന്നെ എല്ലാം നേരില്‍ കാണുമ്പോള്‍."

പിറ്റേ ദിവസം രാവിലെ തന്നെ വീട്ടില്‍ നിന്നിറങ്ങി. വഴിയില്‍ കണ്ട ഒരു സുഹൃത്തിനോട്‌ യാത്രോദ്ദേശ്യം പറഞ്ഞപ്പോള്‍ അവന്‍ സൂചിപ്പിച്ചിരുന്നു, ഓ ഉളിയന്നൂരേക്കാണോ? പെരുന്തച്ചന്‍ പണിഞ്ഞ അമ്പലമുണ്ടവിടെ, പിന്നെ എന്‍.എഫ്‌. വര്‍ഗീസിന്റെ നാട്‌. നല്ല കാര്യം! ഞാന്‍ അപ്പോള്‍ തന്നെ മനസ്സില്‍ നിരൂപിച്ചു. തിരിച്ചു വരുമ്പോള്‍ കൂട്ടുകാരോടൊക്കെ വെറുതെ വീമ്പിളക്കാമല്ലോ പെരുന്തച്ചന്റെ അമ്പലവും, എന്‍. എഫിന്റെ വീടുമൊക്കെ കണ്ടെന്ന്‌.

സ്റ്റേഷനില്‍ നിന്ന് ഒാട്ടോ പിടിച്ച്‌ നേരെ എന്‍.എഫിന്റെ വിട്ടുപടിക്കല്‍ ചെന്നിറങ്ങി. റോഡിലും വീട്ടുപടിക്കലും ആരേയും കാണുന്നില്ല. ഞാന്‍ എത്തിയ കാര്യം അറിയിക്കാന്‍ കയ്യില്‍ മൊബൈല്‍ ഫോണുമില്ല. കൂടാതെ ഞാന്‍ വിചാരിച്ചിരുന്നത്‌,സിനിമാ നടന്റെ വീടിന്റെ മുന്‍പില്‍ എപ്പോഴും കുറെ പിള്ളാര്‍ കാണുമെന്നും അതില്‍ സോണിയുണ്ടായിരിക്കുമെന്നുമൊക്കെയാണ്‌. ഓട്ടോക്കാരന്‍ തിരക്കു കൂട്ടിയപ്പോള്‍ അടുത്തു കണ്ട ഒരു വീട്ടില്‍ കയറി വിളിച്ചു. മറുപടിയായി എന്‍.എഫിന്റെ വീട്ടീലേക്ക്‌ തന്നെ കയറിവരാന്‍ പറഞ്ഞു. എനിക്കാണെങ്കില്‍ വല്ലാത്തൊരു വൈക്ലബ്യം. എങ്ങനെയാ ഒരു സിനിമ നടന്റെ വീട്ടിലും മറ്റും വെറുതെ അങ്ങ്‌ കയറിചെല്ലുന്നത്‌? സെക്യൂരിറ്റിക്കാര്‍ പിടിച്ച്‌ പുറത്താക്കില്ലേ? അതിനാല്‍ അല്‍പം വിഷമത്തോടെ ഓട്ടോയില്‍ കയറി തിരിച്ചു സ്ഥലം വിടാന്‍ ആരംഭിച്ചു. അപ്പോള്‍ അതാ പുറകില്‍ നിന്നൊരു പയ്യന്‍ പാഞ്ഞു വരുന്നത്‌ കണ്ടു. അതു സോണിയാണെന്ന്‌ ഉറപ്പു വരുത്തി ഓട്ടോക്കാരനെ പറഞ്ഞുവിട്ട്‌ ഞങ്ങള്‍ എന്‍.എഫിന്റെ വീട്ടിലേക്ക്‌ നടന്നു. പെരിയാറിന്റെ തീരത്ത്‌ പുതുതായി പണികഴിപ്പിച്ച വെള്ളപൂശിയ മനോഹരമായ ഒരു വീട്‌. വലിയ ആളും അനക്കവും ഒന്നും ഇല്ല. വീട്ടിനകത്ത്‌ ചെന്നപ്പോള്‍ വളരെ ഊഷ്മളമായ സ്വീകരണം. സോണിയുടെ അമ്മ ചോദിച്ചു. വീട്‌ കണ്ടുപിടിക്കാന്‍ നന്നെ പ്രയാസപ്പെട്ടോ? മോന്‍ ഒന്നും പറഞ്ഞിരുന്നില്ലേ? ഒാ! അല്ലെങ്കിലും അവന്‍ അങ്ങനെയാ. ഇതുകൂടീ കേട്ടപ്പോള്‍ എന്റെ സംശയം കുറെ അധികമായി..എന്‍.എഫിന്റെ, വീട്‌, സോണി......അങ്ങനെ..

ചെന്നത്‌ ഉച്ചസമയത്ത്‌ ആയതിനാല്‍ ഉടനെ തന്നെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോള്‍ എന്റെ മുന്‍പില്‍ ഒരാള്‍ പ്രത്യക്ഷപ്പെട്ടു. ആ വ്യക്തിയെ തിരിച്ചറിഞ്ഞപ്പോള്‍, ഞാന്‍ കയ്യില്‍ കഴിക്കാന്‍ എടുത്ത ചോറുമായ്‌ സ്റ്റില്‍ ഫോട്ടോയ്ക്ക്‌ പോസ്സ്‌ ചെയ്തതു പോലെ ഒരു നിമിഷം അല്‍ഭുതസ്തബ്ധനായി ഇരുന്നുപോയി. ആകാശദൂതും, സല്ലാപവും, നരസിംഹവും എല്ലാം കൂടെ ദേ ഒരുമിച്ച്‌ മുന്‍പില്‍ വന്ന് നില്‍ക്കുന്നു. അതെ. അതു സാക്ഷാല്‍ ശ്രീ എന്‍. എഫ്‌.ആയിരുന്നു. തികച്ചും മാന്യമായ പെരുമാറ്റം. നല്ല അതിഥി സല്‍ക്കാരം. അതിലെല്ലാമുപരി അദ്ദേഹത്തിന്റെ ശബ്ദമായിരുന്നു എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്‌. യാതൊരു ഇഫ്ക്ട്സും ഇല്ലാതെ തന്നെ എന്നാല്‍ നമ്മള്‍ സിനിമയിലും, മറ്റ്‌ മീഡിയകളിലും കേള്‍ക്കുന്ന അതേ ശബ്ദം. ഒരുവ്യത്യാസവും ഇല്ല. ആ ശബ്ദം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതയും എന്ന് എനിയ്ക്‌ ഇപ്പോഴും തോന്നുന്നു.

മിഡിയും, സോണിയുമായി സമയം പോയത്‌ അറിഞ്ഞില്ല. നേരം വൈകി. എന്‍.എഫ്‌ ചേട്ടന്‍ പറഞ്ഞു, "ഇനിയും ട്രെയിന്‍ ഉടനെ ഇല്ല. ഞാന്‍ ബസ്റ്റാന്‍ഡില്‍ കൊണ്ടു ചെന്നാക്കാം." അങ്ങനെ സോണിയോട്‌ യാത്ര പറഞ്ഞ്‌, വര്‍ഗിസ്‌ ചേട്ടന്റെ കൂടെ കാറില്‍ ബസ്റ്റാന്‍ഡിലേക്ക്‌ യാത്രയായി. അദ്ദേഹം ആ നാട്ടുകാര്‍ക്ക്‌ ചിരപരിചിതന്‍ ആയിരുന്നെങ്കില്‍കുടി, ബസ്റ്റാന്‍ഡിലേക്കുള്ള യാത്രയില്‍ പലസ്ഥലങ്ങളിലും ആള്‍ക്കാര്‍ ഞങ്ങളെ ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നുണ്ടായിരുന്നു.അങ്ങനെ മിഡി Techniques തേടിപ്പോയ ഞാന്‍ എന്‍.എഫ്‌. നേയും കണ്ട്‌, ഇനി അടുത്ത അവധിയ്ക്‌ വരുമ്പോള്‍ വീണ്ടും കാണാം എന്ന് അദ്ദേഹത്തോട്‌ യാത്ര പറഞ്ഞ്‌ വീട്ടിലേക്കുള്ള ബസ്സില്‍ മടക്കയാത്രയായ്‌. അതിനിടയില്‍ എനിയ്ക്കൊരു ചെറിയ മോഹമുണ്ടായി. മറ്റൊന്നുമല്ല. അടുത്ത തവണ വരുമ്പോള്‍,അദ്ദേഹത്തിന്റെ കൂടെ നിന്നു ഒരു ഫോട്ടോ എടുക്കണം.

എന്നാല്‍ എതാനും മാസങ്ങള്‍ക്കു ശേഷം ഞാന്‍ കേട്ടത്‌ അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ്‌. എന്താണെന്നറിയില്ല ഒരിക്കല്‍ മാത്രം കണ്ടു മറന്ന ആ മനുഷ്യന്റെ വിയോഗം എന്നെ വല്ലാതെ ദു:ഖിപ്പിച്ചു.

ഒരുപിടി നല്ല ഓര്‍മ്മകളും "ശ്രീ. എന്‍.എഫ്‌. വര്‍ഗീസിനോടൊപ്പമുള്ള എന്റെ ഫോട്ടോ" എന്ന ആഗ്രഹവും ബാക്കി വെച്ച്‌ ഇത്തിരി നേരത്തെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ അദ്ദേഹത്തിനെന്റെ ആദരാഞ്ജലികള്‍..!!