Wednesday, March 28, 2007

അച്‌ഛനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം

എന്റെ കുഞ്ഞുന്നാളില്‍ അച്ഛന്‍ വൈകിട്ട്‌ ഓഫിസില്‍നിന്നു വന്ന്, കുളികഴിഞ്ഞ ശേഷം വീടിന്റെ ഹാളില്‍ക്കൂടി അങ്ങോട്ടും ഇങ്ങോട്ടും അല്‍പനേരം നടക്കുക പതിവുണ്ട്‌. മിക്കപ്പോഴും ആ സമയം ഞാന്‍ അച്ഛന്റെ തോളിലുണ്ടായിരിക്കും. ഒരുപകല്‍ മാത്രം പ്രായമുള്ള അച്ഛന്റെ മുഖത്തെ കുറ്റിരോമങ്ങള്‍ കൊണ്ട്‌ ഇടയ്ക്കിടെ എന്റെമുഖത്തുരസി എന്നെ അലസോരപ്പെടുത്തിയിരുന്ന എന്റെ അച്ചാച്ചനെ(അങ്ങനെയാണ്‌ ഞാന്‍ വിളിക്കുക)യാണ്‌ എനിയ്ക്കേറെ ഇഷ്ടം.

കേരളത്തിലെ കോട്ടയം, എറണാകുളം, കോഴിക്കോട്‌, വയനാട്‌, കാസര്‍കോട്‌, എന്നീ ജില്ലകളൊഴികെ ബാക്കിയെല്ലാ ജില്ലകളിലും മാറി മാറി ജോലിചെയ്തിട്ടുണ്ട്‌ എന്റെ അച്ഛന്‍.

രാത്രി കാലങ്ങളില്‍ മുറ്റത്തിറക്കി ചന്ദ്രനെയും നക്ഷത്രങ്ങളേയും മാത്രമല്ല, പിന്നയോ ബുധനെയും ശുക്രനെയും, അങ്ങു ദൂരെ.. ദൂരെ.. സപ്‌തര്‍ഷികളെയും കാണിച്ചു തന്നിട്ടുണ്ട്‌ എന്റെ അച്ഛന്‍. പിന്നെ രാത്രിയില്‍ മുറ്റത്തെ മുല്ലച്ചെടികള്‍ പൂക്കുന്നതും അതിലെ പൂക്കള്‍ വിടരുന്നതും കാണിച്ചുതന്നിട്ടുണ്ട്‌

കുട്ടിക്കാലത്ത്‌ ഗലീലയോ, ആര്‍ക്കിമിഡിസ്‌, സ്പാര്‍ട്ടക്കസ്‌ എന്നിവരുടെ ജീവചരിത്രങ്ങളടങ്ങിയ പുസ്തകങ്ങള്‍ വാങ്ങി തന്നതും എന്റെ അച്ഛന്‍. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വായനശാലയിലേക്ക്‌ പറഞ്ഞയച്ച്‌ വായനശീലം വളര്‍ത്തിയതും എന്റെ അച്ഛന്‍.

സ്കൂള്‍ അവധിക്കാലങ്ങളില്‍ മലമ്പുഴയിലും, മൂന്നാറിലും, പിന്നെ മാട്ടുപെട്ടിയിലും, മറയൂരിലും എന്നെ കൊണ്ടുപോയിട്ടുണ്ട്‌ എന്റെ അച്ഛന്‍. സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ സമയം കിട്ടുമ്പോഴൊക്കെ എന്റെ ഇംഗ്ലീഷ്‌ നോട്ട്ബുക്കിലെ സ്പെല്ലിംഗുകള്‍ തിരുത്തി തന്നിരുന്നതും എന്റെ അച്ഛന്‍. ഗണിതശാസ്ത്രത്തിലെ ഹരണക്രിയ എനിയ്ക്‌ എളുപ്പമാക്കി തന്നതും എന്റെ അച്ഛന്‍. പ്രോഗ്രസ്‌ കാര്‍ഡിലെ റിമാര്‍ക്സ്‌ എല്ലായ്‌പ്പോഴും "തൃപ്തികരമല്ല" എന്ന് കണ്ടിട്ടും അതില്‍ ഒപ്പിട്ട്‌ തരാന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ലാത്ത എന്റെ അച്ഛന്‍.

പക്ഷികളുടെ കടംകഥയ്ക്ക്‌ (ഒരു മരത്തില്‍ കുറെ കിളികള്‍, അതിലെ ഒരു കിളി ഇങ്ങനെ പറഞ്ഞു: ഞങ്ങളും, ഞങ്ങളോളവും, ഞങ്ങളില്‍ പാതിയും, അതില്‍ പാതിയും, പിന്നെ ഞാനുംകൂടി ചേര്‍ന്നാല്‍ നൂറാകും. എന്നാല്‍ ഞങ്ങളെത്ര?) ഗണിതശാസ്ത്രത്തിലെ ആള്‍ജിബ്ര സമവാക്യത്തിലൂടെ എനിയ്ക്‌ ഉത്തരം കാണിച്ചു തന്നതും എന്റെ അച്ചാച്ചനാണ്‌.

കുട്ടിക്കാലങ്ങളിലെ എല്ലാ ഓണത്തിനും പുതിയ കയറു തന്നെ വാങ്ങി ഊഞ്ഞാല്‍ ഇട്ടുതന്നിരുന്നു അച്ഛന്‍. കൊട്ടാരക്കര ജോലിചെയ്തിരുന്നപ്പോള്‍ ചിലപ്പോഴൊക്കെ അവിടുത്തെ ഗണപതിയമ്പലത്തില്‍നിന്ന് ഉണ്ണിയപ്പം വാങ്ങി കൊണ്ടു വന്നു തന്നിട്ടുണ്ട്‌ എന്റെ അച്ഛന്‍. പിന്നിട്‌ അവിടുത്തെ ഉത്സവത്തിനു എന്നെ കൊണ്ടുപോയി കെ.ജി.മാര്‍ക്കോസിന്റെ ഗാനമേള കേള്‍പ്പിച്ച എന്റെ അച്ഛനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം.

പത്താം ക്ലാസ്സില്‍ ആയപ്പ്പ്പോള്‍ BSA സൈക്കിള്‍ വാങ്ങിതന്നതും ക്ലാസ്സ്‌ (പ്രതിക്ഷയ്ക്കത്ര ഉയര്‍ന്നില്ല) കടന്നപ്പോള്‍ HMTയുടെ 'Vivek' Model വാച്ച്‌ വാങ്ങിതന്ന എന്റെ അച്‌ഛന്‍. (അങ്ങനെയെങ്കിലും മകന്‌ കുറച്ച്‌ വിവേകം വന്നെങ്കിലോ എന്നു വിചാരിച്ചിട്ടുണ്ടാവും.

മാര്‍ച്ചു മാസത്തിലെ കോളേജ്‌ ഫീസ്‌ ചോദിച്ചപ്പോള്‍ (റെഗുലര്‍ കോളേജുകളിലില്‍ സാധാരണ മാര്‍ച്ച്‌ മാസത്തെ ഫീസ്‌ വാങ്ങാറില്ല) മാര്‍ച്ച്‌ മാസത്തിലെ ഫീസ്‌ തരില്ല എന്നാല്‍ മറ്റേതെങ്കിലും മാസത്തെ കുടിശിഖയുണ്ടെങ്കില്‍ അത്‌ തരാമെന്നുപറഞ്ഞ എന്റെ അച്ഛനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം.

പിന്നീട്‌ കാലങ്ങള്‍ കടന്നപ്പോള്‍ Oedipus Complex എന്താണെന്ന്‌ പറഞ്ഞു തന്നതും എന്റെ അച്ഛന്‍.

തുച്ഛമായ പെന്‍ഷനില്‍നിന്നു വളരെ വലിയ വിലയുള്ള യമഹായുടെ Music Keyboard വാങ്ങി തന്ന എന്റെ അച്ഛനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം.

ഹിന്ദി ഭാഷ അറിയാത്ത എന്നാല്‍ റാഫി, മുകേഷ്‌, മന്നാഡേ, ലത മങ്കേഷ്ക്കര്‍ തുടങ്ങിയവരുടെ പാട്ടുകള്‍ കേള്‍ക്കുന്ന എന്റെ അച്ഛന്‍.

എനിയ്ക്കുള്ള കത്തുകളില്‍ നിറയെ ഷേക്‍സ്പിയരിന്റേയും ഗ്രീക്ക്‌ പുരാണത്തിലേയും കഥാഭാഗങ്ങള്‍ കൊണ്ടു നിറച്ചിരുന്ന എന്റെ അച്ഛനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം.

അമ്മച്ചിയുടെ രോഗാവസ്ഥയെക്കുറിച്ചു ചോദിച്ചപ്പോള്‍ "Hope for the best but prepare to accept the worst" എന്നു പറഞ്ഞ എന്റെ അച്ഛന്‍. പിന്നീട്‌ അമ്മച്ചി ഞങ്ങളെ വിട്ടു പോയപ്പോള്‍ മാത്രം കരഞ്ഞുപോയ എന്റെ അച്ഛന്‍. അതിനുശേഷം വല്ലപ്പോഴുമൊക്കെ ഞാന്‍ ഉണ്ടാക്കി കൊടുത്തുരുന്ന മാമ്പഴപുളിശ്ശേരിയും (അങ്ങനെയാണ്‌ അച്ചാച്ചന്‍ അതിനെ വിളിച്ചിരുന്നത്‌) ഓംലെറ്റും ഏറേ ഇഷ്ടപ്പെട്ടിരുന്ന എന്റെ അച്ഛന്‍.

കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍ക്കഥകളിലെ പല തമാശ ഭാഗങ്ങളും, പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടെപോലെ ഫലിക്കുന്നില്ല...., നായരു വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടിട്ടില്ല... തുടങ്ങിയവ ചൊല്ലി കേള്‍പ്പിച്ചിരുന്ന എന്റെ അച്ഛന്‍.

എനിയ്ക്കു കിട്ടുന്ന വേതനം കുറവാണെന്നു പറഞ്ഞപ്പോള്‍ എത്ര കിട്ടുന്നു എന്നുള്ളതിലല്ല, പിന്നയോ കിട്ടുന്നതില്‍ എത്ര മിച്ചം വയ്ക്കാം എന്നുള്ളതിലത്രേ കാര്യം എന്ന്‌ മനസ്സിലാക്കി തന്ന എന്റെ അച്ഛന്‍. കുടുംബ ജീവിതം ഒരു ശീട്ടുകളി പോലെയാണെന്നും അതായത്‌ ഒരു നല്ല കൈ വന്നശേഷം നന്നായി കളിക്കാം എന്നു വിചാരിക്കുന്നതിനേക്കാള്‍ നല്ലത്‌, കിട്ടിയ കൈ വച്ച്‌ നന്നായി കളിക്കുക എന്ന്‌ തമാശയായും കാര്യമായും പറഞ്ഞു തന്നു അച്ഛന്‍.

മിക്ക ഇന്‍ഡ്യന്‍ സിനിമകളും മനുഷ്യന്റെ സാമന്യബുദ്ധിയെ പരിഹസിക്കുന്നതാണെന്നു പറയുന്ന എന്റെ അച്ഛന്‍. ഇന്നാല്‍ ശ്രീനിവാസനെയും, മുരളിയേയും, അവരുടെ സിനിമകളെയും ഇഷ്ടപ്പെടുന്ന എന്റെ അച്ഛന്‍. മദര്‍ ഇന്‍ഡ്യ, നാഗിന്‍, മേരാ നാം ജോക്കര്‍, ദോസ്തി, സംഗം, എന്നി സിനിമകള്‍ ഏറെ ഇഷ്ടപ്പെടുന്ന എന്റെ അച്ഛന്‍. അറുപത്‌ കാലഘട്ടങ്ങളില്‍ അനന്തപുരിയിലെ സിനിമകൊട്ടകയില്‍ വന്നിരുന്ന മിക്ക ഹോളിവുഡ്‌ ചിത്രങ്ങളും കണ്ടിട്ടുള്ള എന്റെ അച്ഛന്‍.

തന്‍കാര്യം നോക്കാന്‍ പ്രായമായിട്ടും വീട്ടിന്നുള്ളില്‍ തന്നെ ചക്കുകാളയെപോലെ നട്ടം തിരിഞ്ഞിരുന്ന സമയത്ത്‌, ഞാന്‍ വായിച്ചുകൊണ്ടിരുന്ന ഒരു ആഴ്ചപ്പതിപ്പിന്റെ(മാതൃഭൂമിയാണെന്നു തോന്നുന്നു) ഒരു പേജില്‍ കടമ്മനിട്ടയുടെ വരികളായ: കുഞ്ഞേ തുള്ളാന്‍ സമയമില്ലിപ്പോള്‍, ചുട്ടവെയിലത്തു കാലു പൊള്ളുമ്പോള്‍ നിന്‍ കാര്യം നീ മാത്രം നോക്കണം....എന്ന്‌ കോറിയിട്ട്‌ അതിന്റെ അര്‍ത്ഥമറിഞ്ഞെങ്കിലും പ്രവര്‍ത്തിക്കും എന്ന് വിചാരിച്ചിരുന്നു എന്റെ അച്ഛന്‍.

ഒരുതവണ രാവിലെ ജനുവരി മുപ്പതിനു ഫോണില്‍വിളിച്ചപ്പോള്‍ ഇന്നാണ്‌ ഗാന്ധിജിയുടെ ചരമദിവസമെന്നും, "ഇങ്ങനെ ഒരു മനുഷ്യന്‍ ഈ ഭൂമിയില്‍ ജിവിച്ചിരുന്നു എന്ന് വരും തലമുറ വിശ്വസിക്കില്ല" എന്ന് ആല്‍ബര്‍ട്‌ ഐന്‍സ്റ്റീന്റെ ആപ്തവാക്യം ഉരുവിട്ട എന്റെ അച്ഛന്‍.

ശ്രീമത്‌ ഭഗവത്ഗീതയും, വി:ഖുറാനും, വി:വേദപുസ്തകവും, പിന്നെ കാള്‍മാര്‍ക്സിന്റെ മൂലധനവും വായിക്കുകയും അവ പഠിക്കുകയും ചെയ്യുന്ന എന്റെ അച്ഛന്‍. മഹാഭാരതത്തിലെ പല സംഭവകഥകളും പറഞ്ഞുതന്നിട്ടുള്ള എന്റെ അച്ഛനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം.

പത്താം തരം വരെ മാത്രം പഠിച്ച അച്ഛന്‍, എന്നാല്‍ ആംഗലേയ ഭാഷാസാഹിത്യത്തിനു പഠിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിയ്ക്‌ ഷേയ്‌ക്‍സ്പിയര്‍ നാടകങ്ങളുടെ വിശദീകരണങ്ങള്‍ കൊടുത്ത എന്റെ അച്ഛന്‍.

സുന്നത്ത്‌ കര്‍മ്മം എന്തെന്ന് ആദ്യമായി എനിയ്ക്കു പറഞ്ഞുതന്നത്‌ എന്റെ അച്ഛന്‍. ഉടനെ കഴുത്തെന്റേതറക്കൂ.. ബാപ്പാ... പടച്ചോന്‍ തുണയേകും നമുക്ക്‌ ബാപ്പാ... എന്ന പാട്ട്‌ ചൊല്ലി കേള്‍പ്പിച്ചും, ആ പാട്ടിന്റെ പിന്നിലുള്ള സംഭവവും വിവരിച്ചു തന്നതും എന്റെ അച്ഛന്‍.

ചെറുപ്പകാലത്ത്‌ ശീലിച്ച പുകവലി എഴുപതാം വയസ്സിലെ ഒരു ദിവസ്സം അത്‌ സ്വമേധയാ ഉപേക്ഷിച്ച എന്റെ അച്ചാച്ചനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം.

ഞാന്‍ Michael Jacksonന്റെ പാട്ടുകള്‍ കേട്ടിരുന്ന സമയത്ത്‌, ഇതിനേക്കാള്‍ എത്രയോ നല്ല പാട്ടുകളാണ്‌
Carpenters("Mr.Postman")ന്റേത്‌ എന്ന് പറഞ്ഞ എന്റെ അച്ഛന്‍.

സ്കൂള്‍ മാഷിനെക്കാളും ഭംഗിയായി ഒലിവര്‍ ട്വിസ്റ്റ്‌(Oliver Twist)ന്റെ കഥ പറഞ്ഞുതരികയും പഠിപ്പിച്ചു തരികയും ചെയ്തിരുന്ന എന്റെ അച്ഛന്‍. വെറുതെയിരിക്കുമ്പോള്‍ ചിലപ്പോഴൊക്കെയെങ്കിലും വിരലുകള്‍കൊണ്ട്‌ അക്കങ്ങള്‍ കൂട്ടിക്കിഴിച്ചുകൊണ്ടിരിക്കുന്ന എന്റെ അച്ഛന്‍.

പള്ളിയിലെ രസീത്‌ ബുക്ക്‌ കീറി തോരണം കെട്ടിയതിനു മാത്രം ഒരിക്കല്‍ എന്നെ തല്ലിയ എന്റെ അച്ഛന്‍. (അല്ലാതെ അച്ചാച്ചന്‍ എന്നെ തല്ലിയതായി ഞാന്‍ ഓര്‍ക്കുന്നേയില്ല.

B.C.യും A.D.യും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി തന്നതും എന്റെ ‍അച്ഛന്‍.

"കാട്ടില്‍ പുലി ഇല്ലാഞ്ഞിട്ടാണോ? ഇവിടെനിന്നും ഒരാള്‍ മലയ്ക്‌ പോകാഞ്ഞിട്ടാണോ?" എന്ന തമാശക്കഥ പറഞ്ഞു തന്നതും എന്റെ അച്ഛന്‍.

ഞാന്‍ ഇട്ടിരുന്ന ബാറ്റാ (Quovadis) ചെരിപ്പു കണ്ടിട്ടാവണം
Quo Vadis-ന്റെ അര്‍ത്ഥം പറഞ്ഞു തന്നതും എന്റെ അച്ഛന്‍.

അമേരിക്കയില്‍നിന്ന് സുവിശേഷം പറയാന്‍ വന്നവരോട്‌ "അന്യരാജ്യങ്ങളില്‍ യുദ്ധം ചെയ്തും, ചെയ്യിച്ചും, കലാപത്തിന്റെ വിത്തുകള്‍ പാകി, നിരപരാധികളായ സ്ത്രീകളെയും കുട്ടികളേയും അനാഥരാക്കുകയും അവരെ പട്ടിണിയുടേയും അരാജകത്വത്തിന്റേയും നടുവിലേക്ക്‌ അനുദിനം തള്ളിവിടുകയും, കൂടാതെ ലോകം മുഴുവനും മാരകങ്ങളായ യുദ്ധസാമഗ്രികള്‍ വിറ്റും, മറ്റുവിധത്തില്‍ ചൂഷണം നടത്തി ലാഭം കൊയ്തും, ലോകജനതയെ ആകമാനം ദുരിതത്തിലേക്ക്‌ തള്ളിവിട്ടുകൊണ്ടിരിക്കുന്ന അമേരിക്കന്‍ ഭരണാധികാരിളെ വീണ്ടും ജനിപ്പിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുക!" എന്നു പറഞ്ഞ എന്റെ അച്ഛന്‍.

അങ്ങനെ എത്ര എഴുതിയാലും, പറഞ്ഞാലും മതിവരാത്ത ആളാണ്‌
എനിയ്ക്ക്‌ എന്റെ അച്ചാച്ചന്‍. എന്നെ ഞാന്‍ ആക്കിയ ആ അച്ഛനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം. ആ അച്ഛന്റെ കൂടെ കിടന്നുറങ്ങാന്‍ ഇപ്പോഴും എനിയ്ക്കേറെ ഇഷ്ടം.

തനിമലയാളത്തിലെ ബ്ലോഗ്ഗ്‌ കൂട്ടുകാര്‍ക്ക്‌ വേണ്ടി ഒരു ലേഖനം എഴുതി തരാമെന്ന് അച്ചാച്ചന്‍ ഏറ്റിട്ടുണ്ട്‌. കാത്തിരിക്കുക... ഇന്ന് എന്റെ അച്ചാച്ചന്റെ 76-ാ‍ം പിറന്നാള്‍..!! ഇത്രയും നാള്‍ ആയുസ്സോടെ എന്റെ അച്ഛനെ എനിക്കു തന്ന ദൈവത്തിനു ഒരായിരം നന്ദി..

33 comments:

മറ്റൊരാള്‍ | GG said...

എന്റെ അച്‌ഛനെക്കുറിച്ച്‌ അറിയേണ്ടേ കൂട്ടരേ നിങ്ങള്‍ക്ക്‌?...സ്വാഗതം.....

സു | Su said...

അച്ചാച്ചനെ അറിഞ്ഞതില്‍ സന്തോഷം. ഇനി ലേഖനത്തിനായി കാത്തിരിക്കുന്നു.

മനോജ് കുമാർ വട്ടക്കാട്ട് said...

ആ അച്ഛനെ ആര്‍ക്കാണ്‌ ഇഷ്ടപ്പെടാതിരിക്കുക.

(നന്നായിരിക്കുന്നു)

എന്‍റെ ഗുരുനാഥന്‍ said...

good work

അത്തിക്കുര്‍ശി said...

ആ അച്ഛനെ ആര്‍ക്കാണ്‌ ഇഷ്ടപ്പെടാതിരിക്കുക.

(നന്നായിരിക്കുന്നു)

തമനു said...

അച്ചാച്ചനെ ഞങ്ങളുടെ സ്നേഹാന്വേഷണം അറിയിക്കണേ...

ആയുസും ആരോഗ്യവും നല്‍കി ദൈവം നടത്തട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

sandoz said...

അച്ചാച്ചന്‍ എഴുതുന്ന ലേഖനത്തിനായി കാത്തിരിക്കുന്നു.....

അപ്പു ആദ്യാക്ഷരി said...

മറ്റൊരാളേ..... എത്ര മധുരമുള്ള ഓര്‍മ്മകള്‍. താന്‍ ഭാഗ്യവാനാണ് ഇങ്ങനെയൊരച്‌ഛനെ കിട്ടിയതില്‍.
ആ അച്ചാച്ചനോടൊപ്പം വീണ്ടും
“മറ്റൊരു ജന്മം കൂടെ ജനിക്കാ‍ന്‍ പുണ്യം പുലര്‍ന്നിടുമോ... പുണ്യം പുലര്‍ന്നിടുമൊ” എന്ന് പ്രാര്‍ത്‌ഥിക്കുക.

അപ്പു ആദ്യാക്ഷരി said...

സ്നേഹവാനായ ആ അച്‌ഛന് പിറന്നാളാശംസകള്‍.
“മറ്റൊരു ജന്മം കൂടെ ജനിക്കാ‍ന്‍ പുണ്യം പുലര്‍ന്നിടട്ടെ.”

Rasheed Chalil said...
This comment has been removed by the author.
Rasheed Chalil said...

ഒത്തിരി നല്ല ഓര്‍മ്മകളിലൂടെ സഞ്ചരിക്കാന്‍ അവസരം തന്നതിന് ‘മറ്റൊരാള്‍’‍ക്ക് ഒത്തിരി നന്ദി.

ഇനിയും ഒത്തിരികാലം വെളിച്ചം പകരാന്‍ അദ്ദേഹത്തിനാവട്ടേ എന്ന് അത്മാര്‍ത്ഥമായി ആശംസിക്കുന്നു.

Kiranz..!! said...

“എന്നുമെന്‍ പുസ്തകത്താളില്‍ മയങ്ങുന്ന നന്മ തന്‍ പീലിയാണച്ഛന്‍..“

എന്റമ്മോ ക്രിക്കറ്റ് ബാറ്റും തല്ലിപ്പൊളിച്ച് ചന്തിക്ക് തന്ന പൊട്ടീര് ഇത് വരെ മാറീട്ടില്ല..:)

ചാച്ചന്റെ പിറന്നാള്‍ ഗംഭീരമാകട്ടെ..!

പ്രിയംവദ-priyamvada said...

ഭഗ്യവന്മാര്‍..അചാച്ചനും പേരകുട്ടിയും!
qw_er_ty

മറ്റൊരാള്‍ | GG said...

എല്ലാവരുടേയും അന്വേഷണങ്ങള്‍ അച്ഛനെ അറിയിച്ചിട്ടുണ്ട്‌. അതേപോലെ തന്നെ അച്ഛന്റെ ആശംസകള്‍ തിരിച്ചും ഇതോടൊപ്പം.

സു, ഗുരുനാഥന്‍, അത്തിക്കുറിശ്ശി, എല്ലാവര്‍ക്കും നന്ദി.

പടിപ്പുര: എന്റെ അമ്മയുടെ വീട്ടുപേരും ഇതുതന്നെ സുഹൃത്തേ,

തമനു: "എന്നാലും എന്റെ തമനൂ" എന്ന് അച്ചാച്ചനും പറഞ്ഞൂ.

sandoz: കമ്പനിവക വൈറ്റമിന്‍ ഗുളികകളും വാങ്ങിതന്നിട്ടുണ്ട്‌ അച്ഛന്‍,

അപ്പു: ഒരു കൊച്ചുകുട്ടിയാണോ എന്ന് അച്ഛന്‍ ചോദിക്കുന്നു.

ഇത്തിരിവെട്ടം:എന്റേയും ഏറെക്കുറെ ഉദ്ദേശം അതുതന്നെയായിരുന്നു സുഹൃത്തേ. എല്ലാവര്‍ക്കും അവരവരുടെ നല്ലഓര്‍മ്മകളിലൂടെ സഞ്ചരിക്കാന്‍ ഒരവസരം.

Kiranz: കവിതാശകലം ഇഷ്ടപ്പെട്ടു. പിന്നെ ക്രിക്കറ്റ്‌ ബാറ്റ്‌ വീട്ടില്‍ കയറ്റിയിരുന്നെങ്കില്‍ എനിയ്ക്കും കിട്ടിയേനെ...!

പ്രിയംവദ:അനസൂയയ്ക്കും, മറ്റ്‌ തോഴിമാര്‍ക്കും സുഖം തന്നെയോ??

Anonymous said...

Valare valare nannayirikkunnu.
Keep it up . Veendum veendum ezhuthanam. Language nannayittundu.
All the best.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അച്ഛനെക്കുറിച്ചോര്‍ക്കാന്‍ (അമ്മയെക്കുറിച്ചും) ആര്‍ക്കാ മറ്റൊരാളേ ഇപ്പോള്‍ സമയം? നമ്മള്‍ ആകെ തിരക്കിലല്ലേ? പലര്‍ക്കും ഓര്‍മ്മകളിലേക്ക്‌ ഒരു വെട്ടുവഴിയായി താങ്കള്‍ തുറന്ന പിറന്നാള്‍ക്കുറിപ്പ്‌ അതിമനോഹരമായി.

രണ്ടാഴ്ചയായി, 'തൂങ്ങിമരിക്കുകയായിരുന്ന' ഞങ്ങളുടെ സിസ്റ്റം ഇന്ന്‌ ഒരുവിധം ഒന്നു തുറന്നപ്പോള്‍; ആദ്യത്തെ കമന്റും ഈ നല്ല ഓര്‍മ്മയ്ക്കിരിക്കട്ടെ.

Anonymous said...

Mattoral,

Really amazing! And I am so sorry for the belated comment!

Once again I can say that really touching & lovely fatherhood memories and I will let my “another part” to comment on this.

All the best!

PappaSarah

ഏറനാടന്‍ said...

അച്ചാച്ചനെകുറിച്ചുള്ള ഓര്‍മ്മ മറ്റൊരാളെ അടുത്തൊരാളാക്കി മാറ്റി..

മുസ്തഫ|musthapha said...

മറ്റൊരാള്‍... ഇന്നാണിതു വായിക്കാനിടയായത്


ഈ അച്ഛനേയും മോനേയും എനിക്കും ഇഷ്ടമായി :)

അച്ചാച്ചനെ ഈ വൈകിയ പിറന്നാള്‍ ആശംസകള്‍ അറിയിക്കുക.

മറ്റൊരാള്‍ | GG said...

അഗ്രജന്‍/ഏറനാടന്‍ ചേട്ടന്മാരേ... ഈ പേജ്‌ വീണ്ടും ചികഞ്ഞെടുത്തതിന്‌ നന്ദി. പിന്നെ അച്ഛന്റെ വക ഒരു പോസ്റ്റ്‌ ഉടനെയുണ്ടാകും.

Anonymous said...

നശിച്ചു നാറാണകല്ലു കെടുന്ന നാട്ടിന്‍ പുറത്തിന്റെ നന്മ മണക്കുന്ന ഓര്‍മ്മകള്‍ക്കു മുന്നില്‍ നമിക്കട്ടെ ഒരിക്കല്‍ കൂടി

ഗൗരിനാഥന്‍ said...

ദീര്‍ഘയിസ്സായിരിക്കട്ടെ അച്ഛന്‍, ആ അച്ഛന്റെ മകനായി ജനിക്കാന്‍ ഭാഗ്യം ചെയ്ത താനും...

അനീഷ് പുത്തലത്ത് said...

നന്ദി....
ഒർമ്മ ചെപ്പു തുറപ്പിച്ചതിനു....
കണ്ണു നിറച്ചതിനു.......

ഈ കമന്റു മക്കളെ സ്നേഹിക്കുന്ന എല്ല അച്ചൻ മാർക്കു വേണ്ടി സമർപ്പിക്കുന്നു

yousufpa said...

മനസ്സില്‍ സ്നേഹം ഒളിപ്പിച്ച് പുറത്ത് ഗൌരവക്കാരനായ ഉപ്പ മനസ്സ് തുറന്നതൊക്കെ വല്ലപ്പോഴും ആയിരുന്നു. അങ്ങനെ ഒരിയ്ക്കല്‍ ഒരു കഥ പറഞ്ഞു. കുരങ്ങ് അപ്പം പങ്ക് വെച്ചത്. അത് ശെരിയ്ക്കും അപ്പം തിന്നു കൊണ്ടായിരുന്നു. ആ കഥ പറയുന്ന നേരം എന്‍റെ ഉമ്മ എന്‍റെ കുഞ്ഞനുജനെ പ്രസവിക്കുകയായിരുന്നു. അതൊരിയ്ക്കലും മറക്കാനാകാത്ത ദിവസമാണ്.

Pradeep Purushothaman said...

ജിജി ,
എനിക്ക് എന്റെ അച്ചനെയും ഓര്‍മ്മ വന്നു. ലോകത്തുള്ള എല്ലാ മക്കള്‍ക്കും അവരവരുടെ അച്ചനെ ഓര്‍ക്കാന്‍ ഉപകരിക്കട്ടെ ....
അച്ചന്റെ ബ്ലോഗിനായി കാത്തിരിക്കുന്നു ....
സ്നേഹാന്വേഷണങ്ങള്‍ അറിയിക്കുക ....
ഇതുപോലെ ഒരു അച്ചനാകാന്‍ നമുക്കെല്ലാം ബാദ്ധ്യതയില്ലേ?
...

Renjith Kumar CR said...

ചേട്ടാ ഇപ്പോഴാണ് ഇത് വായിച്ചത് ,കിരണ്സ് പറഞ്ഞത് പോലെ “എന്നുമെന്‍ പുസ്തകത്താളില്‍ മയങ്ങുന്ന നന്മ തന്‍ പീലിയാണച്ഛന്‍..“
വളരെ ഇഷ്ട്ടമായി

അപര്‍ണ said...

എനിക്കെന്റെ ചാച്ചനെ ഇവിടെ കാണാം...
ഈ കാര്യങ്ങളെല്ലാം ഇതുപോലെ അല്ലെങ്കില്‍ വേറൊരു രീതിയില്‍ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്...

kARNOr(കാര്‍ന്നോര്) said...

വളരെ നല്ല ഒരു സ്മരണാഞ്ജലി !

ശ്രദ്ധേയന്‍ | shradheyan said...

അച്ഛന്‍!

കാഴ്ചക്കാരന്‍ said...

നല്ലൊരച്ഛൻ...

കാഴ്ചക്കാരന്‍ said...

നല്ലൊരച്ഛൻ...

Unknown said...

great kanna great

Unknown said...

grate kanna great