Monday, November 10, 2008

നോറാ ഏബ്രഹാം / Norah Abraham (ഫോട്ടോ പോസ്റ്റ് - 2)

മൂന്ന് മാസം പ്രാ‍യമായ ഞങ്ങളുടെ മകള്‍ നോറായുടെ ചില പടങ്ങള്‍.

കൂടുതല്‍ പടങ്ങള്‍ക്കായ് ദാ ഇവിടെ ഞെക്കുക.


“കാലമിനിയുമുരുളും;
വിഷു വരും, വര്‍ഷം വരും;
തിരുവോണം വരും;
പിന്നെയോരോ തളിരിനും
പൂ വരും, കായ്‌ വരും;
അപ്പോള്‍ ആരെന്നുമെന്തെന്നുമാര്‍ക്കറിയാം ?"
Thursday, November 6, 2008

നോറാ ഏബ്രഹാം / Norah Abraham (ഫോട്ടോ പോസ്റ്റ് - 1)

മകള്‍ നോറായുടെ ചില പടങ്ങള്‍

ജനിച്ച് ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം..

ജനിച്ച് രണ്ട് മാസത്തിന് ശേഷം..
ചിരിക്കാന്‍ തുടങ്ങിയപ്പോള്‍..... :)
പുരികം വരയ്ക്കുന്നതിനിടയില്‍ എടുത്തത്
മൂന്ന് മാസം പ്രാ‍യമായപ്പോള്‍!

കുളിപ്പിച്ചതിന് ശേഷം..
ഇനി ഞാനൊന്ന് ഉറങ്ങട്ടെ
"ഉരുക്കിടുന്നു മിഴിനീരിലിട്ടു മുറ്റും ഭുവനൈകശില്പി;
മനുഷ്യഹൃത്താം കനകത്തെയേതോ-
പണിത്തരത്തിനുപയുക്തമാക്കാന്‍!"

Monday, November 3, 2008

പറുദീസാ നഷ്ടം

ആദത്തെ സൃഷ്ടിച്ചൂ - ഏദനിലാക്കി ദൈവം
ഏകനായിരിക്കാതെ - സ്ത്രീവേണം കൂട്ടവന്‌
നിദ്രയിലാദത്തിന്റെ - യസ്ഥിയേലൊന്നെടുത്തു
സ്ത്രീയാക്കിച്ചമച്ചവള്‍ - ക്കവ്വായെന്നു പേരുമിട്ടു.

തോട്ടം സൂക്ഷിപ്പാനും - കായ്‌കനികള്‍ ഭക്ഷിപ്പാനും
തോട്ടത്തിലവരെ - കാവലുമാക്കി ദൈവം
തോട്ടത്തിന്‍ നടുവില്‍ നില്‍ക്കും - വൃക്ഷത്തിന്‍ ഫലം നിങ്ങള്‍
തിന്നുന്ന നാളില്‍ - മരിക്കും നിശ്ചയം തന്നെ.

ആദത്തെ വഞ്ചിപ്പാന്‍ - സാത്തനൊരു സൂത്രമെടുത്തു
സര്‍പ്പത്തിന്റെ വായില്‍ കേറി - സാത്താന്‍ വദിച്ചീവണ്ണം.
"തോട്ടത്തിന്‍ നടുവില്‍ നില്‍ക്കും - വൃക്ഷത്തിന്‍ ഫലം നിങ്ങള്‍
തിന്നുന്ന നാളില്‍ കണ്ണുതുറക്കും നിങ്ങള്‍
കണ്ണുതുറക്കും നിങ്ങള്‍ - ദൈവത്തെ പോലെയാകും."

നേരെന്നു വിശ്വസിച്ചു പഴം രണ്ടവള്‍ പറിച്ചു
ഒന്നവള്‍ തിന്നുവേഗം - പതിക്കും നല്‍കിയൊരണ്ണം
തിന്നപ്പോളിരുവരും - നഗ്നരായ്‌ തീര്‍ന്നുപോയി‌.

ഈശന്റെ പാദസ്വനം - കേട്ടവര്‍ ഭയന്നിട്ട്‌
നഗ്നത നീക്കീടുവാ - നില തുന്നിധരിച്ചവര്‍.
ഈശന്നു കോപം വന്നൂ-ആദത്തൊടു ഗര്‍ജ്ജിച്ചൂ:
"ഇതിന്നോ ആദമെ - നിന്നെ ഞാന്‍ സൃഷ്ടിച്ചു."

"കൂട്ടയിത്തന്ന സ്ത്രീ പഴം തന്നൂ - ഭക്ഷിച്ചൂ"
ആദത്തിന്‍ മറുവാക്കി - ലഖിലേശന്‍ കോപിച്ചു,
തോട്ടത്തില്‍ നിന്നവരെ - യാട്ടിപ്പുറത്തിറക്കി
മാലാഖമാരെ - കാവലുമാക്കി ദൈവം.

മൂലകഥാവലംബം:
വി: വേദപുസ്തകത്തിലെ ഉല്‍പത്തി പുസ്തകത്തിന്റെ രണ്ടാം അദ്ധ്യായം: ഏഴ് മുതല്‍ പതിനേഴ് വരെയും, മൂന്നാം അദ്ധ്യായം: ഒന്ന് മുതല്‍ ഇരുപത്തിനാല് വരെയുമുള്ള വാക്യങ്ങളില്‍ നിന്നും.

ഇനി മാര്‍ഗ്ഗംകളി പാട്ട്, പരിചമുട്ടുകളി പാട്ട് എന്നിവയെക്കുറിച്ച് എന്തെങ്കിലും അറിയണമെങ്കില്‍ ദാ ഇവിടെ നോക്കുക.

Sunday, July 6, 2008

അശ്വത്ഥാമാ ഹത:

കഴിഞ്ഞദിവസം കിട്ടിയ കത്തില്‍‌നിന്ന് അച്ചാച്ചന്‍‌ വക ഒരു മഹാഭാരത കഥ.

അച്ഛന്‍ ഇങ്ങനെ എഴുതി:

ഹിന്ദു പുരാണ കഥകള്‍ ധാരാളം പറയുകയും ചര്‍ച്ച ചെയ്യുകയും പതിവുണ്ടായിരുന്നു. സര്‍വ്വീസില്‍ ഇരുന്നപ്പോള്‍ കുളനട സ്വദേശി വാസുദേവക്കുറുപ്പ്‌ സാര്‍, പിന്നെ കിഴക്കേതിലെ ജോയി ഇവരുമായിട്ടൊക്കെ കഥകള്‍ കൈമാറുമായിരുന്നു. ഇപ്പോള്‍ മിക്കവാറും എല്ലാം മറന്നുപോയ മട്ടാണ്‌. ചില പ്രധാനകഥാപാത്രങ്ങളുടെ പേരുപോലും മറന്നുപോയി. എങ്കിലും അശ്വത്ഥാമാവിന്റെ കഥ ചുരുക്കി പറയാം. കൗരവ പാണ്ഡവരെ അസ്ത്രവിദ്യകള്‍ പഠിപ്പിച്ച ഒരു ഗുരുവായിരുന്ന ദ്രോണാരുടെ മകനാണ്‌ അശ്വത്ഥാമാവ്‌. കുട്ടിക്കാലത്ത്‌ കഠിനദാരിദ്യം അനുഭവിച്ചിരുന്നു. കുട്ടിക്കാലത്ത്‌ ഒരിക്കല്‍പോലും പാല്‍ കുടിച്ചിട്ടില്ല. ഒരിയ്ക്കല്‍ അരിമാവ്‌ കലക്കിയ വെള്ളം പാല്‍ ആണെന്ന് പറഞ്ഞുകൊടുത്തു കൂട്ടുകാര്‍ പരിഹസിച്ചിട്ടുണ്ട്‌. തന്റെ മകന്റെ കഷ്ടസ്ഥിതിയില്‍ മന:മുരുകി തന്റെ ഒരു പഴയ ശിഷ്യനായ പാഞ്ചാല രാജകുമാരനായ ദ്രുപദന്റ്‌ അടുക്കല്‍ ചെന്ന് സഹായം അഭ്യര്‍ത്ഥിച്ചു. ദ്രുപദന്‍ സഹായിച്ചില്ല എന്ന് മാത്രമല്ല; തന്റെ തുല്യനിലയിലുള്ളവരെ മാത്രമേ താന്‍ പരിഗണിയ്ക്കുകയൊള്ളൂ എന്ന് പറഞ്ഞ്‌ പുശ്ചിക്കുകയും ചെയ്തു. ഇത്‌ കേട്ട്‌ ദ്രോണര്‍ വ്രണഹൃദയനായ്‌ തിരികെ പോന്നു. പിന്നീട്‌ കൗരവ പാണ്ഡവരെ ആയുധവിദ്യ അഭ്യസിപ്പിക്കുന്ന ജോലി ഏറ്റെടുത്തു. പഠനത്തില്‍ അര്‍ജ്ജുനന്‍ വളരെ മുന്‍പനായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. പഠനം കഴിഞ്ഞ്‌ ഗുരുദക്ഷിണ കൊടുക്കുന്ന പതിവുണ്ട്‌. അപ്പോള്‍‌ അര്‍ജ്ജുനനോട്‌ ദക്ഷിണയായി, തന്നെ അപമാനിച്ച ദ്രുപദനെ പിടിച്ചുകെട്ടി തന്റെ കാല്‍ക്കല്‍ കൊണ്ട്‌ ഇടണമെന്ന് ആവശ്യപ്പെട്ടു. അതിന്‍പ്രകാരം അര്‍ജ്ജുനന്‍ ദ്രുപദനെ യുദ്ധത്തില്‍ തോല്‍പിച്ച്‌ പിടിച്ച്‌ കെട്ടി ദ്രോണരുടെ മുന്‍പില്‍ കൊണ്ടു ചെന്നു. ദ്രോണര്‍ കാല്‍ ഉയര്‍ത്തി ദ്രുപദനെ ചവിട്ടുവാന്‍ തുടങ്ങിയപ്പോള്‍ അര്‍ജ്ജുനന്‍ തടഞ്ഞു. യുദ്ധത്തില്‍ പരാജിതനായി തന്റെ കാല്‍ക്കല്‍ കിടക്കുന്ന ദ്രുപദനെ ചവിട്ടുന്നത്‌ അധര്‍മ്മം ആണെന്ന് ഓര്‍മ്മിപ്പിച്ചു.

അപ്പോള്‍ ദ്രോണര്‍ ദ്രുപദനോട്‌: “നീ സമസ്ഥാനീയരോട്‌ മാത്രമേ സഹവസിക്കൂ എന്ന് പറഞ്ഞിട്ടിണ്ടുല്ലോ. ഇപ്പോള്‍ നീ എന്റെ കാല്‍ക്കല്‍ കിടക്കുന്ന അടിമയാണ്‌, പ്രാണനുവേണ്ടി യാചിക്കുന്ന ആള്‍ ആണ്‌“ എന്നൊക്കെ പറഞ്ഞ്‌ ദ്രുപദനെ പരിഹസിച്ച്‌ പറഞ്ഞ്‌ വിട്ടു.

ഭാരതയുദ്ധത്തില്‍ ദ്രോണര്‍ കൗരവപക്ഷത്തായിരുന്നു. ദ്രോണര്‍ സര്‍വ്വസൈന്യാധിപനായി നില്‍ക്കുന്നിടത്തോളം പാണ്ഡവര്‍ പരാജിതരാകും എന്ന് മനസ്സിലാക്കി ദ്രോണരെ വധിക്കാന്‍ ഒരുപായമുപയോഗിച്ചു. കൃഷ്ണന്‍ ആയിരുന്നു ഇതിന്റേയും ഉപദേശകന്‍. ദ്രോണര്‍ക്ക്‌ തന്റെ മകനോടുള്ള വാല്‍സല്യം ഏറെ പ്രസിദ്ധമാണ്‌. മകന്‍ മരിച്ചു എന്ന് കേട്ടാല്‍ ദ്രോണര്‍ യുദ്ധരംഗത്ത്‌ സ്തംഭിച്ചുനിന്നു പോകും, അപ്പോള്‍ അയാളെ വധിക്കാം. സാക്ഷാല്‍ അശ്വത്ഥാമാവിനെ വധിക്കാന്‍ പറ്റുകയില്ല. പകരം കളിമണ്ണുകൊണ്ട്‌ ഒരു ആനയുടെ രൂപം ഉണ്ടാക്കി അതിന്‌ അശ്വത്ഥാമാവ്‌ എന്ന് പേരിടുക. എന്നിട്ട്‌ അതിനെ തല്ലിയുടച്ച ശേഷം അശ്വത്ഥാമാവ്‌ മരിച്ചു എന്ന് ഉറക്കെ വിളിച്ചുപറയുക. ഇതായിരുന്നു കൃഷ്ണന്‍ ഉപദേശിച്ചുകൊടുത്ത ഉപായം. പാണ്ഡവരുടെ കൂട്ടത്തില്‍ സത്യസന്ധന്‍ എന്ന് പേര്‌കേട്ട ധര്‍മ്മപുത്രര്‍ പറഞ്ഞാലേ ദ്രോണര്‍ വിശ്വസിക്കൂ. അതുകൊണ്ട്‌ ധര്‍മ്മപുത്രര്‍ തന്നെ വിളിച്ചുപറയണം. അങ്ങനെ ഒരു ആനയെ ഉണ്ടാക്കി തല്ലിയുടച്ചശേഷം ‘അശ്വത്ഥാമാ ഹത: കുഞ്ജര!’(അശ്വത്ഥാമാവ്‌ എന്ന ആന ചത്തു എന്നര്‍ത്ഥം. കുഞ്ജരം=ആന) എന്ന് പറഞ്ഞു. ‘അശ്വത്ഥാമാ ഹത:‘ എന്നുറക്കെയും ‘കുഞ്ജര‘ എന്ന് പുറത്ത്‌ കേള്‍ക്കാതെ, പതുക്കെയും പറഞ്ഞു. തന്റെ മകന്‍ അശ്വത്ഥാമാവ്‌ മരിച്ചുപോയി എന്ന് കേട്ടയുടനെ, പാണ്ഡവപക്ഷം പ്രതീക്ഷിച്ചതുപോലെ ദ്രോണര്‍ സ്തംഭിച്ചുപോവുകയും, ഈ സമയം നോക്കി അര്‍ജ്ജുനന്‍ അമ്പെയ്ത്‌ ദ്രോണരെ വധിക്കുകയും ചെയ്തു. സത്യസന്ധനെന്ന് പേര്‍ കേള്‍പ്പിക്കുകയും, സ്വന്തം താല്‍പര്യസംരക്ഷണത്തിന്‌ അര്‍ദ്ധസത്യവും, സത്യം വളച്ചൊടിച്ച്‌ പ്രഖ്യാപിച്ച്‌ എതിരാളിയെ തോല്‍പ്പിച്ച്‌ വിജയം നേടുകയും ചെയ്ത ഒരു കഥാപാത്രമാണ്‌ ധര്‍മ്മപുത്രര്‍. ‘ധര്‍മ്മപുത്രര്‍ ചമയേണ്ട‘ എന്നൊരു ശൈലി രൂപപ്പെട്ടിട്ടുള്ളത്‌ മുകളില്‍ വിവരിച്ച സംഭവത്തെ ആസ്പദമാക്കിയാണ്‌.

തന്റെ പിതാവിനെ ചതിയില്‍ വധിച്ച പാണ്ഡവരെ മുഴുവന്‍ വകവരുത്തുമെന്ന് അശ്വത്ഥാമാവ്‌ ശപഥം ചെയ്തു. പാണ്ഡവപക്ഷം താമസിച്ചിരുന്ന കൂടാരങ്ങളില്‍ രാത്രിയില്‍ കയറി ഗര്‍ഭസ്ഥശിശുക്കളടക്കം സ്ത്രീകളെയും മുതിര്‍ന്നവരേയും മുഴുവനും കൊന്നു നശിപ്പിച്ചു. എന്നാല്‍ പാണ്ഡവരെ വേറെ ഒരു സ്ഥലത്ത്‌ മാറ്റി പാര്‍പ്പിച്ചിരുന്നതുകൊണ്ട്‌ (അതും കൃഷ്ണന്റെ ഒരു തന്ത്രമായിരുന്നു) അവരെ കൊല്ലാന്‍ സാധിച്ചില്ല. സ്തീകളെയും കുട്ടികളേയും ഉറക്കത്തില്‍ കൊന്ന് നശിപ്പിച്ച അശ്വത്ഥാമാവ്‌ ഒരു നീചകഥാപാത്രമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. പ്രതികാരദാഹം മൂത്ത്‌ ഏത്‌ ദുഷ്‌കൃത്യവും ചെയ്യാന്‍ മടിക്കാത്ത ഇയാളെ ഏഴ്‌ ചിരംജീവികളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നു. ബാക്കി ആറുപേരും ഉത്തമ കഥാപാത്രങ്ങള്‍ ആണ്‌.

Thursday, May 15, 2008

മ്യൂച്ചല്‍‌ അണ്ടര്‍‌സ്റ്റാന്‍ഡിംഗ്

"എത്രനാളായ് ഞാന്‍ പറയുന്നു, എനിയ്ക്കിത്തിരി പായസം ഉണ്ടാക്കി തരാന്‍."

"ഉം. മധുരം കുറെ കുറച്ച് കഴിച്ചാല്‍ മതി. ഷുഗര്‍‌ ഇപ്പഴേ നിയന്ത്രിച്ചാല്‍ കുറെക്കാലംകൂടി അതിന്റെ പിടിയില്‍‌നിന്ന് രക്ഷപെട്ട് നില്‍‌ക്കാം."

"നിനക്കെന്നോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കില്‍ ഒരു പായസം ഉണ്ടാക്കി താ."

"ഉണ്ടാക്കി തരാം. പക്ഷെ ഒരു നിബന്ധന."

"അതെന്താ?"

"അതില്‍ മധുരം ചേര്‍‌ക്കില്ല."

ഒരു നിമിഷം ചിന്തിച്ചു. ഉണ്ടാക്കി തരാ‍മെന്ന് സമ്മതിച്ചല്ലോ. സ്നേഹമുണ്ടെങ്കില്‍ പിന്നെന്തിന് മധുരം വേറേ?

“ഓകെ. മധുരം ചേര്‍ക്കാത്ത പായസം മതി.“

അല്‍‌പസമയത്തിനുള്ളില്‍ പഞ്ചസാരയുടെ മധുരം ചേര്‍ക്കാത്ത എന്നാല്‍ മറ്റെല്ലാ ചേരുവയും ഒത്തു ചേര്‍ന്ന ഒന്നാന്തരം സേമിയ പായസം ഇതാ റെഡി.

ഇതിനെയാണോ മ്യൂച്ചല്‍‌ അണ്ടര്‍‌സ്റ്റാന്റിംഗ് എന്ന് പറയുന്നത്?

കുടുംബജീവിതത്തില്‍ പരസ്പരധാരണ വേണം എന്ന് ഒരാള്‍ പ്രസംഗിച്ചപ്പോള്‍ എനിയ്ക്ക് ഓര്‍മ്മവന്ന ഒരു സന്ദര്‍ഭമാണ് മുകളില്‍ വിവരിച്ചത്.

Monday, April 14, 2008

ക്ലെപ്ടൊമാനിയ

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കൂടെ പഠിച്ച ഒരു സഹപാഠിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്കിടയില്‍ കടന്നുവന്നതാണ് ഇനിപറയാന്‍ പോകുന്ന കാര്യം.

റിലീസ്‌ ചെയ്യുന്ന ദിവസം തന്നെ മിക്കവാറും സിനിമകള്‍ കാണുന്നവന്‍, പഠിത്തത്തില്‍ കാര്യമായ ഉഴപ്പില്ലാത്തവന്‍, കോമണ്‍വെല്‍ത്ത്‌ രാജ്യക്കാരുടെ കളിയായ ക്രിക്കറ്റിനെ എനിയ്ക്ക്‌ പരിചയപ്പെടുത്തിയവന്‍, ഗബ്രിയെല സബാറ്റിനി, മാര്‍ട്ടിന, സ്റ്റെഫി, മേരി പിയേഴ്സ്‌, ജിമ്മി കൊണേഴ്സ്‌, ക്രിസ്‌ എവെര്‍ട്ട്‌, ആര്‍തര്‍ആഷ്‌, ബോറിസ്‌ ബെക്കര്‍, ജോണ്‍ മക്‌ന്‍റോ.... തുടങ്ങിയ പഴയകാല ടെന്നീസ്‌ താരങ്ങളെക്കുറിച്ച്‌ വായ്‌ തോരാതെ സംസാരിക്കുന്നവന്‍, പത്തിരുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ റെയ്മണ്ട്സ്ന്റെ നിരവധി കളസങ്ങളുടെ കളക്ഷനുള്ളവന്‍ (അതായത്‌ കയ്യില്‍ കാശിന്‌ എപ്പോഴും പഞ്ഞമില്ലാത്തവന്‍ എന്നര്‍ത്ഥം), അങ്ങനെ പലതിലും ഞാന്‍ പ്രത്യേകത കണ്ടിട്ടുള്ള എന്റെ ഒരു കോളേജ്‌ സഹപാഠി‍. സ്പോര്‍ട്സ്‌സ്റ്റാര്‍ മാഗസിന്‍ പുറത്തിറങ്ങുന്ന‌ എല്ലാ മാസത്തിന്റേയും ആദ്യവാരത്തില്‍ തന്നെ അവന്‍ അടുത്തുള്ള ഒന്ന് രണ്ട്‌ പുസ്തകശാല സന്ദര്‍ശിക്കാന്‍ ഈയുള്ളവനെക്കൂടി വിളിക്കും. അന്നേ ദിവസം അവന്‍ കളസത്തിന്‌ പകരം മുണ്ടായിരിക്കും ധരിച്ചിരിക്കുന്നത്‌. ഞങ്ങള്‍ രണ്ടുംകൂടി പല പുസ്തകങ്ങള്‍, ആഴ്ചപതിപ്പുകള്‍, മാസികകള്‍ എല്ലാം മറിച്ച്‌ നോക്കിയതിനുശേഷം വായിക്കാന്‍ ഒന്നും ഇല്ല എന്ന് ഉറക്കെ പറഞ്ഞു പുറത്തേക്ക് കടക്കും. ചിലപ്പോഴൊക്കെ മറ്റെന്തെങ്കിലും സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങി തിരികെ കോളേജിലേക്ക്‌ വരും. പകുതി വഴിയെത്തുമ്പോള്‍ അവന്‍‍ മുണ്ടിനുള്ളില്‍നിന്ന് ഒരു മാസിക പുറത്തെടുത്ത്‌ എന്നെ കാണിക്കും. അത്‌ അവന്‌ ഏറ്റവും ഇഷ്ടപ്പെട്ട സ്പോര്‍ട്സ്‌ സ്റ്റാര്‍!!! ഈ സ്പോര്‍ട്സ്‌ സ്റ്റാര്‍ ചൂണ്ടല്‍ കലാപരിപാടി മാസങ്ങളോളം തുടര്‍ന്നിരുന്നു.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം എന്റെ അച്ഛനുമായി ഈ കാര്യം സംസാരിച്ചപ്പോള്‍ ഇത്തരം സ്വഭാവവിശേഷമുള്ളവരെ ക്ലെപ്റ്റോമാനിയാക്‌ (Kleptomaniac) എന്ന് വിളിക്കുമത്രേ. അതായത്‌, ഭൗതികനേട്ടത്തിനോ അല്ലാതെ, മോഷണത്തിലൂടെ ആത്മസംതൃപ്തി നേടുന്ന മാനസികാവസ്ഥയുള്ളവര്‍. സാധാരണ സിനിമാ നടി/നടന്മാരിലാണ്‌ ഇത്തരം പ്രത്യേകത കൂടുതല്‍ കണ്ടുവരുന്നതത്രേ..??? എന്തായാലും ക്ലെപ്ടോമാനിയ എന്ന വാക്ക്‌ എനിയ്ക്ക് മനസ്സിലായത് അവനിലൂടെ ആണ്‌.

Friday, March 28, 2008

വിളിച്ചുകൊണ്ടേയിരിക്കൂ ((..))

അരി - 1കിലോ
പഞ്ചസാര - ½കിലോ
കാപ്പിപൊടി - 100ഗ്രാം
വെളിച്ചെണ്ണ - 500മി.ലി.
കടുക് - 50ഗ്രാം
പിന്നെ, 350രൂപയുടെ ഒരു റീ-ചാര്‍‌ജ്ജ് കാര്‍‌ഡുംകൂടി..!!

നാട്ടിലെ ഒരു കടയില്‍നിന്നും കേട്ട സംഭാഷണം ഇവിടെ പകര്‍ത്തിയതാ. ദിവസക്കൂലിയ്ക്ക് ജോലിചെയ്യുന്ന ഒരു സാധാരണ തൊഴിലാളി, അവന്‌ അത്യാവശ്യം വേണ്ടുന്ന സാധനങ്ങള്‍ വാങ്ങാന്‍ ചിലവിടുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ രൂപയാണ് മൊബൈല്‍‌ഫോണ്‍ റി-ചാര്‍‌ജ്ജ് ചെയ്യാന്‍ ചിലവിടുന്നത് എന്ന് തോന്നിപ്പോയി..!!!

ചിലപ്പോള്‍ ഇത് ഒരൊറ്റപ്പെട്ട സംഭവമായിരിക്കാം!

ഈ സംഭവത്തില്‍‌ വില്‍പ്പനക്കാരനുതന്നെ കൌതുകം തോന്നിയതുകൊണ്ടാണ് എന്നോട് പറയാന്‍ കാരണം. കേട്ടപ്പോള്‍ എനിയ്ക്കും തോന്നി ഇത് ഒരു പോസ്റ്റാക്കാന്‍!

Tuesday, March 25, 2008

ആരാച്ചാരോടൊപ്പം ഒരുദിവസം - അവസാന ഭാഗം

ആദ്യഭാഗം വായിക്കാത്തവര്‍ക്കായി ഇതാ ഇവിടെ.

ആരാച്ചാര്‍ എന്ന്‌ കേള്‍ക്കുമ്പോള്‍ സാധാരണ നമ്മള്‍ പ്രതീക്ഷിക്കുന്ന ഭീകരമുഖമോ, ക്രൗര്യം നിറഞ്ഞ നോട്ടമോ ഒന്നും അല്ല അഹ്മ്മദ്‌ രസഖ്‌ള്ളയ്ക്കുള്ളത്. പിന്നയോ, ആത്മവിശ്വാസവും, സന്തോഷം നിറഞ്ഞ മുഖം. അതോടൊപ്പം സംസാരിക്കുമ്പോള്‍ ചെറിയൊരു പുഞ്ചിരിയും അദ്ദേഹത്തിന്റെ മുഖത്ത്‌ സദാ കാണാം. അതാണ്‌ ഞാന്‍ മിക്കവാറും കണ്ടിട്ടുള്ള ആരാച്ചാരുടെ ജോലി ചെയ്യുന്ന "അഹ്മ്മദ്‌ രസഖ്‌ള്ള".

ഏകദേശം ഇരുപത്തിയഞ്ച്‌ വര്‍ഷം മുന്‍പ്‌ ആരാച്ചാര്‍ തസ്തികയിലേക്ക്‌ സൌദി അറേബ്യന്‍ ഗവണ്‍മന്റ്‌ ആളുകളെ തേടിയിരുന്നു. അന്ന്‌ രസ്ഖള്ളയ്ക്ക്‌ ഇരുപത്‌ വയസ്സ്‌ പ്രായം!!! ഒരു തമാശയ്ക്കെന്നോണം അതിന്‌ അദ്ദേഹം അപേക്ഷിക്കുകയും പിന്നീട്‌ ഒരു നിയോഗമായി ഈ തൊഴില്‍ തിരഞ്ഞെടുക്കുകയും ചെയ്തുവത്രേ. കോടതി വിധിക്കുന്ന വധശിക്ഷ നടപ്പിലാക്കണം. അതാണ് രസ്ഖള്ളയുടെ ജോലി!!

അഹ്മ്മദ്‌ രസ്ഖള്ള ചെയ്യുന്ന ആരാച്ചാര്‍ ജോലിസംബന്ധമായ ചില വിശേഷങ്ങള്‍ ഇതാ:

"വധശിക്ഷ നടപ്പിലാക്കുന്നതിന്‌ മുന്‍പ്‌ മിക്കപ്പോഴും ഞാന്‍ മിക്കവാറും ആപത്ത്‌ നേരിട്ടവരുടെ കുടുംബാംഗങ്ങളുടെ വീട്ടില്‍ പോകാറുണ്ട്. എന്തിനെന്നാല്‍ അവര്‍‌ മാപ്പ്‌ നല്‍കി കുറ്റവാളിയ്ക്ക്‌ തന്റെ തെറ്റ്‌ മനസ്സിലാക്കി പുതിയൊരു ജീവിതവുമായി മുന്നോട്ട്‌ പോകുന്നതിന്‌ പ്രേരിപ്പിക്കുവാന്‍. അല്ലെങ്കില്‍ അവര്‍ ആവശ്യപ്പെടുന്ന തുക (Blood Money) നല്‍കി വധശിക്ഷ പിന്‍വലിക്കാന്‍. ചിലപ്പോഴൊക്കെ വധശിക്ഷ നടപ്പിലാക്കുന്നതിന്‌ തൊട്ട്‌മുന്‍പ്‌ അങ്ങനെയൊക്കെ സംഭവിക്കാറുണ്ട്‌. വധശിക്ഷയില്‍നിന്നും വിടുതല്‍ കിട്ടുമ്പോഴുള്ള സന്തോഷത്തിന്റേയും ആഹ്ലാദത്തിന്റെയും പ്രകടനങ്ങള്‍ വാക്കാല്‍‌ വര്‍ണ്ണിക്കാന്‍ വളരെ പ്രയാസം."

രസ്ഖള്ള പറയുന്നത്‌, വധശിക്ഷയ്ക്ക്‌ തടസ്സമോ, താമസ്സമോ വരാത്തവിധത്തില്‍ അതിന്‌ വിധേയരാകേണ്ടിവരുന്നവരുടെ അവസാനത്തെ ആഗ്രഹം കഴിവതും നടത്തികൊടുക്കാറുണ്ട്‌ എന്നാണ്‌. മിക്കവാറും പേര്‍ക്ക്‌ അവസാ‍നമായി ഒന്ന് പ്രാര്‍ത്ഥിക്കാന്‍ ആണ്‌ ആഗ്രഹം.
ശിരഛേദം ചെയ്യാന്‍ ഉപയോഗിക്കുന്ന വാളിന്റെ മൂര്‍ച്ച വളരെ പ്രധാനമാണ്‌. അതിന് നല്ല ബലവും ഉണ്ടായിരിക്കണം. അതുപോലെ തന്നെ ആരാച്ചാരുടെ മനോധൈര്യവും, തന്റെ പ്രവൃത്തി എന്തിനുവേണ്ടി ചെയ്യുന്നു എന്നുള്ള ബോധവും വേണം. സ്ത്രീകളെയും പുരുഷന്‍മാരേയും ഉള്‍പ്പടെ ഏകദേശം മുന്നൂറോള്ളംപേരുടെ വധശിക്ഷ ഇതിനോടകം അദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്‌. രണ്ട്‌ കുട്ടരേയും വധിക്കുന്ന രീതിയില്‍ കാര്യമായ വ്യത്യാസം ഒന്നും ഇല്ലെന്നാണ്‌ രസ്ഖള്ളയുടെ വെളിപ്പെടുത്തല്‍.

ഇവിടെയുള്ള സ്ത്രീകള്‍ പൊതുവെ മന:ശക്തിയില്ലാത്തവര്‍ എന്നാണ്‌ സാധാരണയായി ആളുകള്‍ കരുതുന്നത്‌. എന്നാല്‍ രസ്ഖള്ള പറയുന്നത്‌ നേരെ തിരിച്ചാണ്‌. മിക്ക പുരുഷന്‍മാരും അവര്‍ക്കുള്ള ഈ കടുത്ത ശിക്ഷ കേള്‍ക്കുമ്പോള്‍ തന്നെ തളര്‍ന്ന് പോകും. ഇനി ചിലപ്പോള്‍ ശിക്ഷാവിധി നടപ്പിലാക്കുന്നതില്‍നിന്ന് അവസാന നിമിഷം മോചനം കിട്ടിയാലും അങ്ങനെയൊക്കെ സംഭവിക്കും. അല്ലെങ്കില്‍ ഭ്രാന്ത്‌ പിടിക്കും. എന്നാല്‍ ഭൂരിഭാഗം സ്ത്രീകള്‍ക്കും യാതൊരും ഭാവഭേദവും ഉണ്ടാകാറില്ല.
വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വധശിക്ഷയ്ക്ക്‌ വിധേയയാകേണ്ട ഒരു സ്ത്രീയ്ക്ക്‌ ശിക്ഷ നടപ്പിലാക്കേണ്ട അവസാനമുഹൂര്‍ത്തത്തില്‍ അതില്‍നിന്നും മോചനം ലഭിച്ചു. എന്നാല്‍‌ ഈ വാര്‍ത്തയറിഞ്ഞപ്പോള്‍‌ ആ സ്ത്രീയ്ക്ക്‌ യാതൊരും ഭാവഭേദവും ഉണ്ടായില്ല. അവര്‍ വളരെ ശാന്തമായി ജയിലിനുള്ളില്‍ ഉപയോഗിക്കുന്ന കാറിനുള്ളില്‍ കയറിയിരുന്നു. ഇത്തരം അവസ്ഥ ഒരു പുരുഷനാണ്‌ സംഭവിച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായും അവന്‌ ഹൃദയാഘാതം വന്നേനെ എന്ന്‌ രസ്ഖള്ള. അദ്ദേഹം ശിക്ഷ നടപ്പിലാക്കിയിട്ടുള്ള മിക്ക സ്ത്രീകളും ശക്തകളും, നല്ല മന:ധൈര്യം ഉള്ളവരും ആയിരുന്നു. വിഷമഘട്ടത്തില്‍ സ്ത്രീകള്‍ക്കാണ് പുരുഷന്‍മാരേക്കാള്‍ കുടുതല്‍ കരുത്തും സഹനശക്തിയും എന്ന്‌ രസ്ഖള്ളയുടെ ഭാഷ്യം.

ഇത്തരം ഒരു ജോലി തെരെഞ്ഞെടുത്തതുകൊണ്ട്‌ അതിന്റേതായ ചില ഭവിഷ്യത്തുകളും രസ്ഖള്ളയ്ക്ക്‌ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്‌. പലരും അദ്ദേഹവുമായി വലിയ സംസര്‍ഗ്ഗം കാണിക്കാന്‍ ആഗ്രഹിക്കുന്നില്ല. തിരിച്ചറിയാവുന്നവര്‍ ‍തന്നെ ഏതോ ഒരു അന്യഗൃഹ ജീവിയായി കാണുന്നു. പാര്‍ട്ടികളിലും മറ്റും അഹ്മ്മദ് രസ്ഖള്ളയെ തിരിച്ചറിയാത്തവര്‍ അടുത്ത്‌ വന്നിരിക്കും. എന്നാല്‍ കുശലം പറഞ്ഞ്‌ അടുത്ത്‌ കൂടി, തന്റെ ജോലി എന്താണെന്ന് അറിയുമ്പോള്‍ പെട്ടെന്നുതന്നെ എങ്ങനെയെങ്കിലും അകന്ന് പോകാന്‍ ആയിരിക്കും അടുത്ത ശ്രമം.

"എനിയ്ക്ക്‌ എല്ലാവരുമായും സംസാരിക്കുന്നതും അവരോടൊക്കെ ഇടപഴകുന്നതും വളരെ ഇഷ്ടമാണ്‌. എന്നാല്‍ മറുഭാഗത്തുനിന്നും അങ്ങനെയൊരു സ്ഥിതിയില്ലാത്തതിനാല്‍ ചെറിയ വിഷമമുണ്ട്‌. അതിനാല്‍ തന്റെ ഒഴിവുസമയം കൂടുതലും കുടുംബാംഗങ്ങളോടൊപ്പം ചെലവിടാനാണ്‌ അഹ്മ്മദ് രസ്ഖള്ളയ്ക്ക്‌ താല്‍പര്യം. അവരെങ്കിലും എന്നെ നന്നായി മനസ്സിലാക്കുന്നുണ്ടല്ലോ."

അഹ്മ്മദ് രസ്ഖള്ളയ്ക്ക്‌ രണ്ട്‌ ആണ്‍ മക്കളാണ്‌ ഉള്ളത്‌. എന്തായാലും തന്റെ മക്കള്‍ ഈ പാത പിന്തുടരുന്നതിനോട്‌ അദ്ദേഹത്തിന് തീരെ യോജിപ്പില്ല. അവര്‍ നന്നായി പഠിച്ച്‌ വേറെ എന്തെങ്കിലും ജോലി നോക്കട്ടെ എന്നാണ്‌ രസ്ഖള്ളയുടെ ആഗ്രഹം.

ഇത്രയുമൊക്കെ അറിഞ്ഞപ്പോള്‍ എനിയ്ക്ക്‌ അദ്ദേഹത്തിനോട്‌ മുന്‍പുണ്ടായിരുന്ന പേടിയൊക്കെ പോയി. പിന്നീട്‌ അദ്ദേഹത്തെ കണ്ടുമുട്ടാറുണ്ടായിരുന്ന കമ്പനിയില്‍‍നിന്ന് നാലുവര്‍ഷം മുന്‍പ്‌ ഞാന്‍ വിരമിച്ചിരുന്നു. അതിനുശേഷം ഒരിക്കല്‍ മാത്രം ഏതോ ട്രാഫിക്‌ സിഗ്നല്‍ കാത്തുകിടക്കുംവേളയില്‍ അദേഹത്തെ കാറില്‍ വച്ച്‌ കണ്ടിരുന്നു. അപ്പോള്‍ പരസ്പരം അഭിവാദ്യം ചെയ്ത്‌ എന്തെങ്കിലും പറയാന്‍ തുടങ്ങുമ്പോഴേക്കും സിഗ്നല്‍ തെളിഞ്ഞു. ഞങ്ങള്‍ ഇരുവരും അവരവരുടെ വഴിയ്ക്ക് യാത്രയായി.

Tuesday, March 11, 2008

ഇന്ത്യയുടെ മുഖം (ഫോട്ടോ പോസ്റ്റ്)

ഏതോ ആവശ്യത്തിന്‌ വീടിന്റെ ആധാരം (വീട്ടുടമസ്ഥനുമായുള്ള വാടകക്കരാര്‍) തപ്പിയപ്പോള്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന എന്റെ ആര്‍കൈവ്‌സില്‍ നിന്നും കിട്ടിയതാണ്‌ ഈ ഫോട്ടോ. ഏഴ്‌ വര്‍ഷം മുന്‍പ്‌ ഗള്‍ഫിലെ ഒരു പ്രമുഖ ദിനപത്രത്തിന്റെ മുഖപേജില്‍‌ വന്ന ഈ ഫോട്ടോ, കോപ്പിയെടുത്ത്‌ (അന്ന് സ്കാന്‍ ചെയ്ത്‌ സൂക്ഷിക്കാനുള്ള സൗകര്യം കിട്ടിയില്ല.) ഇതുവരെ സൂക്ഷിച്ചിരുന്നു.

വിദേശമാധ്യമങ്ങള്‍, നമ്മുടെ രാജ്യത്തെയും ജനങ്ങളേയും, ഏറെക്കുറെ ഏത്‌ തരം വീക്ഷണകോണിലൂടെയാണ്‌ കാണുന്നത്‌ എന്നറിയാന്‍ ഈ പടം ഒരു ഉദാഹരണം മാത്രം.

Monday, March 10, 2008

ഗര്‍ഭവും ജോലിയും

അന്നൊരു ഉച്ചസമയത്ത്‌, എന്റെ ഫോണ്‍ പതിവില്ലാതെ നിലവിളിച്ചുകൊണ്ടേയിരുന്നു.

ദൈവമേ! ബെറ്റി മൈ ബെറ്റര്‍ ഹാഫ്‌ ആണല്ലോ. എന്താണാവോ ജോലിയ്ക്കിടയില്‍ ഇത്രയധികം നിലവിളി? ജോലിയോട്‌ അനുബന്ധിച്ച്‌ എന്തെങ്കിലും ഇന്റര്‍നെറ്റില്‍ നിന്ന് തപ്പി ഇപ്പൊ പറയാന്‍ ആയിരിക്കും. അല്ലെങ്കില്‍ ഏതെങ്കിലും വാക്കിന്റെ സ്പെല്ലിംഗ്‌ അറിയാന്‍. തീര്‍ച്ച.

"അതേയ്‌, മെഡിക്കല്‍ ഡയറക്ടറെ മുഖം കാണിക്കാന്‍‌ വിളിപ്പിച്ചിരിക്കുന്നു"
"ചെല്ല്.. ചെല്ല്.. ഡയറ്ററി & നുട്രീഷ്യനെക്കുറിച്ച്‌ പ്രസന്റേഷന്‍ അവതരിപ്പിച്ചതിന്‌ വിളിച്ച്‌ അനുമോദിക്കാനായിരിക്കും!" “ഓ! അതൊക്കെ നേരത്തെ കഴിഞ്ഞതാ”.

“യെന്നാപ്പിന്നെ..? എന്തായാലും സമയം കളയാതെ ചെല്ലക്കിളി ചെല്ല്..“

അല്‍പ്പം സമയം കഴിഞ്ഞ് അവള്‍ വീണ്ടും വിളിച്ചു. ഇത്തവണ ശരിക്കുള്ള നിലവിളിയായിരുന്നു.

"ഉം?"

"എല്ലാം പോയി! ജോലി പോയി"

ആത്മഗതം: ദൈവമേ, വൈകുന്നേരം ടിഡാ വാങ്ങുന്നതിനായ് പൂരിപ്പിച്ച ലോണ്‍ അപേക്ഷ കയ്യില്‍.

"ജോലി പോകാനുള്ള കാരണം?"

"ഗര്‍ഭിണിയായിരിക്കെ ഇവിടെ ജോലി ചെയ്യാന്‍ പറ്റില്ലത്രേ. വീട്ടില്‍ പോയി വിശ്രമിച്ചോളാന്‍."

"ഓ അതാണോ കാര്യം. ജോലി പോയെങ്കില്‍‌ പോകട്ടെ. ഇനിയിപ്പം ജോലിയ്ക്ക്‌ വേണ്ടി ഗര്‍ഭം പോകട്ടെ എന്ന് വയ്ക്കാന്‍ പറ്റുമോ!"

Wednesday, March 5, 2008

പാവാടത്തുമ്പിലെ വിസ്മയം

കഴിഞ്ഞ രാത്രിയില്‍, ഉറങ്ങാന്‍ കിടന്നപ്പോഴാണ്‌ യാദൃച്ഛികമായ്‌ ഞാന്‍ അത്‌ ശ്രദ്ധിച്ചത്‌.
മറ്റൊന്നുമല്ല, ഭാര്യയുടെ പാവാടയില്‍‍നിന്നും ചെറിയ ചെറിയ ചില മിന്നല്‍പ്രകാശങ്ങള്‍!
ഇത് എന്റെ വെറും തോന്നല്‍‌ മാത്രം ആണോ?
അല്ലെന്ന് ഉറപ്പ് വരുത്താന്‍‌ ഭാര്യയോട്‌ പറഞ്ഞപ്പോള്‍, അവളും ആ മിന്നല്‍ പ്രകാശം കണ്ടു എന്ന് പറഞ്ഞു.
ങേ? ഇതെന്ത്‌ മായാജാലം!.
തുണിയുടെ തിളക്കമാണോ? അല്ല.
പുറത്ത്‌ നിന്നുള്ള ഏതെങ്കിലും വെളിച്ചമാണോ? അല്ലേയല്ല.
പിന്നെ?
തുണി അനങ്ങുമ്പോള്‍ മാത്രമായിരുന്നു ഈ പ്രതിഭാസം.
പിന്നിട്‌ അതങ്ങോട്ട്‌ ആവര്‍ത്തിച്ചുമില്ല.
അല്പനേരം അതിനെക്കുറിച്ച്‌ ആലോചിച്ചപ്പോഴാണ്‌, യുറേക്കാ.....!!!!!
“സ്റ്റാറ്റിക്‌ വൈദ്യുതി!“
ഇനിയും ഇതിനെക്കുറിച്ച്‌ കൂടുതലായി എന്തെങ്കിലും അറിയണമെന്നുണ്ടെങ്കില്‍, ദാ ഇവിടെ.

Saturday, January 5, 2008

ഗൃഹനാഥന്റെ(?) സ്ഥാനം

വളരെനാളുകളായി എന്തെങ്കിലും ഒന്ന് പോസ്റ്റിയിട്ട്‌ എന്നോര്‍ത്തപ്പോഴാണ്‌, മേശപ്പുറത്ത്‌ കിടന്ന ഒരു കടലാസ്‌ ശ്രദ്ധിച്ചത്‌. എന്നാല്‍പ്പിന്നെ അത്‌ തന്നെയാകട്ടെ എന്ന് വച്ചു.

കമ്പനിയുടെ ഓപ്പറേഷന്‍ മാനേജര്‍ ആണ്‌ ഇംഗ്ലീഷുകാരനായ Mr. Allan Jones.
അദ്ദേഹം പറയുന്നതൊക്കെ എനിയ്ക്ക്‌ മനസ്സിലാകുന്നുണ്ടെന്ന് തോന്നിപ്പിക്കാനായ്‌, ജിജ്ഞാസ നിറഞ്ഞ കണ്ണുകളുമായി അദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നോക്കി തലയാട്ടുകയും, പിന്നെ കൂടെ കുടെ ചിരിക്കുകയും, ഇടയ്ക്കൊക്കെ പരസ്പര-ബന്ധമില്ലാതെ Yes, No എന്നൊക്കെ പറയുകയും കൂടി ചെയ്യുന്നതിനാല്‍, കിളവന്‍ അടുത്തെങ്ങാനും വന്നാല്‍ കുറെ സമയം കൊണ്ടേ പോകൂ.

കഴിഞ്ഞ ദിവസത്തെ ഒരു സംഭാഷണത്തിനിടയില്‍ വീട്ടിലെ അദ്ദേഹത്തിന്റെ സ്ഥാനം കാണിക്കാനായി വരച്ച ഗ്രാഫാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌. 'One picture is worth a thousand words' എന്നതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.