ആങ്ങളമാര്‍ എന്താണിങ്ങനെ?
കൊച്ചുത്രേസ്യയ്ക്ക് ഇടയ്ക്കിടെ അഭിമുഖീകരിക്കേണ്ടി വരുന്ന അല്ലറ ചില്ലറ കുഞ്ഞാങ്ങള ശല്ല്യങ്ങളുടെ (ഇത് ആങ്ങളമാരുള്ള മിക്കവാറും പെങ്ങന്മാര്‍ അനുഭവിക്കുന്ന ഒരുതരം ആഗോള പ്രതിഭാസമാണെന്ന് എനിയ്ക്ക് തോന്നുന്നു!) ചില വിവരണങ്ങള്‍ വായിച്ചപ്പോഴാണ്, ഈ പോസ്റ്റിന് ആധാരമായ ഒരു ചെറിയ സംഭവം എന്റെ ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞെടുത്തത്.
പ്രി-ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലം. സഹപാഠിയായ സുരേഷിന്റെ അകലെയുള്ള വീട്ടിലേക്ക് ഒരു സന്ദര്‍ശനം നടത്തി. അന്ന് അവന്റെ ചേച്ചിയും ഞങ്ങളുടെ കോളേജില്‍ തന്നെ സീനിയര്‍ ആയി പഠിക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. അത്രമാത്രം.
ഇനി കാര്യത്തിലേക്ക് വരാം. സുരേഷിന്റെ വീട്ടില്‍ ചെന്നു, വളരെ ഊഷ്മളമായ സ്വീകരണത്തിനിടയില്‍ ഞാന്‍ സുരേഷിന്റെ സഹോദരിയെ, പ്രായത്തെ മാനിച്ച് ചേച്ചി, ചേച്ചി, എന്ന് വിളിക്കുന്നുണ്ടായിരുന്നു. എന്തോ, എന്റെ കൂടെക്കൂടെയുള്ള ചേച്ചി വിളി ശ്രദ്ധിച്ചിട്ടാവണം, അവര്‍ സുരേഷിനോട് ഇങ്ങനെ പറഞ്ഞു. "കേള്‍ക്കെടാ, കേള്‍ക്ക്. നിന്റെ പ്രായമുള്ളവര്‍ എന്നെ എന്താണ് വിളിക്കുന്നതെന്ന്" സുരേഷ് ഇത് കേട്ട് നിസ്സംഗത നടിച്ചു.
പിന്നീട് എന്നോട്. "കേട്ടോ അനിയാ, ഞാന്‍ ഇവന്റെ തുണികളെല്ലാം നനച്ച് കൊടുക്കും, ഷര്‍ട്ടും പാന്റ്‌സും അയണ്‍ ചെയ്ത് കൊടുക്കും, പിന്നെ ചിലപ്പോഴൊക്കെ ഷൂസും പോളിഷ് ചെയ്ത് കൊടുക്കും. കൂടാതെ എന്റെ പേഴ്‌സില്‍ നിന്ന് പൈസയൊക്കെ അടിച്ചുമാറ്റും. എന്നാലും അവന്‍ എന്നെ എടി, പോടി എന്നൊക്കെയാണ് വിളിക്കുന്നത്. ഈ നാട്ടിലുള്ള സകലയെണ്ണത്തിനേം വിളിച്ചുകേറ്റി അവന്റെ ബൈക്കില്‍ കൊണ്ടുപോയാലും, എന്നെ കോളേജില്‍ കൊണ്ടുപോവുകയില്ല.
" ഇത് കേട്ട സുരേഷ് ഇങ്ങനെ പറഞ്ഞു. "നീ പോടി അവടൂന്ന്. നാളത്തേക്ക് എന്റെ പച്ച ഷര്‍ട്ടൊന്ന് തേച്ച് വച്ചേക്കണം."
കാര്യങ്ങളൊക്കെ ഇങ്ങനെയാണെങ്കിലും, ഈ വിളിയിലും, കേള്‍വിയിലുമെല്ലാം ഒരു സുഖമുണ്ടെന്നു എനിയ്ക്ക് തോന്നുന്നു.