Wednesday, May 30, 2007

ആറടി മണ്ണിന്റെ സൗന്ദര്യം

ഫ്രാന്‍സില്‍ വേറേ എന്തെല്ലാം കാഴ്ചകളുണ്ട്‌!! പക്ഷേ ഈ പോട്ടോ എഞ്ചിന്റെ കണ്ണില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇവയൊക്കെയാണ്‌. എത്ര മനോഹരമായിട്ടാണ്‌ അവര്‍ സെമത്തേരി സൂക്ഷിച്ചിരിക്കുന്നത്‌.

മന്നവനാകട്ടെ..യാചകനാകട്ടെ..
വിവാഹത്തിനുശേഷമുള്ള പോട്ടോ പിടുത്തത്തിനിടയില്‍ പാടത്തിന്റെ ഭംഗി പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയത്‌. അതെ. അവസാനം എല്ലാവരും ഇവിടെത്തന്നെ....!! ആറടിമണ്ണില്‍ നീറിയൊടുങ്ങും.....!

Monday, May 28, 2007

പെന്‌ലോപി

2001 ജനുവരി 2-ാ‍ം തിയ്യതി, അച്ഛന്‍ എനിയ്ക്‌ അയച്ച ഒരു കത്തിലെ ചിലഭാഗങ്ങള്‍: "Penelope" എന്ന കഥാപാത്രത്തെക്കുറിച്ച്‌ കൂടുതല്‍ അറിഞ്ഞാല്‍ കൊള്ളാമെന്ന് എഴുതിയിരുന്നല്ലോ.

ഹോമര്‍ എന്ന ഗ്രീക്ക്‌ മഹാകവിയുടെ "ഇലിയഡ്‌" എന്ന ഇതിഹാസ (Epic) കൃതിയിലെ ഒരു കഥാപാത്രമാണ്‌ യുലീസിസ്‌. അതിലെ കഥ ഏതാണ്ട്‌ ഇങ്ങനെ. യൂലിസിസിന്റെ ഭാര്യയാണ്‌ Penelope. ട്രോയിയിലെ രാജാവായ "Priam" തന്റെ മകനായ Paris രാജകുമാരനെ ഒരു സമാധാനദൗത്യവുമായി ഗ്രീസിലേക്ക്‌ അയയ്ക്കുന്നു. അയാള്‍ അവിടെ ചുരുക്കം ദിവസത്തെ താമസത്തിനു ശേഷം അവിടുത്തെ രാജാവായ Menelaus-ന്റെ ഭാര്യ Helen-നെ തട്ടിക്കൊണ്ട്‌ ട്രോയിയിലേക്ക്‌ കടന്നു. ഇതിന്റെ നാണക്കേട്‌ തീര്‍ക്കാനും തന്റെ ഭാര്യയെ തിരിച്ചെടുക്കാനും രാജാവ്‌ ഒരു വന്‍ കപ്പല്‍പടയുമായി Troy-യ്ക്കെതിരെ യുദ്ധം ചെയ്യുന്നു. രാജാവിനെ കൂടാതെ Agamemnon, Acheles, Ajax, Ulysses തുടങ്ങിയ യുദ്ധവീരന്മാര്‍ ഒരുഭാഗത്തും, Hector, Troilus, Paris, Helenus തുടങ്ങിയ വീരന്മാര്‍ troyയുടെ ഭാഗത്തും. ദീര്‍ഘകാലം നീണ്ടുനിന്ന യുദ്ധത്തില്‍ troyപരാജയപ്പെടുകയും (അത്‌ ഒരു ചതിപ്രയോഗത്തിലൂടെ ആയിരുന്നു, അതിന്റെ ആസൂത്രകന്‍ Ulysses ആയിരുന്നു. അക്കഥ പിന്നീട്‌ ഒരിക്കല്‍ എഴുതാം.

ഹെലനെ വീണ്ടെടുത്ത്‌ ഗ്രീക്കുകാര്‍ തിരികെ പോവുകയും ചെയ്തു. എന്നാല്‍ Ulyssesഉം കൂട്ടരും സഞ്ചരിച്ചിരുന്ന കപ്പല്‍ കൂട്ടം തെറ്റി ദിര്‍ഘകാലം അലഞ്ഞു തിരയേണ്ടിവന്നു. ഈ "യുലീസിസന്റെ ഭാര്യയാണ്‌ "പെന്‌ലോപി". തന്റെ ഭര്‍ത്താവ്‌ തിരികെ വരുമെന്ന് പ്രതീക്ഷിച്ച്‌ ക്ഷമയോടെ അവര്‍ കാത്തിരുന്നു. മകന്‍ "റ്റെലിമാക്കസ്‌" ഒരു പ്രാപ്തിയില്ലാത്ത ചെറുപ്പക്കാരന്‍. ഈ തക്കം നോക്കി കുറെപ്പേര്‍ (കാമുകന്മാര്‍) പെനിലോപി; തങ്ങളിലൊരുവനെ കല്ല്യാണം കഴിക്കണമെന്നാവശ്യപ്പെട്ടു അവരുടെ വീട്ടില്‍ തമ്പടിച്ചു. യുലിസിസ്‌ മരിച്ചുപോയിക്കാണുമെന്നും പറഞ്ഞ്‌ ദിവസവും ഈ പരിപാടിതുടര്‍ന്നു. ഇവരുടെ ശല്ല്യം ഒഴിവാക്കാന്‍ പെന്‌ലോപി ഒരു തന്ത്രം പ്രയോഗിച്ചു. ഒരു തൂവാലയില്‍ ചിത്രതയ്യല്‍ ചെയ്യാന്‍ തുടങ്ങി. ഇതിന്റെ പണി തീരുമ്പോള്‍ കാമുകരില്‍ ഒരാളെ കല്ല്യാണം കഴിയ്ക്കാമെന്ന് അവരോട്‌ പറഞ്ഞു. പകല്‍ മുഴുവന്‍ അവര്‍ കാണ്‍കെ തയ്യല്‍പണി ചെയ്തുകൊണ്ടിരിക്കും. രാത്രിയില്‍ അതെല്ലാം അഴിച്ചുകളയും. പിറ്റേദിവസം വീണ്ടും തയ്യല്‍ തുടരും, രാത്രിയില്‍ അഴിയ്ക്കും. അങ്ങനെ ദീര്‍ഘകാലം (പത്തുകൊല്ലം ആണെന്നാണ്‌ എന്റെ ഒാര്‍മ്മ) അവരെ കളിപ്പിച്ചുകൊണ്ടിരിന്നു. അവസാനം യുലിസിസ്‌ തിരികെ എത്തുകയും അവിടെ തമ്പടിച്ചു കിടന്നവരെയെല്ലാം തല്ലിയോടിച്ച്‌ ഭാര്യയോടും മകനോടുംകൂടി സുഖമായി വസിച്ചു.

ട്രോയിയിലെ യുദ്ധത്തിനുശേഷം യുലീസിസിന്റേയും കൂട്ടരുടേയും, തിരികെയുള്ള യാത്രയിലെ വീരകൃത്ര്യങ്ങളെ സംബന്ധിച്ച്‌ ഹോമറിന്റെ മറ്റൊരു കൃതിയാണ്‌ "ഒഡിസി".

ഒരു പ്രത്യേക ജോലി ചെയ്ത്‌ ഏതാണ്ട്‌ പൂര്‍ത്തിയാകാറാകുമ്പോള്‍ അത്‌ മാറ്റിമറിച്ച്‌ കളഞ്ഞ്‌ വീണ്ടും അതു തന്നെ ചെയ്യേണ്ടിവരികയും ചെയ്യുമ്പോള്‍ "പെന്‌ലോപിയുടെ തയ്യല്‍വേല പോലെ" എന്ന് ചിലപ്പോള്‍ പറയാറുണ്ട്‌.

Saturday, May 19, 2007

ആട്ടപ്പെട്ടി ചുമക്കുന്നവര്‍

"അച്ഛന്‍ എഴുതി അയച്ചുതന്ന ഈ കഥയുടെ വാചകഘടനയ്ക്കോ, ആശയത്തിനോ, ഇവിടെ ഒരു മാറ്റവും വരുത്തിയിട്ടില്ല."

ഫാറൂഖ്‌ ബക്കര്‍ (വിചാരം) - പൊന്നാനിയുടെ ദൈനംദിനവേലകളുടെ വിവരണം വായിച്ചു. ഇവിടെ നാട്ടില്‍ ഏതാണ്ട്‌ എഴുപത്‌ വര്‍ഷം മുന്‍പ്‌ നടപ്പുള്ള ഒരു കഥ ചുരുക്കത്തില്‍ പറയാം. ആട്ടപ്പെട്ടി ചുമക്കുന്നവരുടെ കഥ

ആട്ടപ്പെട്ടി എന്നാല്‍ കഥകളി ചമയങ്ങളും, കിരീടങ്ങള്‍, തോള്‍വളകള്‍, വസ്ത്രങ്ങള്‍, മുതലായവ അടങ്ങുന്ന പെട്ടി. നമ്മുടെ അരിപ്പെട്ടിയോളം വലിപ്പം വരുന്ന രണ്ടുപെട്ടി ഉണ്ടായിരിക്കും. ഏതാണ്ട്‌ എഴുപത്‌ കൊല്ലം മുമ്പുള്ള സംഭവമാണ്‌. വാഹനങ്ങള്‍ ചുരുക്കം. ഉണ്ടെങ്കില്‍ തന്നെ ഇങ്ങനെയുള്ള പെട്ടികള്‍ വണ്ടികളില്‍ കൊണ്ടുപോവുകയില്ല. കഥകളി നടത്തുന്നത്‌ ഏതെങ്കിലും ഇല്ലങ്ങളിലോ, കോവിലകങ്ങളിലോ ആയിരിക്കും. കഥകളി ഉപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വീട്ടിലെ കാരണവര്‍ക്ക്‌ ഒരു എഴുത്ത്‌ കിട്ടുന്നു. ഇന്ന സ്ഥലത്ത്‌ കഥകളി, ഇന്ന തീയ്യതിയില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്‌. അവിടേക്ക്‌ കഥകളികോപ്പുകള്‍ കൊടുത്തയയ്ക്കണം. പെട്ടിചുമക്കാന്‍ ഈ വീടുമായി ബന്ധപ്പെട്ട രണ്ടു ചുമട്ടുകാരെ ഏര്‍പ്പാടാക്കുന്നു.വളരെ ഭാരമേറിയ പെട്ടികളാണ്‌. 15-20കിലോമീറ്റര്‍ ദൂരം വരും. സന്ധ്യയ്ക്‌ മുമ്പു എത്തണം. ചുമട്ടുകാര്‍ പെട്ടി തലയില്‍ ഏറ്റി യാത്ര തുടങ്ങുന്നു. പെട്ടികള്‍ കളിസ്ഥലത്ത്‌ എത്തിച്ചാല്‍ "പിന്നെ സുഖമാണ്‌."

സന്ധ്യയോടെ നിര്‍ദ്ദിഷ്ടസ്ഥലത്ത്‌ എത്തിയാലുടന്‍ കഥകളികാര്‍ക്ക്‌ സദ്യ തയ്യാറാക്കണം. നടന്മാര്‍, പാട്ടുകാര്‍, മേളക്കാര്‍, ചുട്ടികുത്തുന്നവര്‍ തുടങ്ങിയവര്‍ എത്തിയിട്ടുണ്ടാകും. അരി, തേങ്ങ, കറിയ്ക്കുള്ള വക എല്ലാം ഉണ്ടാകും. പാത്രങ്ങള്‍ (ഓട്‌, ചെമ്പ്‌, തുടങ്ങിയവ)എല്ലാം തേച്ച്‌ വൃത്തിയാക്കിയിട്ട്‌ വേണം തുടങ്ങാന്‍. ഒരുവിധത്തില്‍ ചോറും, കറിയും വെച്ചു വിളമ്പി, അവരും കഴിച്ചു കഴിഞ്ഞു. "പിന്നെ സുഖമാണ്‌." ഉടനെ തന്നെ ചുട്ടി (കഥകളിയ്ക്‌ മുഖത്ത്‌ തേച്ചുപിടിപ്പിക്കല്‍)യ്ക്കുള്ള അരി അരയ്ക്കണം. (ഇന്നത്തെ പോലെ make-up സാധനങ്ങള്‍ കടയില്‍ കിട്ടുകയില്ല. നല്ല പച്ചരി അധിക വെള്ളം ചേര്‍ക്കാതെ വേണം) - പിന്നെ കരിപ്പൊടി മുതലായവയും. "അതു കഴിഞ്ഞാല്‍ സുഖമാണ്‌" ഉടനെ നടന്മാര്‍ക്കുള്ള വേഷവിധാനങ്ങള്‍ അണിയിച്ചൊരുക്കകയാണം. അതിന്‌ ചുട്ടിക്കാരനെ (makeupman) സഹായിക്കണം. അത്‌ കുറെനേരം പിടിക്കും. "പിന്നെ സുഖമാണ്‌." അപ്പോഴേക്കും രാത്രി രണ്ടുമണി ആയിരിക്കും. അപ്പോഴാണ്‌ കളിതുടങ്ങുന്നത്‌. അതിന്‌ തിരശ്ശീല (curtain) പിടിയ്ക്കണം. അത്‌ കെട്ടുകയോ വലിച്ചു നീക്കുകയോ അല്ല. രണ്ടുപേരും ഓരോഅറ്റത്തും പിടിച്ചുകൊണ്ടു നില്‍ക്കുകയാണ്‌. എപ്പോഴും വേണ്ടെങ്കിലും കളി അവസാനിക്കുന്നതുവരെ നില്‍ക്കേണ്ടി വരും. ദുര്യോധനവധം, കീചകവധം, എന്നിങ്ങനെ ഏതെങ്കിലും വധം ആയിരിയ്ക്കും കഥ. കളി രാവിലെ ഏഴുമണി വരെ നിളും. "അതു കഴിഞ്ഞാല്‍ പിന്നെ സുഖമാണ്‌." പിന്നെ കഥകളി വേഷങ്ങളെല്ലാം അടുക്കി പെട്ടികളില്‍ വെയ്ക്കണം. തലേദിവസം സദ്യയ്ക്ക്‌ ഉപയോഗിച്ച പാത്രങ്ങള്‍ കഴുകി വൃത്തിയാക്കി ഏല്‍പ്പിക്കണം. "പിന്നെ സുഖമാണ്‌."

രാവിലെ പലഹാരം കൂട്ടി കാപ്പിയോ കഞ്ഞിയോ കിട്ടും. പിന്നെ കൂലികിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തുനില്‍പാണ്‌. കൂലി അവിടെനിന്ന്‌ കിട്ടുകയില്ല. ചുമട്ടുകാരുടെ കയ്യില്‍ കൊടുത്തുവിട്ട കത്തില്‍ ഇങ്ങനെ എഴുതിയിരിക്കും. "ആവശ്യപ്പെട്ട പ്രകാരം കഥകളി ചമയങ്ങള്‍ കൊടുത്തയയ്ക്കുന്നു. ചുമട്ടുകാര്‍ക്കുള്ള പ്രതിഫലം അവിടെനിന്ന് കൊടുക്കേണ്ട അവര്‍ തിരികെ വരുമ്പോള്‍ ഇവിടെ നിന്ന് കൊടുത്തു കൊള്ളാം," വിവരമറിഞ്ഞ്‌ നിരാശരായി ഈ പെട്ടി തലയിലേറ്റി നടന്ന് അലഞ്ഞു തിരികെയെത്തും. പെട്ടി ഇറക്കി വെച്ചു കഴിഞ്ഞാല്‍ "പിന്നെ സുഖമാണ്‌." കൂലി അവിടെനിന്ന് കിട്ടുകയില്ല. അവര്‍ ഇവിടെ സ്ഥിരം ജോലി ചെയ്ത്‌ ശാപ്പാട്‌ കഴിച്ചു കഴിയുന്നവരാണ്‌. പിന്നെ പ്രത്യേകിച്ച്‌ കൂലി എന്തിനാണ്‌? പെട്ടി ഇവിടെ ഇറക്കി വച്ചുകഴിഞ്ഞ്‌ അന്നേദിവസം ഉച്ചതിരിഞ്ഞ്‌ വേറൊരു കളിസ്ഥലത്തേക്ക്‌ പെട്ടികളും ചുമന്ന് പോകേണ്ടിവരും അവിടേയും അനുഭവം മേല്‍വിവരിച്ചതുതന്നെ. തലേദിവസം ഒരുപോള കണ്ണടച്ചിട്ടില്ല. തിരിച്ചുവരുന്ന വഴി വല്ല ക്ഷേത്രമൈതാനത്തിലെ ആല്‍ത്തറയിലോ, ചുമടുതാങ്ങി(അത്താണി)യുടെ തൂണില്‍ ചാരിയോ ഒന്നുറങ്ങിയെന്നു വരുത്താം. അതും ഒരു സുഖം തന്നെ.