Sunday, July 6, 2008

അശ്വത്ഥാമാ ഹത:

കഴിഞ്ഞദിവസം കിട്ടിയ കത്തില്‍‌നിന്ന് അച്ചാച്ചന്‍‌ വക ഒരു മഹാഭാരത കഥ.

അച്ഛന്‍ ഇങ്ങനെ എഴുതി:

ഹിന്ദു പുരാണ കഥകള്‍ ധാരാളം പറയുകയും ചര്‍ച്ച ചെയ്യുകയും പതിവുണ്ടായിരുന്നു. സര്‍വ്വീസില്‍ ഇരുന്നപ്പോള്‍ കുളനട സ്വദേശി വാസുദേവക്കുറുപ്പ്‌ സാര്‍, പിന്നെ കിഴക്കേതിലെ ജോയി ഇവരുമായിട്ടൊക്കെ കഥകള്‍ കൈമാറുമായിരുന്നു. ഇപ്പോള്‍ മിക്കവാറും എല്ലാം മറന്നുപോയ മട്ടാണ്‌. ചില പ്രധാനകഥാപാത്രങ്ങളുടെ പേരുപോലും മറന്നുപോയി. എങ്കിലും അശ്വത്ഥാമാവിന്റെ കഥ ചുരുക്കി പറയാം. കൗരവ പാണ്ഡവരെ അസ്ത്രവിദ്യകള്‍ പഠിപ്പിച്ച ഒരു ഗുരുവായിരുന്ന ദ്രോണാരുടെ മകനാണ്‌ അശ്വത്ഥാമാവ്‌. കുട്ടിക്കാലത്ത്‌ കഠിനദാരിദ്യം അനുഭവിച്ചിരുന്നു. കുട്ടിക്കാലത്ത്‌ ഒരിക്കല്‍പോലും പാല്‍ കുടിച്ചിട്ടില്ല. ഒരിയ്ക്കല്‍ അരിമാവ്‌ കലക്കിയ വെള്ളം പാല്‍ ആണെന്ന് പറഞ്ഞുകൊടുത്തു കൂട്ടുകാര്‍ പരിഹസിച്ചിട്ടുണ്ട്‌. തന്റെ മകന്റെ കഷ്ടസ്ഥിതിയില്‍ മന:മുരുകി തന്റെ ഒരു പഴയ ശിഷ്യനായ പാഞ്ചാല രാജകുമാരനായ ദ്രുപദന്റ്‌ അടുക്കല്‍ ചെന്ന് സഹായം അഭ്യര്‍ത്ഥിച്ചു. ദ്രുപദന്‍ സഹായിച്ചില്ല എന്ന് മാത്രമല്ല; തന്റെ തുല്യനിലയിലുള്ളവരെ മാത്രമേ താന്‍ പരിഗണിയ്ക്കുകയൊള്ളൂ എന്ന് പറഞ്ഞ്‌ പുശ്ചിക്കുകയും ചെയ്തു. ഇത്‌ കേട്ട്‌ ദ്രോണര്‍ വ്രണഹൃദയനായ്‌ തിരികെ പോന്നു. പിന്നീട്‌ കൗരവ പാണ്ഡവരെ ആയുധവിദ്യ അഭ്യസിപ്പിക്കുന്ന ജോലി ഏറ്റെടുത്തു. പഠനത്തില്‍ അര്‍ജ്ജുനന്‍ വളരെ മുന്‍പനായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. പഠനം കഴിഞ്ഞ്‌ ഗുരുദക്ഷിണ കൊടുക്കുന്ന പതിവുണ്ട്‌. അപ്പോള്‍‌ അര്‍ജ്ജുനനോട്‌ ദക്ഷിണയായി, തന്നെ അപമാനിച്ച ദ്രുപദനെ പിടിച്ചുകെട്ടി തന്റെ കാല്‍ക്കല്‍ കൊണ്ട്‌ ഇടണമെന്ന് ആവശ്യപ്പെട്ടു. അതിന്‍പ്രകാരം അര്‍ജ്ജുനന്‍ ദ്രുപദനെ യുദ്ധത്തില്‍ തോല്‍പിച്ച്‌ പിടിച്ച്‌ കെട്ടി ദ്രോണരുടെ മുന്‍പില്‍ കൊണ്ടു ചെന്നു. ദ്രോണര്‍ കാല്‍ ഉയര്‍ത്തി ദ്രുപദനെ ചവിട്ടുവാന്‍ തുടങ്ങിയപ്പോള്‍ അര്‍ജ്ജുനന്‍ തടഞ്ഞു. യുദ്ധത്തില്‍ പരാജിതനായി തന്റെ കാല്‍ക്കല്‍ കിടക്കുന്ന ദ്രുപദനെ ചവിട്ടുന്നത്‌ അധര്‍മ്മം ആണെന്ന് ഓര്‍മ്മിപ്പിച്ചു.

അപ്പോള്‍ ദ്രോണര്‍ ദ്രുപദനോട്‌: “നീ സമസ്ഥാനീയരോട്‌ മാത്രമേ സഹവസിക്കൂ എന്ന് പറഞ്ഞിട്ടിണ്ടുല്ലോ. ഇപ്പോള്‍ നീ എന്റെ കാല്‍ക്കല്‍ കിടക്കുന്ന അടിമയാണ്‌, പ്രാണനുവേണ്ടി യാചിക്കുന്ന ആള്‍ ആണ്‌“ എന്നൊക്കെ പറഞ്ഞ്‌ ദ്രുപദനെ പരിഹസിച്ച്‌ പറഞ്ഞ്‌ വിട്ടു.

ഭാരതയുദ്ധത്തില്‍ ദ്രോണര്‍ കൗരവപക്ഷത്തായിരുന്നു. ദ്രോണര്‍ സര്‍വ്വസൈന്യാധിപനായി നില്‍ക്കുന്നിടത്തോളം പാണ്ഡവര്‍ പരാജിതരാകും എന്ന് മനസ്സിലാക്കി ദ്രോണരെ വധിക്കാന്‍ ഒരുപായമുപയോഗിച്ചു. കൃഷ്ണന്‍ ആയിരുന്നു ഇതിന്റേയും ഉപദേശകന്‍. ദ്രോണര്‍ക്ക്‌ തന്റെ മകനോടുള്ള വാല്‍സല്യം ഏറെ പ്രസിദ്ധമാണ്‌. മകന്‍ മരിച്ചു എന്ന് കേട്ടാല്‍ ദ്രോണര്‍ യുദ്ധരംഗത്ത്‌ സ്തംഭിച്ചുനിന്നു പോകും, അപ്പോള്‍ അയാളെ വധിക്കാം. സാക്ഷാല്‍ അശ്വത്ഥാമാവിനെ വധിക്കാന്‍ പറ്റുകയില്ല. പകരം കളിമണ്ണുകൊണ്ട്‌ ഒരു ആനയുടെ രൂപം ഉണ്ടാക്കി അതിന്‌ അശ്വത്ഥാമാവ്‌ എന്ന് പേരിടുക. എന്നിട്ട്‌ അതിനെ തല്ലിയുടച്ച ശേഷം അശ്വത്ഥാമാവ്‌ മരിച്ചു എന്ന് ഉറക്കെ വിളിച്ചുപറയുക. ഇതായിരുന്നു കൃഷ്ണന്‍ ഉപദേശിച്ചുകൊടുത്ത ഉപായം. പാണ്ഡവരുടെ കൂട്ടത്തില്‍ സത്യസന്ധന്‍ എന്ന് പേര്‌കേട്ട ധര്‍മ്മപുത്രര്‍ പറഞ്ഞാലേ ദ്രോണര്‍ വിശ്വസിക്കൂ. അതുകൊണ്ട്‌ ധര്‍മ്മപുത്രര്‍ തന്നെ വിളിച്ചുപറയണം. അങ്ങനെ ഒരു ആനയെ ഉണ്ടാക്കി തല്ലിയുടച്ചശേഷം ‘അശ്വത്ഥാമാ ഹത: കുഞ്ജര!’(അശ്വത്ഥാമാവ്‌ എന്ന ആന ചത്തു എന്നര്‍ത്ഥം. കുഞ്ജരം=ആന) എന്ന് പറഞ്ഞു. ‘അശ്വത്ഥാമാ ഹത:‘ എന്നുറക്കെയും ‘കുഞ്ജര‘ എന്ന് പുറത്ത്‌ കേള്‍ക്കാതെ, പതുക്കെയും പറഞ്ഞു. തന്റെ മകന്‍ അശ്വത്ഥാമാവ്‌ മരിച്ചുപോയി എന്ന് കേട്ടയുടനെ, പാണ്ഡവപക്ഷം പ്രതീക്ഷിച്ചതുപോലെ ദ്രോണര്‍ സ്തംഭിച്ചുപോവുകയും, ഈ സമയം നോക്കി അര്‍ജ്ജുനന്‍ അമ്പെയ്ത്‌ ദ്രോണരെ വധിക്കുകയും ചെയ്തു. സത്യസന്ധനെന്ന് പേര്‍ കേള്‍പ്പിക്കുകയും, സ്വന്തം താല്‍പര്യസംരക്ഷണത്തിന്‌ അര്‍ദ്ധസത്യവും, സത്യം വളച്ചൊടിച്ച്‌ പ്രഖ്യാപിച്ച്‌ എതിരാളിയെ തോല്‍പ്പിച്ച്‌ വിജയം നേടുകയും ചെയ്ത ഒരു കഥാപാത്രമാണ്‌ ധര്‍മ്മപുത്രര്‍. ‘ധര്‍മ്മപുത്രര്‍ ചമയേണ്ട‘ എന്നൊരു ശൈലി രൂപപ്പെട്ടിട്ടുള്ളത്‌ മുകളില്‍ വിവരിച്ച സംഭവത്തെ ആസ്പദമാക്കിയാണ്‌.

തന്റെ പിതാവിനെ ചതിയില്‍ വധിച്ച പാണ്ഡവരെ മുഴുവന്‍ വകവരുത്തുമെന്ന് അശ്വത്ഥാമാവ്‌ ശപഥം ചെയ്തു. പാണ്ഡവപക്ഷം താമസിച്ചിരുന്ന കൂടാരങ്ങളില്‍ രാത്രിയില്‍ കയറി ഗര്‍ഭസ്ഥശിശുക്കളടക്കം സ്ത്രീകളെയും മുതിര്‍ന്നവരേയും മുഴുവനും കൊന്നു നശിപ്പിച്ചു. എന്നാല്‍ പാണ്ഡവരെ വേറെ ഒരു സ്ഥലത്ത്‌ മാറ്റി പാര്‍പ്പിച്ചിരുന്നതുകൊണ്ട്‌ (അതും കൃഷ്ണന്റെ ഒരു തന്ത്രമായിരുന്നു) അവരെ കൊല്ലാന്‍ സാധിച്ചില്ല. സ്തീകളെയും കുട്ടികളേയും ഉറക്കത്തില്‍ കൊന്ന് നശിപ്പിച്ച അശ്വത്ഥാമാവ്‌ ഒരു നീചകഥാപാത്രമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. പ്രതികാരദാഹം മൂത്ത്‌ ഏത്‌ ദുഷ്‌കൃത്യവും ചെയ്യാന്‍ മടിക്കാത്ത ഇയാളെ ഏഴ്‌ ചിരംജീവികളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നു. ബാക്കി ആറുപേരും ഉത്തമ കഥാപാത്രങ്ങള്‍ ആണ്‌.