Saturday, May 19, 2007

ആട്ടപ്പെട്ടി ചുമക്കുന്നവര്‍

"അച്ഛന്‍ എഴുതി അയച്ചുതന്ന ഈ കഥയുടെ വാചകഘടനയ്ക്കോ, ആശയത്തിനോ, ഇവിടെ ഒരു മാറ്റവും വരുത്തിയിട്ടില്ല."

ഫാറൂഖ്‌ ബക്കര്‍ (വിചാരം) - പൊന്നാനിയുടെ ദൈനംദിനവേലകളുടെ വിവരണം വായിച്ചു. ഇവിടെ നാട്ടില്‍ ഏതാണ്ട്‌ എഴുപത്‌ വര്‍ഷം മുന്‍പ്‌ നടപ്പുള്ള ഒരു കഥ ചുരുക്കത്തില്‍ പറയാം. ആട്ടപ്പെട്ടി ചുമക്കുന്നവരുടെ കഥ

ആട്ടപ്പെട്ടി എന്നാല്‍ കഥകളി ചമയങ്ങളും, കിരീടങ്ങള്‍, തോള്‍വളകള്‍, വസ്ത്രങ്ങള്‍, മുതലായവ അടങ്ങുന്ന പെട്ടി. നമ്മുടെ അരിപ്പെട്ടിയോളം വലിപ്പം വരുന്ന രണ്ടുപെട്ടി ഉണ്ടായിരിക്കും. ഏതാണ്ട്‌ എഴുപത്‌ കൊല്ലം മുമ്പുള്ള സംഭവമാണ്‌. വാഹനങ്ങള്‍ ചുരുക്കം. ഉണ്ടെങ്കില്‍ തന്നെ ഇങ്ങനെയുള്ള പെട്ടികള്‍ വണ്ടികളില്‍ കൊണ്ടുപോവുകയില്ല. കഥകളി നടത്തുന്നത്‌ ഏതെങ്കിലും ഇല്ലങ്ങളിലോ, കോവിലകങ്ങളിലോ ആയിരിക്കും. കഥകളി ഉപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വീട്ടിലെ കാരണവര്‍ക്ക്‌ ഒരു എഴുത്ത്‌ കിട്ടുന്നു. ഇന്ന സ്ഥലത്ത്‌ കഥകളി, ഇന്ന തീയ്യതിയില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്‌. അവിടേക്ക്‌ കഥകളികോപ്പുകള്‍ കൊടുത്തയയ്ക്കണം. പെട്ടിചുമക്കാന്‍ ഈ വീടുമായി ബന്ധപ്പെട്ട രണ്ടു ചുമട്ടുകാരെ ഏര്‍പ്പാടാക്കുന്നു.വളരെ ഭാരമേറിയ പെട്ടികളാണ്‌. 15-20കിലോമീറ്റര്‍ ദൂരം വരും. സന്ധ്യയ്ക്‌ മുമ്പു എത്തണം. ചുമട്ടുകാര്‍ പെട്ടി തലയില്‍ ഏറ്റി യാത്ര തുടങ്ങുന്നു. പെട്ടികള്‍ കളിസ്ഥലത്ത്‌ എത്തിച്ചാല്‍ "പിന്നെ സുഖമാണ്‌."

സന്ധ്യയോടെ നിര്‍ദ്ദിഷ്ടസ്ഥലത്ത്‌ എത്തിയാലുടന്‍ കഥകളികാര്‍ക്ക്‌ സദ്യ തയ്യാറാക്കണം. നടന്മാര്‍, പാട്ടുകാര്‍, മേളക്കാര്‍, ചുട്ടികുത്തുന്നവര്‍ തുടങ്ങിയവര്‍ എത്തിയിട്ടുണ്ടാകും. അരി, തേങ്ങ, കറിയ്ക്കുള്ള വക എല്ലാം ഉണ്ടാകും. പാത്രങ്ങള്‍ (ഓട്‌, ചെമ്പ്‌, തുടങ്ങിയവ)എല്ലാം തേച്ച്‌ വൃത്തിയാക്കിയിട്ട്‌ വേണം തുടങ്ങാന്‍. ഒരുവിധത്തില്‍ ചോറും, കറിയും വെച്ചു വിളമ്പി, അവരും കഴിച്ചു കഴിഞ്ഞു. "പിന്നെ സുഖമാണ്‌." ഉടനെ തന്നെ ചുട്ടി (കഥകളിയ്ക്‌ മുഖത്ത്‌ തേച്ചുപിടിപ്പിക്കല്‍)യ്ക്കുള്ള അരി അരയ്ക്കണം. (ഇന്നത്തെ പോലെ make-up സാധനങ്ങള്‍ കടയില്‍ കിട്ടുകയില്ല. നല്ല പച്ചരി അധിക വെള്ളം ചേര്‍ക്കാതെ വേണം) - പിന്നെ കരിപ്പൊടി മുതലായവയും. "അതു കഴിഞ്ഞാല്‍ സുഖമാണ്‌" ഉടനെ നടന്മാര്‍ക്കുള്ള വേഷവിധാനങ്ങള്‍ അണിയിച്ചൊരുക്കകയാണം. അതിന്‌ ചുട്ടിക്കാരനെ (makeupman) സഹായിക്കണം. അത്‌ കുറെനേരം പിടിക്കും. "പിന്നെ സുഖമാണ്‌." അപ്പോഴേക്കും രാത്രി രണ്ടുമണി ആയിരിക്കും. അപ്പോഴാണ്‌ കളിതുടങ്ങുന്നത്‌. അതിന്‌ തിരശ്ശീല (curtain) പിടിയ്ക്കണം. അത്‌ കെട്ടുകയോ വലിച്ചു നീക്കുകയോ അല്ല. രണ്ടുപേരും ഓരോഅറ്റത്തും പിടിച്ചുകൊണ്ടു നില്‍ക്കുകയാണ്‌. എപ്പോഴും വേണ്ടെങ്കിലും കളി അവസാനിക്കുന്നതുവരെ നില്‍ക്കേണ്ടി വരും. ദുര്യോധനവധം, കീചകവധം, എന്നിങ്ങനെ ഏതെങ്കിലും വധം ആയിരിയ്ക്കും കഥ. കളി രാവിലെ ഏഴുമണി വരെ നിളും. "അതു കഴിഞ്ഞാല്‍ പിന്നെ സുഖമാണ്‌." പിന്നെ കഥകളി വേഷങ്ങളെല്ലാം അടുക്കി പെട്ടികളില്‍ വെയ്ക്കണം. തലേദിവസം സദ്യയ്ക്ക്‌ ഉപയോഗിച്ച പാത്രങ്ങള്‍ കഴുകി വൃത്തിയാക്കി ഏല്‍പ്പിക്കണം. "പിന്നെ സുഖമാണ്‌."

രാവിലെ പലഹാരം കൂട്ടി കാപ്പിയോ കഞ്ഞിയോ കിട്ടും. പിന്നെ കൂലികിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തുനില്‍പാണ്‌. കൂലി അവിടെനിന്ന്‌ കിട്ടുകയില്ല. ചുമട്ടുകാരുടെ കയ്യില്‍ കൊടുത്തുവിട്ട കത്തില്‍ ഇങ്ങനെ എഴുതിയിരിക്കും. "ആവശ്യപ്പെട്ട പ്രകാരം കഥകളി ചമയങ്ങള്‍ കൊടുത്തയയ്ക്കുന്നു. ചുമട്ടുകാര്‍ക്കുള്ള പ്രതിഫലം അവിടെനിന്ന് കൊടുക്കേണ്ട അവര്‍ തിരികെ വരുമ്പോള്‍ ഇവിടെ നിന്ന് കൊടുത്തു കൊള്ളാം," വിവരമറിഞ്ഞ്‌ നിരാശരായി ഈ പെട്ടി തലയിലേറ്റി നടന്ന് അലഞ്ഞു തിരികെയെത്തും. പെട്ടി ഇറക്കി വെച്ചു കഴിഞ്ഞാല്‍ "പിന്നെ സുഖമാണ്‌." കൂലി അവിടെനിന്ന് കിട്ടുകയില്ല. അവര്‍ ഇവിടെ സ്ഥിരം ജോലി ചെയ്ത്‌ ശാപ്പാട്‌ കഴിച്ചു കഴിയുന്നവരാണ്‌. പിന്നെ പ്രത്യേകിച്ച്‌ കൂലി എന്തിനാണ്‌? പെട്ടി ഇവിടെ ഇറക്കി വച്ചുകഴിഞ്ഞ്‌ അന്നേദിവസം ഉച്ചതിരിഞ്ഞ്‌ വേറൊരു കളിസ്ഥലത്തേക്ക്‌ പെട്ടികളും ചുമന്ന് പോകേണ്ടിവരും അവിടേയും അനുഭവം മേല്‍വിവരിച്ചതുതന്നെ. തലേദിവസം ഒരുപോള കണ്ണടച്ചിട്ടില്ല. തിരിച്ചുവരുന്ന വഴി വല്ല ക്ഷേത്രമൈതാനത്തിലെ ആല്‍ത്തറയിലോ, ചുമടുതാങ്ങി(അത്താണി)യുടെ തൂണില്‍ ചാരിയോ ഒന്നുറങ്ങിയെന്നു വരുത്താം. അതും ഒരു സുഖം തന്നെ.

9 comments:

മറ്റൊരാള്‍ | GG said...

നേരത്തെ പറഞ്ഞിരുന്നത്‌ പോലെ, അഛ്ചന്‍ എഴുതി അയച്ചു തന്നത്‌. എഴുപത്‌ വര്‍ഷം മുന്‍പ്‌ നാട്ടില്‍ നടപ്പുണ്ടായിരുന്ന ഒരു സംഭവകഥ.

Anonymous said...

Katha kollaam.Anganeyum undayirunnu oru kaalam.

അപ്പു ആദ്യാക്ഷരി said...

മറ്റൊരാളേ... അച്ചാച്ചന്‍ എഴുതിയ ലേഖനം വായിച്ചു. എഴുപതുവയസ്സിനുമേല്‍ പ്രായമുള്ള ഒരു ബ്ലോഗര്‍ തന്നെ ഈ ബൂലോകത്ത് ആദ്യമായാണെന്നു തോന്നുന്നു. ഇനിയും എഴുതാന്‍ അദ്ദേഹത്തോട്പറയുക. പഴയകാലത്തേക്കൊന്നു പോകാമല്ലോ?

മറ്റൊരാള്‍ | GG said...

അതേ അപ്പൂ.... ഈ എഴുപത്തിയാറാം വയസ്സിലും എനിയ്ക്‌ ഇത്തരം കഥകള്‍ എഴുതി അയച്ചുതരാന്‍ അദ്ദേഹത്തിന്‌ കഴിയുന്നല്ലോ!! പിന്നെ പണ്ട്‌ അച്ചാച്ചന്‍ എഴുതി അയച്ചുതന്ന കുറെ യവനകഥകള്‍ എന്റെ കൈവശം ഉണ്ട്‌. താമസിയാതെ അത്‌ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം.

തമനു said...

വായിച്ചു. വളരെ നന്നായിരിക്കുന്നു. ഇന്നും ഇത്തരത്തില്‍ കഷ്ടപ്പെടുന്നവര്‍ അനേകരുണ്ട്. ചുമക്കുന്ന ചുമടുകള്‍ക്കും, വേഷങ്ങള്‍ക്കും മാത്രമേ മാറ്റമുള്ളൂ.

അച്ചാച്ചനെ ഞങ്ങളുടെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കുക.ദൈവം ആയുസോടെയും, ആരോഗ്യത്തോടെയും കാക്കട്ടെ..

മുസ്തഫ|musthapha said...

ആട്ടപ്പെട്ടി ചുമക്കുന്നവരെ പറ്റി അച്ചാച്ചന്‍ എഴുതിയത് വായിച്ചു...

മറ്റൊരാളേ, ഇങ്ങിനെയൊരച്ചാച്ചനെ കിട്ടിയ താങ്കള്‍ ഭാഗ്യവാനാണ്.

അച്ചാച്ചന് സ്നേഹത്തോടെ,

അഗ്രജന്‍

മറ്റൊരാള്‍ | GG said...

തമനു, അഗ്രജന്‍ചേട്ടാ:) പറഞ്ഞതെത്ര ശരിയാണ്‌. ഇന്നും ആട്ടപ്പെട്ടി ചുമക്കുന്നവര്‍ ധാരാളം. ചുമക്കുന്ന ചുമടുകള്‍ക്കും, വേഷങ്ങള്‍ക്കും മാത്രമേ മാറ്റമുള്ളൂ.
നന്ദി, സ്നേഹാന്വേഷണങ്ങള്‍ അറിയിച്ചിട്ടുണ്ട്‌.

ബാജി ഓടംവേലി said...

നിങ്ങളുടെ എഴുത്തിന് എന്തോ ഒരു വശ്യതയുണ്ട്‌
കൊള്ളാം

ഗൗരിനാഥന്‍ said...

എത്ര മനോഹരമായിരിക്കുന്നു വിശദീകരണം... ഇന്നും ഈ ചുമക്കല്‍ ക്കാര്‍ ഉണ്ട് ..രൂപത്തിലും വേഷത്തിലും മാറ്റം ഉണ്ട്.പോരാത്തതിന് കൂലി കിട്ടുന്നുണ്ട്‌...അതു പോര എന്നാ തോന്നലാണ് ഇപ്പോഴത്തെ ചുമക്കല്‍ കാരുടെ പ്രശ്നം,,പഴയ കാലത്തേ അടിമത്ത സമ്പ്രദായം കാണിക്കുന്ന അനുഭവം തന്നതിന് നന്ദി