Wednesday, May 27, 2009

എന്റെ കേരളം, എത്ര സുന്ദരം!

എന്റെ ദൈനംദിന ചിന്തയില്‍, നമ്മുടെ കേരളത്തില്‍ അത്യാവശ്യം വേണ്ടുന്ന ചില മാറ്റങ്ങളെക്കുറിച്ച് ദാ ഇവിടെ എഴുതുന്നു. ഇവയൊക്കാളുപരിയായ് വേറേ ചിലകാര്യങ്ങള്‍ ആണ് ആദ്യം വേണ്ടുന്നതെന്നോ, ഇനി ഇതൊക്കെ പൂര്‍‌ത്തീകരി‍ക്കാന്‍ ധാരളം പണം വേണമെന്നോ എന്നൊന്നും എനിക്കറിയില്ല. എന്തായാലും എന്റെ ചിന്തകളില്‍ ചിലതെങ്കിലും ഇവിടെ പ്രാവര്‍ത്തികമായി നമ്മുടെ കേരളം ഇന്ത്യയ്ക്ക് ഒരു മാതൃകയായി എന്ന് വെറുതെ മോഹിക്കുവാന്‍ ഒരു മോഹം.

1. റോഡുകള്‍:- പ്രധാന റോഡുകള്‍ക്ക് സമാന്തര സംവിധാനം വേണം. അതുപോലെ ലിങ്ക് റോഡുകളും വേണം. പ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍‌വേ, ട്രാം എന്നിവ വേണം. ട്രാഫിക് സംവിധാനം വളരെയധികം മെച്ചപ്പെടണം. റോഡുകളുടെ മെയിന്റനന്‍സ് ത്വരിതഗതിയില്‍ നടത്തണം. നോ കോമ്പ്രമൈസ്.

2. പോലീസ് സംവിധാനം:- പോലീസുകാര്‍‌ക്ക് മെച്ചപ്പെട്ട വേതനം, ഭക്ഷണക്രമം, ആരോഗ്യം, കായികം, വിദ്യാഭ്യാസ ക്ഷമത വേണം. അതോടൊപ്പം തന്നെ അവരുടെ സേവനരീതിയും കാര്യമായി മെച്ചപ്പെടണം. വനിതാ പോലീസുകാരുടെ ശാരീരിക ക്ഷമത, ഡ്രസ്സ് കോഡ് എന്നിവ മെച്ചപ്പെടുത്തണം മുടി ക്രോപ്പ് ചെയ്യണം. പാന്റ്സും ഷര്‍ട്ടും ധരിക്കണം. ആധുനിക ആയുധ, വാ‍ഹന, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വേണം. എല്ലാ പഞ്ചായത്തിലും ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് സംവിധാനം വേണം. കേരളാ പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രശ്നബാധിതപ്രദേശങ്ങളില്‍‌ എത്രയും വേഗം എത്തിച്ചേരാന്‍ ഹെലികോപ്റ്റര്‍ വേണം.

3. വൈദ്യുതി:- വളരെ കുറഞ്ഞ നിരക്കില്‍ നിര്‍വിഘ്നം കിട്ടുന്ന വൈദുതി ഏത് മുക്കിലും മൂലയിലും എത്തപ്പെടണം. നോ കോമ്പ്രമൈസ്. വിതരണത്തില്‍ ഭൂമിക്കടിയില്‍ക്കൂടിയുള്ള കേബിള്‍ സംവിധാനം വേണം. നഗരങ്ങളിലും പൊതുസ്ഥലങ്ങളിലും രാത്രിയിലുടനീളം നല്ല വെളിച്ചം വേണം.

4. അരി, പച്ചക്കറി, പാല്‍ (പച്ചക്കറികളും പാലും, പാലുല്‍പ്പന്നങ്ങള്‍ കൊണ്ട് ഒഴുകുന്ന നമ്മുടെ കൊച്ചു കേരളം!) എന്നിവയില്‍ സ്വയം‌പര്യാപ്തത ഉണ്ടാവണം. ഇതിന് എല്ലാ വാര്‍ഡുകള്‍ തോറും ഗവണ്മെന്റ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനം വേണം.

5. പൊതുജനാരോഗ്യം:- ആരോഗ്യ രംഗത്തെ ജോലിക്കാരുടെ സേവനവേതനം പരിഷ്ക്കരിക്കണം. പ്രൈവറ്റ് പരിശോധന നിര്‍ത്തലാക്കണം. പുതിയതായ് പഠിച്ചിറങ്ങുന്നവര്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷത്തെക്കെങ്കിലും നിര്‍ബന്ധ സേവനം നടപ്പിലാക്കണം. ജനങ്ങള്‍ക്ക് മെഡിക്കല്‍ പരിരക്ഷ നിര്‍ബന്ധം. നോ കോമ്പ്രമൈസ്.

6. പ്രധാന നിരത്തുകളില്‍ നടത്തുന്ന പ്രകടനങ്ങള്‍, ജാഥ, മതപരമായ റാലി എന്നിവയ്ക്ക് നിരോധനം വേണം. പണിമുടക്ക്, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയ്ക്ക് കര്‍ശനമായ നിയന്ത്രണം വേണം. അതിനായ് ബന്ധപ്പെട്ടവരുടെ കയ്യില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. നോ കോമ്പ്രമൈസ്.

7. എല്ലാ തിരക്കുള്ള സ്ഥലങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വളരെ വൃത്തിയുള്ള ശൌച്യാലയങ്ങള്‍ വേണം.

8. പരസ്യപ്രചരണ സംവിധാനം പുനരാവിഷ്ക്കരിക്കണം. ഈ കാര്യത്തില്‍ പൊതുസ്ഥലങ്ങള്‍ ദുരുപയോഗപ്പെടുത്തന്നത് തടയണം.

9. സ്കൂള്‍ പാഠ്യപദ്ധതി പുന:പരിഷ്ക്കരിക്കണം. സ്കൂള്‍ സമയം, അവധി ദിവസങ്ങള്‍ എന്നിവയില്‍ മാറ്റം വരുത്തണം. സ്കൂളുകള്‍, കോളേജുകള്‍ എന്നിവയ്ക്കെല്ലാം സ്വന്തമായി വാഹനങ്ങള്‍ ഉണ്ടായിക്കോട്ടേ. അവയെല്ലാം പെട്ടന്ന് തിരിച്ചറിയുന്ന വിധത്തില്‍ ആയിരിക്കണം. കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ വേണം.

10. ഒരു സ്ഥലത്തുള്ള സര്‍ക്കാര്‍ ആഫീസുകള്‍ എല്ലാം ഒരു സമുച്ചയത്തില്‍ പ്രവര്‍ത്തിക്കണം. ശനിയും ഞായറും പൊതുഅവധി ആയാലും കുഴപ്പമില്ല. എന്നാല്‍ മറ്റ് അവധി ദിവസങ്ങളുടെ എണ്ണം കാര്യമായി കുറയ്ക്കണം, ജോലി സമയം, സമയബന്ധിത ജോലിപൂര്‍ത്തിയാക്കല്‍ എന്നിവയില്‍ നടപടിവേണം. ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ എല്ലാം കുറ്റമറ്റ കമ്പ്യൂടര്‍ സംവിധാനം നടപ്പിലാക്കണം. ജോലിയില്‍ ഹാജര്‍ നില ഉറപ്പ് വരുത്താനായ് പഞ്ചിംഗ് കാര്‍ഡ് ഒന്നും പോരാ. ഫിംഗര്‍ പ്രിന്റ് അറ്റന്‍ഡന്‍സ് തന്നെ വേണം. വലിയ ആഫീസുകളില്‍ എല്ലാം തന്നെ ഒരു ചെറിയ കഫറ്റേരിയ വേണം. അവര്‍ ചായ, കാപ്പി എന്നിവ വിതരണം ചെയ്യട്ടെ. അപ്പോള്‍ ജോലിക്കാര്‍ പുറത്ത് ചായ കാപ്പി എന്നിവ കുടിക്കുന്നത് ഒഴിവാക്കാം.

11. കുടിവെള്ളം വിതരണം വളരെയധികം മെച്ചപ്പെടുത്തണം. വേനല്‍ക്കാലത്ത് ഉണ്ടാകാവുന്ന ജലദൌര്‍ല്ലഭ്യത്തിനെതിരെ മുന്‍‌കരുതല്‍ വേണം. വെള്ളത്തിന്റെ ദുരുപയോഗം തടയണം. എത്ര സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത്. അതുപോലെ പൊതുനിരത്തിലെ വെള്ളംകൊണ്ട് ആള്‍ക്കാര്‍ വാഹനം കഴുകുന്നതും തടയണം. നോ കോമ്പ്രമൈസ്.

12. നീതിന്യായത്തിലെ തീര്‍പ്പ് കല്‍പ്പിക്കുന്നതിലുള്ള വേഗത കൂട്ടണം.

13. മാലിന്യനിര്‍മാര്‍ജ്ജനം ത്വരിതഗതിയില്‍ നടപ്പാക്കണം. നേരം വെളുക്കുന്നതിന് മുന്‍പ് തന്നെ നിരത്തുകള്‍ വൃത്തിയായിരിക്കണം. ഇതിന് ആവശ്യത്തിന് വാഹനങ്ങള്‍, ഉപകരണങ്ങള്‍ എല്ലാം അടങ്ങിയ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സംവിധാനം വേണം. ആവശ്യത്തിന് ജോലിക്കാര്‍ എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും പട്ടണങ്ങളിലും വേണം. നോ കോമ്പ്രമൈസ്.

14. ഫയര്‍ഫോഴ്സ് നവീകരിക്കണം. തീപിടിത്തത്തിനെതിരേയുള്ള മുന്‍‌കരുതല്‍ നടപ്പാക്കണം. ‘എല്ലാ വര്‍ഷവും ഒരു വെടിക്കെട്ടപകടം ‘ എന്ന പതിവ് ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്. കടകള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളില്‍‌ തീപ്പിടിത്തത്തിനെതിരെയുള്ള സുരക്ഷാസംവിധാനം ശക്തമാക്കണം.

15. എയര്‍പോര്‍ട്ട്, റെയില്‍‌വേ, ആശുപത്രികള്‍‌ തുടങ്ങിയ സ്ഥലങ്ങളിലെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. എയര്‍പോര്‍ട്ട് പരിസരത്തൊക്കെ എന്തോരം ആള്‍ക്കാരാണ് തിങ്ങിക്കൂടി നില്‍ക്കുന്നത്. അവരൊക്കെ ഇടിച്ചുകേറി യാത്രക്കാര്‍ക്ക് നടക്കാന്‍ മേലാത്ത അവസ്ഥയാണ് പല സ്ഥലങ്ങളിലും കണ്ടിട്ടുള്ളത്.

16. ആനകളെ പൊതു നിരത്തില്‍ കൂടി നടത്തിയും, അധിക ജോലിചെയ്യിപ്പിച്ചും കഷ്ടപ്പെടുത്തരുത്. അവ കാട്ടില്‍ വളരേണ്ട ജീവികള്‍ ആണ്. ലോകത്തില്‍ എല്ലായിടത്തും തടിപിടിക്കാനും എടുക്കാനും ആനകളെയാണോ ഉപയോഗിക്കുന്നത്? എത്ര പാവങ്ങളാണെന്ന് പറഞ്ഞാലും എല്ലാവര്‍ഷവും ആള്‍ക്കാര്‍ ആനയുടെ ചവിട്ടേറ്റ് മരിക്കുന്നുണ്ട്. ഗതികെട്ടാല്‍ പിന്നെ എന്ത് ചെയ്യും.

17. ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള മെച്ചപ്പെട്ട സ്പോര്‍ട്സ് നയം പ്രൈമറി തലങ്ങളില്‍ നിന്ന് ആരംഭിക്കണം. വിവാഹവും കഴിഞ്ഞ് അവരുടെ സ്വന്തം കാര്യം നോക്കി കഴിയേണ്ടവരെയാണ് ഇപ്പോള്‍ ഒളിമ്പിക്സിലും മറ്റും കളിക്കാന്‍ നിര്‍ബന്ധിക്കുന്നത്.

18. കാലാവധി കഴിഞ്ഞതും പഴകിയതുമായ ഭക്ഷണ സാധനങ്ങളുടെ ഉപയോഗം തടയണം. ഇതിനായ് കര്‍ശനനടപടി വേണം.

19. മെച്ചപ്പെട്ട മദ്യനയം വേണം. കുടിവാറ്റ് തടയുന്നതിന്‍ കര്‍ശന നടപടി വേണം. ‘അടിച്ച വഴിയേ പോയില്ലെങ്കില്‍ പോയവഴിയേ അടിക്കുക‘ എന്ന ശൈലി ഓര്‍ത്തുപോകുന്നു. അതായത് സമ്പൂര്‍ണ്ണ മദ്യനിരോനം നടപ്പിലാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. മുലകുടിമാറാത്ത പിള്ളേര്‍ വരെ ഒളിച്ചും പാത്തും വെള്ളമടി തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് കള്ള് ആവ്യശത്തിന് ലഭ്യമാകുന്ന സംവിധാനം ആണ് നിരോധനത്തേക്കാള്‍ നല്ലത്. സര്‍ക്കാരിന് നല്ലൊരു വരുമാനവും ആകും. പക്ഷെ കരള്‍ പെട്ടന്ന് വാടിപോകുന്ന സാധനം ഉണ്ടാക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിക്കണം. പൊതുസ്ഥലങ്ങളില്‍ മദ്യം ഉപയോഗിച്ച ശേഷമുള്ള പ്രകടനങ്ങള്‍, പൊതുയാത്രാവാഹനങ്ങളില്‍ യാത്രചെയ്യല്‍ , മദ്യപിച്ച് വാഹനമോടിക്കല്‍ എന്നിവയ്ക്കെതിരെ കര്‍ശന നടപടിവേണം.

20. നികുതി:- വരുമാനം കൃത്യമായി കണക്കാക്കാനും അതുവഴി വരുമാന നികുതി പിരിച്ചെടുക്കാനുള്ള സംവിധാനം വേണം.

21. സിനിമാ അവാര്‍ഡുകളില്‍ ഗവണ്മെന്റിന്റെ ഇടപെടല്‍ എന്തിനാണ്? ഒഴിവാക്കുന്നതാണ് നല്ലത്. ഏതെങ്കിലും പ്രൈവറ്റ് ഏജന്‍സിയെ ഏല്‍പ്പിക്കുക.

22. ദൈവത്തിന്റെ നാടെന്ന പേരു മാറ്റുക. എന്നിട്ട് കുറച്ചുകൂടി റീസണബിളായ എന്തെങ്കിലും ഇടുക. അല്ലെങ്കില്‍ നാട്ടുകാരെല്ലാം സ്വയം വിചാരിക്കും അവര്‍ സ്വര്‍ഗ്ഗത്തിലാണു ജീവിക്കുന്നതെന്ന്. (കടപ്പാട്: അപ്പു)

23. കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, വിവിധതരം പദ്ധതികള്‍ എന്നിവയുടെ പ്രവര്‍ത്തനം ഉല്‍ഘാടനത്തിനു വേണ്ടി താമസിപ്പിക്കരുത്.

24. വാഹനവകുപ്പ്:- വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഗവണ്മെന്റ് തന്നെ വിതരണം ചെയ്യട്ടെ. അപ്പോള്‍ നമ്പര്‍ പ്ലേറ്റുകളുടെ വലിപ്പത്തിലും ഫോണ്ടിലുമൊക്കെ ഒരു സമാനസ്വഭാവം കൈവരും. 15-20 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കണം. പൊതുജനസേവനത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പഴക്കം അഞ്ച് വര്‍ഷമായി നിജപ്പെടുത്തണം.

ഇത് വായിക്കുന്നവരൊക്കെ, സമയവും സൌകര്യവും അനുസരിച്ച് അനുബന്ധമായ നിര്‍ദ്ദേശങ്ങളും, മാറ്റങ്ങളും, കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളുമൊക്കെ എഴുതിയാലും!