Thursday, July 12, 2007

ആരാച്ചാരുടെ കൂടെ ഒരു ദിവസം

ആരാച്ചാരുടെ കൂടെ ഒരു ദിവസം. എന്താ, വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നുണ്ടോ? എന്നാല്‍ സംശയം തീരെ വേണ്ട. അതേ. അറബ്‌ നാട്ടിലെ ഒരു ആരാച്ചാരെ ഒരു ദിവസമല്ല പലദിവസവും കണ്ടുമുട്ടേണ്ടിവരികയും സംസാരിക്കുകയും ചെയ്തപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ ഇതാ ഇവിടെ അയവിറക്കുന്നു.

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നിങ്ങളില്‍ പലരേയും പോലെ ഞാനും ഈ മണലാരണ്യത്തിലെ ഒരു പ്രയാസി (ഈ പ്രയോഗത്തിന്‌ ചാരുകേശിയോട്‌ കടപ്പാട്‌)ആയി മാറപ്പെട്ടു. കമ്പനിവക പ്രോജക്ട്‌ തുടങ്ങാന്‍ സമയമെടുക്കുമെന്നതിനാല്‍ കമ്പനിയുടെ പ്രധാന ആഫീസിലെ ആളൊഴിഞ്ഞ ഒരുമുറിയിലെ ഒരു ടേബിളും കസേരയും തല്‍ക്കാലത്തേക്ക്‌ ഞാന്‍ എന്റെ ഇരിപ്പിടമാക്കി മാറ്റി. ദിവിസങ്ങള്‍ പലത്‌ കഴിഞ്ഞു. അങ്ങനെയിരിക്കെ ഒരുദിവസം രാവിലെ ടേബിളിനുമുമ്പില്‍ ആജാനബാഹുവായ ഒരു മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടു. എന്നിട്ട്‌ അറബിച്ചുവയില്‍ ഇങ്ങനെ കാറി: Don't sit there! ആഫീസിലെ ആള്‍ക്കാരെയൊന്നും പരിചയമില്ലാത്തതിനാലും, ഞാന്‍ ഇവിടെ പുതിയ ആള്‍ ആയതിനാലും പേടിച്ചു മുറിയ്ക്‌ വെളിയില്‍ കുറെ നേരം കറങ്ങി നടന്നു. കുറച്ച്‌ കഴിഞ്ഞ്‌ ആ ആജാനബാഹു പുറത്തിറങ്ങി അപ്രത്യക്ഷമായപ്പോള്‍ ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി വീണ്ടും പഴയസ്ഥലത്ത്‌ തന്നെ വന്നിരുന്നു. ആഫീസ്‌ സഹായി നിസാര്‍ വന്നപ്പോള്‍ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. നിസ്സാര്‍ പറഞ്ഞു അയാള്‍ ആരാച്ചാരാണ്‌, അടുക്കുന്നത്‌ സൂക്ഷിച്ചു വേണം. എന്നൊക്കെ. എനിയ്ക്‌ സംശയം, ആരാച്ചാര്‍ക്ക്‌ നമ്മുടെ കമ്പനിയിലെന്ത്‌ കാര്യം? പിന്നെ അവരൊക്കെ ഇങ്ങനെ പുറത്തിറങ്ങി നടക്കുമോ? എന്തോ എനിയ്ക്കത്ര വിശ്വാസം വന്നില്ല. എന്നിരുന്നാലും നിസ്സാറിന്റെ ചില വിവരണങ്ങള്‍ കേട്ടപ്പോള്‍, കറുത്തിട്ട്‌ നല്ല ഉയരമുള്ളതും അതിന്‌ തക്കവണ്ണവും ഉള്ള ആ മനുഷ്യന്റെ രൂപം എന്റെ മനസ്സിലെ പേടി ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു.


കുറച്ചു ദിവസങ്ങള്‍ക്ക്‌ ശേഷം അദ്ദേഹം വീണ്ടും ആഫീസില്‍ വന്നു. അദ്ദേഹത്തെ കണ്ടമാത്രയില്‍ ഞാന്‍ ചാടിയേഴുന്നേറ്റു. ഈ സമയത്ത്‌ നമ്മുടെ നിസ്സാര്‍ അവിടെയുണ്ടായിരുന്നു. നിസ്സാര്‍ എന്തൊക്കെയോ അയാളോട്‌ അറബിയില്‍ പറഞ്ഞു. അപ്പോള്‍ അത്‌ കേട്ടിട്ടാവണം അദ്ദേഹം എന്റെ അടുക്കല്‍ വന്ന് ഒരു ഹസ്തദാനം നടത്തിയിട്ട്‌ "യാഹീ, മാലിഷ്‌, മാലിഷ്‌, മാഫി കോഫ്‌" എന്നൊക്കെ പറഞ്ഞു. എനിയ്ക്കൊന്നും മനസ്സിലായില്ല. നിസ്സാര്‍ എന്നോട്‌ പറഞ്ഞു "സഹോദരാ, സാരമില്ല, പേടിക്കണ്ട" എന്നൊക്കെ പറഞ്ഞ്‌ അദ്ദേഹം നിങ്ങളെ ആശ്വസിപ്പിച്ചതാണ്‌ (നിസ്സാര്‍ പറഞ്ഞുകൊടുത്തിട്ടുണ്ടാവണം എനിയ്ക്‌ അദ്ദേഹത്തെ പേടിയായിരിക്കുന്നു എന്ന്).


പിന്നീട്‌ പലതവണ അദ്ദേഹത്തെ കാണുകയും (ഇതിനിടയില്‍ എനിയ്ക്ക്‌ ആ മുറിയില്‍ തന്നെ വേറേ കസേരയും മേശയും കിട്ടി.) അങ്ങനെ അടുപ്പം കൂടിയപ്പോള്‍ ചിലകാര്യങ്ങള്‍ ചോദിക്കാന്‍ ധൈര്യമായി.. അദ്ദേഹം കമ്പനിയുടെ കസ്റ്റംസ്‌/ഷിപ്പിംഗ്‌ ക്ലീയറിംഗ്‌ ഏജന്റാണത്രേ!!. ആരാച്ചാര്‍പണി ഒരു പാര്‍ട്‌ടൈം ജോലി മാത്രം.!!! ഈ പാര്‍ട്‌ടൈം ജോലിയെപ്പറ്റി അദ്ദേഹത്തില്‍നിന്ന് കിട്ടിയ രസകരവും ഉദ്വേഗജനകവുമയ ചില വിവരങ്ങള്‍ അടുത്ത ലക്കത്തില്‍...!! ദയവായി കുറച്ച്‌ ദിവസം കാത്തിരിക്കുക.
അവസാ‍നഭാഗം ഇവിടെ