Monday, September 24, 2007

അമ്മാവിയമ്മപ്പോര്‌ (ആദ്യ ഭാഗം)

ഏറെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുവരെ സാധാരണക്കാരുടെ ഇടയില്‍ ഉണ്ടായിരുന്ന അമ്മാവിയമ്മപ്പോര്‌ ആണ്‌ കുമ്മിയടിപ്പാട്ട്‌ രൂപത്തില്‍ താഴെ പ്രതിപാദിച്ചിരിക്കുന്നത്‌. അമ്മാവിയമ്മ മരുമകളോട്‌ കാട്ടുന്ന വിദ്വേഷവും, പോരും, മരുമകള്‍ പലിശ സഹിതം തിരികെ കൊടുക്കുന്നതാണ്‌ ഇതിലെ വിഷയം. ഈ പാട്ടിന്റെ ഉപജ്ഞാതാവ്‌ ആരാണെന്ന് കൃത്യമായി എനിയ്ക്‌ അറിയില്ല. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വല്ല്യപ്പച്ചനില്‍നിന്ന് കേട്ടു പകര്‍ത്തിയ ഈ പാട്ട്‌, പ്രിയ ബ്ലോഗ്‌ വായനക്കാര്‍ക്കുവേണ്ടി ഇവിടെ അവതരിപ്പിക്കുന്നു. വായനാ സൗകര്യാര്‍ത്ഥം രണ്ട് ഭാഗങ്ങളായി ഇതിനെ തിരിച്ചിട്ടുണ്ട്‌.

അല്ലയോ സോദരീ സോദരന്‍മാരേ
ഞാന്‍ചൊല്ലീടുമിക്കഥ കേട്ടുകൊള്‍വിന്‍
കാലേകലിയുഗ വൈഭവമാര്‍ന്നങ്ങു
കാലം കഴിക്കുന്നു മാനുജന്‍മാര്‍.

പുത്രന്റെ ഭാര്യയെ പുത്രിയെന്നോര്‍ക്കാതെ
കൃത്യങ്ങള്‍ മാതാക്കളാചരിച്ചു.
എന്‍മകള്‍ സൗഖ്യമായ്‌ വാഴ്‌ക; മരുമകള്‍-
ഉണ്‍മയായ്‌ ചെയ്യണം ജോലിയെല്ലാം.

കൃത്യം പ്രഭാതെയെഴുന്നേറ്റു നിത്യവും
വൃത്തി വരുത്തണം മുറ്റമെല്ലാം
കാലേ കടുങ്കാപ്പി യപ്പമെന്നീ വക
ചാലവേ കാലമങ്ങാക്കീടേണം.

തൂത്തു തളിക്കേണം പാത്രങ്ങള്‍ തേക്കണം
മദ്ധ്യാഹ്ന ഭക്ഷണം വച്ചീടേണം
തീയെരിച്ചീടുവാന്‍ വേണ്ട വിറകെല്ലാം
മായമില്ലാതെ കരുതീടേണം.

ചാണകം പൂശണം ചായിപ്പു തൂക്കണം
തണ്ണികാച്ചീടേണം ഭര്‍ത്താവിന്നായ്‌
നെല്ലുപുഴുങ്ങിയുണങ്ങണം കുത്തണ-
മെല്ലാമവള്‍ തന്നെ ചെയ്തീടേണം.

വെണ്ട വഴുതന്‍ യെന്നിവകള്‍ക്കെല്ലാം
വേണ്ടപോല്‍ വെള്ളമൊഴിച്ചീടേണം
ഉണ്ണിക്കിടാങ്ങളെ താലോല മാട്ടണം
എണ്ണയും തേച്ചു കുളിപ്പിക്കേണം.

അത്താഴമൂണിനു വേണ്ട വിഭങ്ങള്‍
ചേര്‍ത്തു ചമച്ചങ്ങു വച്ചീടേണം.
ഇപ്രകാരമുള്ള വൃത്തികള്‍ നിത്യവും
സുപ്രസന്നേനയായ്‌ ചെയ്തീടേണം.

നാത്തൂന്റെ പ്രീതി ലഭിപ്പതിനായവള്‍
എത്രയും താപം സഹിച്ചിടേണം.
കര്‍ക്കശ ഭാവനേ കര്‍ണ്ണ ശൂലങ്ങളാം
വാക്കുകള്‍ കേട്ടവള്‍ പാര്‍ത്തിടേണം.

ഏതുമേ തൃപ്തിയാ മാതാവിന്നില്ലൊട്ടും
ചേതസ്സുറ പ്പേറും പാറ തന്നെ
തന്‍ മകന്‍ ചത്തുപോയാലും മരുമക്ക-
ടാമയം കണ്ടിടാന്‍ വാഞ്ചിക്കുന്നു.

അമ്മാവിയമ്മമാര്‍ തന്നുടെ കാഠിന്യം
ചെമ്മേ പറവിതിന്നാവതില്ല
കുറ്റമല്ലാതില്ല ചെയ്തതഖിലവു-
മേറ്റം ദാരുണ്യമാമീയവസ്ഥ.

ചോറും പലഹാരം സാമ്പാറു തീയലും
ചാറില്ലാതെ വച്ച മത്സ്യക്കറി
പച്ചടി കിച്ചടി പച്ചക്കറികളും
പച്ചമോരും നല്ല പച്ചത്തൈരും.

മരുമകള്‍ കാണാതെ മാതാവും നാത്തൂനും
പാരം മടിക്കാതെ കട്ടുതിന്നും
ഒന്നുമറിയാത്ത പാവമാ നാത്തൂനും
തിന്നെന്നു ചൊന്നിടും നാരിമാരും.

"ഉണ്ണിപ്രായം മുതല്‍ ഭോജനം നല്ലത്‌
കണ്ണില്‍ കണ്ടിട്ടില്ലാത്തീ മൂശേട്ട
കണ്ണു തപ്പീടുകില്‍ ചോറും കറികളും
കയ്യിട്ടു വാരി ഭുജിച്ചീടുന്നു.

പട്ടിണിയിട്ടു വളര്‍ത്തിയ കുട്ടികള്‍
‍കട്ടിടും നിശ്ചയമായ്‌ വളര്‍ന്നാല്‍."
ഇത്തരമോരോരോ കുത്തുവാക്കോതീടും
അമ്മാവിയമ്മയും തന്‍ മകളും.

കുറ്റവും തന്റ കുറവും പറഞ്ഞിട്ട്‌
ഭര്‍ത്താവിനേക്കൊണ്ടു തല്ലിച്ചിട്ടും
ഇഷ്ടമായുള്ള നല്‍ഭോജനം ചെയ്തവര്
‍ഇഷ്ടമ്പോല്‍ കൂസലില്ലാതെ തിന്നും.

(തുടരും.....)

Wednesday, September 19, 2007

ThE..MooN..HaS..SeT

താഴെ പകര്‍ത്തിയിരിക്കുന്ന കവിതാശകലം എന്റെ മനസ്സില്‍‌‌‌‌ തങ്ങിനില്‍‌ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറേയായി. ആരെഴുതിയതാണെന്ന് അറിയില്ല. അറിയാന്‍ ശ്രമിച്ചിട്ടുമില്ല.
The moon has set
It is midnight, time passes
And I lie alone.
Now Eros shakes my soul
A wind on the mountain
Falling on the oaks.
I strike the reel in a spider's fang,
In a cold crab's claw, in a lobster's tail.
I clutch the heights in a fire-stairs gleam
And sink my days in the watery womb!

ഇത് എന്റെ ഒരു സുഹൃത്തിനയച്ചു കൊടുത്തിരുന്നപ്പോള്‍, അവന്‍ എനിയ്ക്ക് തിരിച്ച് അയച്ചുതന്ന മുകളിലത്തെ കവിതയുടെ വേറൊരു മുഖമാണിവിടെ.
The sun has set
It is midday, time passes
And I sit together with a crowd.
Now feelings shake my heart
A tornado in the valley
Rising up to the skies.
I strike a film which’s of Shakeela,
It was a noon show, a youngster’s love.
I clutch the heights of a fire-warm high
And sink my hands in the watery mountains!

Sunday, September 16, 2007

ഈ രാവ്‌ പുലരാതിരുന്നെങ്കില്‍

ഈ രാവ്‌ പുലരാതിരുന്നെങ്കില്‍!
അറിയാതെയാശിച്ചു പോയി ഞാന്‍.
കൊഴിഞ്ഞുവീണെന്‍ കണ്ണീര്‍പൂക്കള്‍ നിശബ്ദമായ്‌
ഗര്‍ഭഗൃഹത്തിന്‍ തടവറയി‍ല്‍.

ആശിച്ചുപോയ്‌ അമ്മേ
നിന്‍ പൈതലായ്‌ പിറക്കുവാന്‍
ഇനി എനിയ്ക്കാവതില്ലെന്നറിയാം.
എന്നാലുമമ്മേ
ഒരുപാട്‌ സ്നേഹിച്ചുപോയ്‌ നിന്നെ ഞാന്‍.

കൊല്ലുക എന്നെ നീ
അല്ലെങ്കില്‍ നിഷേധിയാവുക
ഒരിക്കലുമെന്നെ അറിയാത്ത-
എന്റെ അച്ഛനും അച്ഛമ്മയ്ക്കും.
കണ്ടു നിന്‍ നിസ്സഹായ മുഖം ഞാന്‍
അവരുടെ ആഗ്രഹങ്ങള്‍ക്ക്‌ മുന്‍പില്‍
കുറ്റപ്പെടുത്തുവാനാവില്ല നിന്നെ.
എന്നേക്കാളുമേറേ നിനയ്ക്ക്‌ വലുത്‌
നിന്‍ അഭിമാനം മാത്രം.
എന്നാലുമമ്മേ
ഒരുപാട്‌ സ്നേഹിച്ചുപോയ്‌ നിന്നെ ഞാന്‍.

ഹാ! അവിശ്വസനീയം!!
എന്നേക്കുമായി നീയെന്നെ യാത്രയാക്കാന്‍ തീരുമാനിച്ചു.
എന്റെ ആത്മാവ്‌ കവര്‍ന്നെടുത്ത്‌
നാളെ നീ സ്വതന്ത്രയാകും?
ഇത്‌ തികച്ചും നിന്‍ തീരുമാനമോ?

എന്നാലുമമ്മേ നില്‍ക്കൂ ഒരുനിമിഷം.
ഞാനിവിടെയുണ്ട്‌ നിന്നുള്ളില്‍.
ഇനിയും സമയമുണ്ട്‌ഒരു പുനര്‍വിചിന്തനത്തിന്‌.
ഞാന്‍ നിന്റേതാണ്‌, നിന്റേത്‌ മാത്രം.
എന്‍ വിരലില്‍ തൊടേണ്ടേ..
എന്‍ കൊഞ്ചല്‍ കേള്‍ക്കേണ്ടേ..
എന്നെ യാത്രയാക്കരുതേ...

ഇപ്പോള്‍ അമ്മേ നീയും ആശിക്കുന്നവോ?
ഈ രാവ്‌ പുലരാതിരുന്നെങ്കില്‍!

ഈ രാവ്‌ പുലരാതിരുന്നെങ്കില്‍?

Sunday, September 9, 2007

പെണ്ണ്‌ പ്രോത്സാഹിപ്പിച്ചെങ്കിലേ

പെണ്ണ്‌ പ്രോത്സാഹിപ്പിച്ചെങ്കിലേ ആണുങ്ങള്‍ (?) പുറകേ നടക്കുകയൊള്ളൂ എന്ന് മണ്‍മറഞ്ഞ ശ്രീ. എം. കൃഷ്ണന്‍നായരുടെ വാരഫലം എന്ന പക്തിയില്‍ (കലാകൗമുദി ആഴ്ചപ്പതിപ്പ്‌) ഒരിക്കലെവിടെയോ ഞാന്‍ വായിച്ചതോര്‍ക്കുന്നു. അത്‌ അന്വര്‍ത്ഥമാക്കുന്ന രണ്ട്‌ പഴയകാല സംഭവങ്ങള്‍ ഇവിടെ അയവിറക്കുന്നു.

സംഭവം ഒന്ന്.
വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ആപ്‌ടെക്കില്‍ പഠിക്കുന്ന കാലം.പത്ത്‌ മാര്‍ക്ക്‌ കൂടുതല്‍ കിട്ടുമല്ലോ എന്നോര്‍ത്താണ്‌ പ്രോജ്‌ക്ട്‌ ലീഡര്‍ എന്ന സ്ഥാനം കേറിപ്പിടിച്ചത്‌. കൂടെയുള്ള എല്ലാവരും എന്നില്‍നിന്ന് പ്രോജക്റ്റിന്‌ വേണ്ട എന്തെങ്കിലുമൊക്കെ കിട്ടും എന്ന് പ്രതീക്ഷിച്ചതുപോലെ ഞാനും പ്രതീക്ഷിച്ച്‌, പ്രതീക്ഷിച്ച്‌ ദിവസങ്ങള്‍ കടന്ന് പോയതറിഞ്ഞില്ല. റഗുലര്‍ ക്ലാസ്സുകള്‍ മുടക്കാന്‍ സാധിക്കാത്തതിനാലും, പ്രസന്റേഷന്‍ ദിവസം വളരെ അടുത്തതിനാലും, കാര്യങ്ങള്‍ പെട്ടന്ന് തീര്‍ക്കാന്‍വേണ്ടി,ലീഡര്‍ എന്ന നിലയില്‍ ഞാന്‍ ഞായറാഴ്ച രാവിലെ ഒരു Discussion/ Practical/ Dummy Demo എന്നിവയ്ക്കായ്‌ ഒരു ക്ലാസ്‌ വിളിച്ച്‌ കൂട്ടി. രാവിലെ ഏതാണ്ട്‌ ഏട്ട്‌ മണിയ്ക്കാണ്‌ സമയം വച്ചെതെന്ന് തോന്നുന്നു. ഞാന്‍ പതിവ്‌ പോലെ വളരെ വൈകി പത്ത്‌ മണിയായപ്പോഴെക്കും എത്തി. ലാബിന്റെ മേധാവിയും പ്രോജക്ട്‌ സഹായത്തിനുള്ള സാറുള്‍പ്പടെ എല്ലാവരും വൈകിയാണെങ്കിലും ക്ലാസ്സിനെത്തി; ഒരു പെണ്‍കുട്ടിയൊഴികെ.

പിറ്റേദിവസം, ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തലേദിവസം വരാഞ്ഞതിന്റെ കാരണം വളരെ ഗൗരവത്തില്‍ തന്നെ തിരക്കി. അപ്പോള്‍ മറുപടി: "ആര്‌ പറഞ്ഞു ഞാന്‍ വന്നില്ലെന്ന്, താങ്കള്‍ എപ്പോഴായിരുന്നു സമയം പറഞ്ഞിരുന്നുത്‌? എട്ട്‌ മണിയ്ക്ക്‌. അല്ലേ? ഞാന്‍ കൃത്യസമയത്ത്‌ തന്നെ വന്നിരുന്നു. എന്നാല്‍ പത്ത്‌ പതിനഞ്ച്‌ മിനിട്ട്‌ കാത്ത്‌ നിന്നിട്ടും ആരേയും കാണാത്തതിനാല്‍ മടങ്ങിപ്പോയി. ഞായറാഴ്ച രാവിലെ ഒരുപെണ്‍കുട്ടി ഇവിടെ തനിയെ നിന്നാല്‍ ഉണ്ടാകാവുന്ന വിഷമതകളെക്കുറിച്ച്‌ താങ്കള്‍ വല്ലതും ബോധവാനാണോ?"

എനിയ്കുത്തരമില്ലായിരുന്നു. ഒരു ബഹുനിലക്കെട്ടിടത്തിലെ മൂന്നാം നിലയിലാണ്‌ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്‌, താഴെനിന്ന് കോവേണി ചെന്നെത്തുന്നത്‌ സ്ഥാപനത്തിന്റെ മുന്‍വശത്തുള്ള ഇടുങ്ങിയ ഇടനാഴിയിലേക്കും.സ്ഥാപനത്തിന്‌ മുകളില്‍ ലോഡ്ജോ മറ്റോ പ്രവര്‍ത്തിക്കുന്നെണ്ടെന്ന് തോന്നുന്നു. ഇവിടെ ഒറ്റയ്ക്ക്‌ കിട്ടിയാല്‍ മനുഷ്യത്വം മരവിച്ചവര്‍ക്ക്‌ എന്തും ചെയ്യാം.!

സംഭവം രണ്ട്‌.
സ്ഥലം പഴയ ആപ്‌ടെക്‌ തന്നെ.അവിടുത്തെ തന്നെ ചില സീനിയേഴ്സുമായ്‌ (ആണും പെണ്ണും) ഞാന്‍ സൗഹൃദത്തിലായിരുന്നു.(ഇതൊക്കെയാണ്‌ പ്രോജക്ട്‌ ലീഡ്‌ ചെയ്താലുള്ള ഗുണം). അതിലെരെണ്ണം (പെണ്‍) ഏതോ ആവശ്യം പറഞ്ഞ്‌ എന്നോട്‌ അന്‍പത്‌ രൂപ കടം വാങ്ങി. മാസങ്ങള്‍ ഒന്ന് രണ്ട്‌ കഴിഞ്ഞിട്ടും തിരിച്ച്‌ കിട്ടാത്തതിനാല്‍ ഒന്നു ചോദിച്ചു നോക്കി. അപ്പോള്‍ അത്‌ യാദൃച്ഛികമായിട്ടാണെങ്കിലും കേട്ടയുടനെ ഒരു സീനിയര്‍ സുഹൃത്ത്‌ ആ രൂപ അവന്റെ കൈയ്യില്‍നിന്ന് എനിയ്ക്കെടുത്ത്‌ തന്നു. കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാവാഞ്ഞതിനാല്‍ ഞാന്‍ ആ സുഹൃത്തിനോട്‌ പിന്നീട്‌ ഒറ്റയ്ക്ക്‌ കിട്ടിയപ്പോള്‍ ചോദിച്ചു. "അവള്‍ രൂപ നിനക്ക്‌ തിരിച്ച്‌ തരുമെന്ന് വല്ല ഉറപ്പുമുണ്ടോ?"

അപ്പോള്‍ അവന്റെ മറുപടി:"അതൊന്നും പ്രയാസമില്ലടേയ്‌. ഒരുദിവസം അവളേം കൊണ്ട്‌ സിനിമയ്ക്ക്‌ പോയാല്‍ മതി, നിനക്ക്‌ തന്നത്‌ എനിയ്ക്‌ മുതലാകും."

Saturday, September 1, 2007

വിമാനയാത്രയിലെ സാമാന്യമര്യാദകള്‍

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട ചില സാമാന്യമര്യാദകളെക്കുറിച്ച്‌ ഇതാ ഇവിടെ വിവരിക്കുന്നു. വിവരണം ആംഗലേയത്തിലാണെന്ന് മാത്രം. ഭാഷാ വൈദഗ്‌ദ്ധ്യമുള്ള ആരെങ്കിലും ഇത്‌ വിവര്‍ത്തനം ചെയ്ത്‌ കുറെക്കൂടി രസകരമായ മറ്റൊരു പോസ്റ്റാക്കാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും.