Friday, March 28, 2008

വിളിച്ചുകൊണ്ടേയിരിക്കൂ ((..))

അരി - 1കിലോ
പഞ്ചസാര - ½കിലോ
കാപ്പിപൊടി - 100ഗ്രാം
വെളിച്ചെണ്ണ - 500മി.ലി.
കടുക് - 50ഗ്രാം
പിന്നെ, 350രൂപയുടെ ഒരു റീ-ചാര്‍‌ജ്ജ് കാര്‍‌ഡുംകൂടി..!!

നാട്ടിലെ ഒരു കടയില്‍നിന്നും കേട്ട സംഭാഷണം ഇവിടെ പകര്‍ത്തിയതാ. ദിവസക്കൂലിയ്ക്ക് ജോലിചെയ്യുന്ന ഒരു സാധാരണ തൊഴിലാളി, അവന്‌ അത്യാവശ്യം വേണ്ടുന്ന സാധനങ്ങള്‍ വാങ്ങാന്‍ ചിലവിടുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ രൂപയാണ് മൊബൈല്‍‌ഫോണ്‍ റി-ചാര്‍‌ജ്ജ് ചെയ്യാന്‍ ചിലവിടുന്നത് എന്ന് തോന്നിപ്പോയി..!!!

ചിലപ്പോള്‍ ഇത് ഒരൊറ്റപ്പെട്ട സംഭവമായിരിക്കാം!

ഈ സംഭവത്തില്‍‌ വില്‍പ്പനക്കാരനുതന്നെ കൌതുകം തോന്നിയതുകൊണ്ടാണ് എന്നോട് പറയാന്‍ കാരണം. കേട്ടപ്പോള്‍ എനിയ്ക്കും തോന്നി ഇത് ഒരു പോസ്റ്റാക്കാന്‍!

Tuesday, March 25, 2008

ആരാച്ചാരോടൊപ്പം ഒരുദിവസം - അവസാന ഭാഗം

ആദ്യഭാഗം വായിക്കാത്തവര്‍ക്കായി ഇതാ ഇവിടെ.

ആരാച്ചാര്‍ എന്ന്‌ കേള്‍ക്കുമ്പോള്‍ സാധാരണ നമ്മള്‍ പ്രതീക്ഷിക്കുന്ന ഭീകരമുഖമോ, ക്രൗര്യം നിറഞ്ഞ നോട്ടമോ ഒന്നും അല്ല അഹ്മ്മദ്‌ രസഖ്‌ള്ളയ്ക്കുള്ളത്. പിന്നയോ, ആത്മവിശ്വാസവും, സന്തോഷം നിറഞ്ഞ മുഖം. അതോടൊപ്പം സംസാരിക്കുമ്പോള്‍ ചെറിയൊരു പുഞ്ചിരിയും അദ്ദേഹത്തിന്റെ മുഖത്ത്‌ സദാ കാണാം. അതാണ്‌ ഞാന്‍ മിക്കവാറും കണ്ടിട്ടുള്ള ആരാച്ചാരുടെ ജോലി ചെയ്യുന്ന "അഹ്മ്മദ്‌ രസഖ്‌ള്ള".

ഏകദേശം ഇരുപത്തിയഞ്ച്‌ വര്‍ഷം മുന്‍പ്‌ ആരാച്ചാര്‍ തസ്തികയിലേക്ക്‌ സൌദി അറേബ്യന്‍ ഗവണ്‍മന്റ്‌ ആളുകളെ തേടിയിരുന്നു. അന്ന്‌ രസ്ഖള്ളയ്ക്ക്‌ ഇരുപത്‌ വയസ്സ്‌ പ്രായം!!! ഒരു തമാശയ്ക്കെന്നോണം അതിന്‌ അദ്ദേഹം അപേക്ഷിക്കുകയും പിന്നീട്‌ ഒരു നിയോഗമായി ഈ തൊഴില്‍ തിരഞ്ഞെടുക്കുകയും ചെയ്തുവത്രേ. കോടതി വിധിക്കുന്ന വധശിക്ഷ നടപ്പിലാക്കണം. അതാണ് രസ്ഖള്ളയുടെ ജോലി!!

അഹ്മ്മദ്‌ രസ്ഖള്ള ചെയ്യുന്ന ആരാച്ചാര്‍ ജോലിസംബന്ധമായ ചില വിശേഷങ്ങള്‍ ഇതാ:

"വധശിക്ഷ നടപ്പിലാക്കുന്നതിന്‌ മുന്‍പ്‌ മിക്കപ്പോഴും ഞാന്‍ മിക്കവാറും ആപത്ത്‌ നേരിട്ടവരുടെ കുടുംബാംഗങ്ങളുടെ വീട്ടില്‍ പോകാറുണ്ട്. എന്തിനെന്നാല്‍ അവര്‍‌ മാപ്പ്‌ നല്‍കി കുറ്റവാളിയ്ക്ക്‌ തന്റെ തെറ്റ്‌ മനസ്സിലാക്കി പുതിയൊരു ജീവിതവുമായി മുന്നോട്ട്‌ പോകുന്നതിന്‌ പ്രേരിപ്പിക്കുവാന്‍. അല്ലെങ്കില്‍ അവര്‍ ആവശ്യപ്പെടുന്ന തുക (Blood Money) നല്‍കി വധശിക്ഷ പിന്‍വലിക്കാന്‍. ചിലപ്പോഴൊക്കെ വധശിക്ഷ നടപ്പിലാക്കുന്നതിന്‌ തൊട്ട്‌മുന്‍പ്‌ അങ്ങനെയൊക്കെ സംഭവിക്കാറുണ്ട്‌. വധശിക്ഷയില്‍നിന്നും വിടുതല്‍ കിട്ടുമ്പോഴുള്ള സന്തോഷത്തിന്റേയും ആഹ്ലാദത്തിന്റെയും പ്രകടനങ്ങള്‍ വാക്കാല്‍‌ വര്‍ണ്ണിക്കാന്‍ വളരെ പ്രയാസം."

രസ്ഖള്ള പറയുന്നത്‌, വധശിക്ഷയ്ക്ക്‌ തടസ്സമോ, താമസ്സമോ വരാത്തവിധത്തില്‍ അതിന്‌ വിധേയരാകേണ്ടിവരുന്നവരുടെ അവസാനത്തെ ആഗ്രഹം കഴിവതും നടത്തികൊടുക്കാറുണ്ട്‌ എന്നാണ്‌. മിക്കവാറും പേര്‍ക്ക്‌ അവസാ‍നമായി ഒന്ന് പ്രാര്‍ത്ഥിക്കാന്‍ ആണ്‌ ആഗ്രഹം.
ശിരഛേദം ചെയ്യാന്‍ ഉപയോഗിക്കുന്ന വാളിന്റെ മൂര്‍ച്ച വളരെ പ്രധാനമാണ്‌. അതിന് നല്ല ബലവും ഉണ്ടായിരിക്കണം. അതുപോലെ തന്നെ ആരാച്ചാരുടെ മനോധൈര്യവും, തന്റെ പ്രവൃത്തി എന്തിനുവേണ്ടി ചെയ്യുന്നു എന്നുള്ള ബോധവും വേണം. സ്ത്രീകളെയും പുരുഷന്‍മാരേയും ഉള്‍പ്പടെ ഏകദേശം മുന്നൂറോള്ളംപേരുടെ വധശിക്ഷ ഇതിനോടകം അദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്‌. രണ്ട്‌ കുട്ടരേയും വധിക്കുന്ന രീതിയില്‍ കാര്യമായ വ്യത്യാസം ഒന്നും ഇല്ലെന്നാണ്‌ രസ്ഖള്ളയുടെ വെളിപ്പെടുത്തല്‍.

ഇവിടെയുള്ള സ്ത്രീകള്‍ പൊതുവെ മന:ശക്തിയില്ലാത്തവര്‍ എന്നാണ്‌ സാധാരണയായി ആളുകള്‍ കരുതുന്നത്‌. എന്നാല്‍ രസ്ഖള്ള പറയുന്നത്‌ നേരെ തിരിച്ചാണ്‌. മിക്ക പുരുഷന്‍മാരും അവര്‍ക്കുള്ള ഈ കടുത്ത ശിക്ഷ കേള്‍ക്കുമ്പോള്‍ തന്നെ തളര്‍ന്ന് പോകും. ഇനി ചിലപ്പോള്‍ ശിക്ഷാവിധി നടപ്പിലാക്കുന്നതില്‍നിന്ന് അവസാന നിമിഷം മോചനം കിട്ടിയാലും അങ്ങനെയൊക്കെ സംഭവിക്കും. അല്ലെങ്കില്‍ ഭ്രാന്ത്‌ പിടിക്കും. എന്നാല്‍ ഭൂരിഭാഗം സ്ത്രീകള്‍ക്കും യാതൊരും ഭാവഭേദവും ഉണ്ടാകാറില്ല.
വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വധശിക്ഷയ്ക്ക്‌ വിധേയയാകേണ്ട ഒരു സ്ത്രീയ്ക്ക്‌ ശിക്ഷ നടപ്പിലാക്കേണ്ട അവസാനമുഹൂര്‍ത്തത്തില്‍ അതില്‍നിന്നും മോചനം ലഭിച്ചു. എന്നാല്‍‌ ഈ വാര്‍ത്തയറിഞ്ഞപ്പോള്‍‌ ആ സ്ത്രീയ്ക്ക്‌ യാതൊരും ഭാവഭേദവും ഉണ്ടായില്ല. അവര്‍ വളരെ ശാന്തമായി ജയിലിനുള്ളില്‍ ഉപയോഗിക്കുന്ന കാറിനുള്ളില്‍ കയറിയിരുന്നു. ഇത്തരം അവസ്ഥ ഒരു പുരുഷനാണ്‌ സംഭവിച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായും അവന്‌ ഹൃദയാഘാതം വന്നേനെ എന്ന്‌ രസ്ഖള്ള. അദ്ദേഹം ശിക്ഷ നടപ്പിലാക്കിയിട്ടുള്ള മിക്ക സ്ത്രീകളും ശക്തകളും, നല്ല മന:ധൈര്യം ഉള്ളവരും ആയിരുന്നു. വിഷമഘട്ടത്തില്‍ സ്ത്രീകള്‍ക്കാണ് പുരുഷന്‍മാരേക്കാള്‍ കുടുതല്‍ കരുത്തും സഹനശക്തിയും എന്ന്‌ രസ്ഖള്ളയുടെ ഭാഷ്യം.

ഇത്തരം ഒരു ജോലി തെരെഞ്ഞെടുത്തതുകൊണ്ട്‌ അതിന്റേതായ ചില ഭവിഷ്യത്തുകളും രസ്ഖള്ളയ്ക്ക്‌ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്‌. പലരും അദ്ദേഹവുമായി വലിയ സംസര്‍ഗ്ഗം കാണിക്കാന്‍ ആഗ്രഹിക്കുന്നില്ല. തിരിച്ചറിയാവുന്നവര്‍ ‍തന്നെ ഏതോ ഒരു അന്യഗൃഹ ജീവിയായി കാണുന്നു. പാര്‍ട്ടികളിലും മറ്റും അഹ്മ്മദ് രസ്ഖള്ളയെ തിരിച്ചറിയാത്തവര്‍ അടുത്ത്‌ വന്നിരിക്കും. എന്നാല്‍ കുശലം പറഞ്ഞ്‌ അടുത്ത്‌ കൂടി, തന്റെ ജോലി എന്താണെന്ന് അറിയുമ്പോള്‍ പെട്ടെന്നുതന്നെ എങ്ങനെയെങ്കിലും അകന്ന് പോകാന്‍ ആയിരിക്കും അടുത്ത ശ്രമം.

"എനിയ്ക്ക്‌ എല്ലാവരുമായും സംസാരിക്കുന്നതും അവരോടൊക്കെ ഇടപഴകുന്നതും വളരെ ഇഷ്ടമാണ്‌. എന്നാല്‍ മറുഭാഗത്തുനിന്നും അങ്ങനെയൊരു സ്ഥിതിയില്ലാത്തതിനാല്‍ ചെറിയ വിഷമമുണ്ട്‌. അതിനാല്‍ തന്റെ ഒഴിവുസമയം കൂടുതലും കുടുംബാംഗങ്ങളോടൊപ്പം ചെലവിടാനാണ്‌ അഹ്മ്മദ് രസ്ഖള്ളയ്ക്ക്‌ താല്‍പര്യം. അവരെങ്കിലും എന്നെ നന്നായി മനസ്സിലാക്കുന്നുണ്ടല്ലോ."

അഹ്മ്മദ് രസ്ഖള്ളയ്ക്ക്‌ രണ്ട്‌ ആണ്‍ മക്കളാണ്‌ ഉള്ളത്‌. എന്തായാലും തന്റെ മക്കള്‍ ഈ പാത പിന്തുടരുന്നതിനോട്‌ അദ്ദേഹത്തിന് തീരെ യോജിപ്പില്ല. അവര്‍ നന്നായി പഠിച്ച്‌ വേറെ എന്തെങ്കിലും ജോലി നോക്കട്ടെ എന്നാണ്‌ രസ്ഖള്ളയുടെ ആഗ്രഹം.

ഇത്രയുമൊക്കെ അറിഞ്ഞപ്പോള്‍ എനിയ്ക്ക്‌ അദ്ദേഹത്തിനോട്‌ മുന്‍പുണ്ടായിരുന്ന പേടിയൊക്കെ പോയി. പിന്നീട്‌ അദ്ദേഹത്തെ കണ്ടുമുട്ടാറുണ്ടായിരുന്ന കമ്പനിയില്‍‍നിന്ന് നാലുവര്‍ഷം മുന്‍പ്‌ ഞാന്‍ വിരമിച്ചിരുന്നു. അതിനുശേഷം ഒരിക്കല്‍ മാത്രം ഏതോ ട്രാഫിക്‌ സിഗ്നല്‍ കാത്തുകിടക്കുംവേളയില്‍ അദേഹത്തെ കാറില്‍ വച്ച്‌ കണ്ടിരുന്നു. അപ്പോള്‍ പരസ്പരം അഭിവാദ്യം ചെയ്ത്‌ എന്തെങ്കിലും പറയാന്‍ തുടങ്ങുമ്പോഴേക്കും സിഗ്നല്‍ തെളിഞ്ഞു. ഞങ്ങള്‍ ഇരുവരും അവരവരുടെ വഴിയ്ക്ക് യാത്രയായി.

Tuesday, March 11, 2008

ഇന്ത്യയുടെ മുഖം (ഫോട്ടോ പോസ്റ്റ്)

ഏതോ ആവശ്യത്തിന്‌ വീടിന്റെ ആധാരം (വീട്ടുടമസ്ഥനുമായുള്ള വാടകക്കരാര്‍) തപ്പിയപ്പോള്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന എന്റെ ആര്‍കൈവ്‌സില്‍ നിന്നും കിട്ടിയതാണ്‌ ഈ ഫോട്ടോ. ഏഴ്‌ വര്‍ഷം മുന്‍പ്‌ ഗള്‍ഫിലെ ഒരു പ്രമുഖ ദിനപത്രത്തിന്റെ മുഖപേജില്‍‌ വന്ന ഈ ഫോട്ടോ, കോപ്പിയെടുത്ത്‌ (അന്ന് സ്കാന്‍ ചെയ്ത്‌ സൂക്ഷിക്കാനുള്ള സൗകര്യം കിട്ടിയില്ല.) ഇതുവരെ സൂക്ഷിച്ചിരുന്നു.

വിദേശമാധ്യമങ്ങള്‍, നമ്മുടെ രാജ്യത്തെയും ജനങ്ങളേയും, ഏറെക്കുറെ ഏത്‌ തരം വീക്ഷണകോണിലൂടെയാണ്‌ കാണുന്നത്‌ എന്നറിയാന്‍ ഈ പടം ഒരു ഉദാഹരണം മാത്രം.

Monday, March 10, 2008

ഗര്‍ഭവും ജോലിയും

അന്നൊരു ഉച്ചസമയത്ത്‌, എന്റെ ഫോണ്‍ പതിവില്ലാതെ നിലവിളിച്ചുകൊണ്ടേയിരുന്നു.

ദൈവമേ! ബെറ്റി മൈ ബെറ്റര്‍ ഹാഫ്‌ ആണല്ലോ. എന്താണാവോ ജോലിയ്ക്കിടയില്‍ ഇത്രയധികം നിലവിളി? ജോലിയോട്‌ അനുബന്ധിച്ച്‌ എന്തെങ്കിലും ഇന്റര്‍നെറ്റില്‍ നിന്ന് തപ്പി ഇപ്പൊ പറയാന്‍ ആയിരിക്കും. അല്ലെങ്കില്‍ ഏതെങ്കിലും വാക്കിന്റെ സ്പെല്ലിംഗ്‌ അറിയാന്‍. തീര്‍ച്ച.

"അതേയ്‌, മെഡിക്കല്‍ ഡയറക്ടറെ മുഖം കാണിക്കാന്‍‌ വിളിപ്പിച്ചിരിക്കുന്നു"
"ചെല്ല്.. ചെല്ല്.. ഡയറ്ററി & നുട്രീഷ്യനെക്കുറിച്ച്‌ പ്രസന്റേഷന്‍ അവതരിപ്പിച്ചതിന്‌ വിളിച്ച്‌ അനുമോദിക്കാനായിരിക്കും!" “ഓ! അതൊക്കെ നേരത്തെ കഴിഞ്ഞതാ”.

“യെന്നാപ്പിന്നെ..? എന്തായാലും സമയം കളയാതെ ചെല്ലക്കിളി ചെല്ല്..“

അല്‍പ്പം സമയം കഴിഞ്ഞ് അവള്‍ വീണ്ടും വിളിച്ചു. ഇത്തവണ ശരിക്കുള്ള നിലവിളിയായിരുന്നു.

"ഉം?"

"എല്ലാം പോയി! ജോലി പോയി"

ആത്മഗതം: ദൈവമേ, വൈകുന്നേരം ടിഡാ വാങ്ങുന്നതിനായ് പൂരിപ്പിച്ച ലോണ്‍ അപേക്ഷ കയ്യില്‍.

"ജോലി പോകാനുള്ള കാരണം?"

"ഗര്‍ഭിണിയായിരിക്കെ ഇവിടെ ജോലി ചെയ്യാന്‍ പറ്റില്ലത്രേ. വീട്ടില്‍ പോയി വിശ്രമിച്ചോളാന്‍."

"ഓ അതാണോ കാര്യം. ജോലി പോയെങ്കില്‍‌ പോകട്ടെ. ഇനിയിപ്പം ജോലിയ്ക്ക്‌ വേണ്ടി ഗര്‍ഭം പോകട്ടെ എന്ന് വയ്ക്കാന്‍ പറ്റുമോ!"

Wednesday, March 5, 2008

പാവാടത്തുമ്പിലെ വിസ്മയം

കഴിഞ്ഞ രാത്രിയില്‍, ഉറങ്ങാന്‍ കിടന്നപ്പോഴാണ്‌ യാദൃച്ഛികമായ്‌ ഞാന്‍ അത്‌ ശ്രദ്ധിച്ചത്‌.
മറ്റൊന്നുമല്ല, ഭാര്യയുടെ പാവാടയില്‍‍നിന്നും ചെറിയ ചെറിയ ചില മിന്നല്‍പ്രകാശങ്ങള്‍!
ഇത് എന്റെ വെറും തോന്നല്‍‌ മാത്രം ആണോ?
അല്ലെന്ന് ഉറപ്പ് വരുത്താന്‍‌ ഭാര്യയോട്‌ പറഞ്ഞപ്പോള്‍, അവളും ആ മിന്നല്‍ പ്രകാശം കണ്ടു എന്ന് പറഞ്ഞു.
ങേ? ഇതെന്ത്‌ മായാജാലം!.
തുണിയുടെ തിളക്കമാണോ? അല്ല.
പുറത്ത്‌ നിന്നുള്ള ഏതെങ്കിലും വെളിച്ചമാണോ? അല്ലേയല്ല.
പിന്നെ?
തുണി അനങ്ങുമ്പോള്‍ മാത്രമായിരുന്നു ഈ പ്രതിഭാസം.
പിന്നിട്‌ അതങ്ങോട്ട്‌ ആവര്‍ത്തിച്ചുമില്ല.
അല്പനേരം അതിനെക്കുറിച്ച്‌ ആലോചിച്ചപ്പോഴാണ്‌, യുറേക്കാ.....!!!!!
“സ്റ്റാറ്റിക്‌ വൈദ്യുതി!“
ഇനിയും ഇതിനെക്കുറിച്ച്‌ കൂടുതലായി എന്തെങ്കിലും അറിയണമെന്നുണ്ടെങ്കില്‍, ദാ ഇവിടെ.