അമ്മാവിയമ്മപ്പോര് (ആദ്യ ഭാഗം)
ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ സാധാരണക്കാരുടെ ഇടയില്‍ ഉണ്ടായിരുന്ന അമ്മാവിയമ്മപ്പോര് ആണ് കുമ്മിയടിപ്പാട്ട് രൂപത്തില്‍ താഴെ പ്രതിപാദിച്ചിരിക്കുന്നത്. അമ്മാവിയമ്മ മരുമകളോട് കാട്ടുന്ന വിദ്വേഷവും, പോരും, മരുമകള്‍ പലിശ സഹിതം തിരികെ കൊടുക്കുന്നതാണ് ഇതിലെ വിഷയം. ഈ പാട്ടിന്റെ ഉപജ്ഞാതാവ് ആരാണെന്ന് കൃത്യമായി എനിയ്ക് അറിയില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വല്ല്യപ്പച്ചനില്‍നിന്ന് കേട്ടു പകര്‍ത്തിയ ഈ പാട്ട്, പ്രിയ ബ്ലോഗ് വായനക്കാര്‍ക്കുവേണ്ടി ഇവിടെ അവതരിപ്പിക്കുന്നു. വായനാ സൗകര്യാര്‍ത്ഥം രണ്ട് ഭാഗങ്ങളായി ഇതിനെ തിരിച്ചിട്ടുണ്ട്.
അല്ലയോ സോദരീ സോദരന്മാരേ
ഞാന്‍ചൊല്ലീടുമിക്കഥ കേട്ടുകൊള്‍വിന്‍
കാലേകലിയുഗ വൈഭവമാര്‍ന്നങ്ങു
കാലം കഴിക്കുന്നു മാനുജന്‍മാര്‍.
പുത്രന്റെ ഭാര്യയെ പുത്രിയെന്നോര്‍ക്കാതെ
കൃത്യങ്ങള്‍ മാതാക്കളാചരിച്ചു.
എന്മകള് സൗഖ്യമായ് വാഴ്ക; മരുമകള്‍-
ഉണ്മയായ് ചെയ്യണം ജോലിയെല്ലാം.
കൃത്യം പ്രഭാതെയെഴുന്നേറ്റു നിത്യവും
വൃത്തി വരുത്തണം മുറ്റമെല്ലാം
കാലേ കടുങ്കാപ്പി യപ്പമെന്നീ വക
ചാലവേ കാലമങ്ങാക്കീടേണം.
തൂത്തു തളിക്കേണം പാത്രങ്ങള്‍ തേക്കണം
മദ്ധ്യാഹ്ന ഭക്ഷണം വച്ചീടേണം
തീയെരിച്ചീടുവാന്‍ വേണ്ട വിറകെല്ലാം
മായമില്ലാതെ കരുതീടേണം.
ചാണകം പൂശണം ചായിപ്പു തൂക്കണം
തണ്ണികാച്ചീടേണം ഭര്‍ത്താവിന്നായ്
നെല്ലുപുഴുങ്ങിയുണങ്ങണം കുത്തണ-
മെല്ലാമവള്‍ തന്നെ ചെയ്തീടേണം.
വെണ്ട വഴുതന് യെന്നിവകള്‍ക്കെല്ലാം
വേണ്ടപോല്‍ വെള്ളമൊഴിച്ചീടേണം
ഉണ്ണിക്കിടാങ്ങളെ താലോല മാട്ടണം
എണ്ണയും തേച്ചു കുളിപ്പിക്കേണം.
അത്താഴമൂണിനു വേണ്ട വിഭങ്ങള്‍
ചേര്‍ത്തു ചമച്ചങ്ങു വച്ചീടേണം.
ഇപ്രകാരമുള്ള വൃത്തികള്‍ നിത്യവും
സുപ്രസന്നേനയായ് ചെയ്തീടേണം.
നാത്തൂന്റെ പ്രീതി ലഭിപ്പതിനായവള്‍
എത്രയും താപം സഹിച്ചിടേണം.
കര്‍ക്കശ ഭാവനേ കര്‍ണ്ണ ശൂലങ്ങളാം
വാക്കുകള്‍ കേട്ടവള്‍ പാര്‍ത്തിടേണം.
ഏതുമേ തൃപ്തിയാ മാതാവിന്നില്ലൊട്ടും
ചേതസ്സുറ പ്പേറും പാറ തന്നെ
തന് മകന് ചത്തുപോയാലും മരുമക്ക-
ടാമയം കണ്ടിടാന്‍ വാഞ്ചിക്കുന്നു.
അമ്മാവിയമ്മമാര്‍ തന്നുടെ കാഠിന്യം
ചെമ്മേ പറവിതിന്നാവതില്ല
കുറ്റമല്ലാതില്ല ചെയ്തതഖിലവു-
മേറ്റം ദാരുണ്യമാമീയവസ്ഥ.
ചോറും പലഹാരം സാമ്പാറു തീയലും
ചാറില്ലാതെ വച്ച മത്സ്യക്കറി
പച്ചടി കിച്ചടി പച്ചക്കറികളും
പച്ചമോരും നല്ല പച്ചത്തൈരും.
മരുമകള്‍ കാണാതെ മാതാവും നാത്തൂനും
പാരം മടിക്കാതെ കട്ടുതിന്നും
ഒന്നുമറിയാത്ത പാവമാ നാത്തൂനും
തിന്നെന്നു ചൊന്നിടും നാരിമാരും.
"ഉണ്ണിപ്രായം മുതല്‍ ഭോജനം നല്ലത്
കണ്ണില്‍ കണ്ടിട്ടില്ലാത്തീ മൂശേട്ട
കണ്ണു തപ്പീടുകില്‍ ചോറും കറികളും
കയ്യിട്ടു വാരി ഭുജിച്ചീടുന്നു.
പട്ടിണിയിട്ടു വളര്‍ത്തിയ കുട്ടികള്‍
കട്ടിടും നിശ്ചയമായ് വളര്‍ന്നാല്‍."
ഇത്തരമോരോരോ കുത്തുവാക്കോതീടും
അമ്മാവിയമ്മയും തന് മകളും.
കുറ്റവും തന്റ കുറവും പറഞ്ഞിട്ട്
ഭര്‍ത്താവിനേക്കൊണ്ടു തല്ലിച്ചിട്ടും
ഇഷ്ടമായുള്ള നല്‍ഭോജനം ചെയ്തവര്‍
ഇഷ്ടമ്പോല്‍ കൂസലില്ലാതെ തിന്നും.
6 comments:
ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ സാധാരണക്കാരുടെ ഇടയില്‍ ഉണ്ടായിരുന്ന 'അമ്മാവിയമ്മപ്പോര്' കുമ്മിയടിപ്പാട്ട് രൂപത്തില്‍.
എന്റെ അമ്മ പറയുന്നതു കേട്ടിട്ടുണ്ട്, അമ്മ വന്നു കയറിയ വീട്ടിലെ എല്ലാ പണികളും ചെയ്യുകയും,പിന്നെ വയലില്‍ പണിയെടുക്കുന്നവര്‍ക്ക് സമയാസമയങ്ങളില്‍ ആഹാരം എത്തിക്കണം, എത്തിച്ചില്ലെങ്കില്‍.. പിന്നെ പോത്തിന് വെള്ളവും വയ്ക്കോലും കൊടുക്കലും.പ്രസവത്തിനു തൊട്ടുമുമ്പുവരെ നെല്ലുകുത്തിയിരുന്നതും അങ്ങിനെ എല്ലാ പണികളും അമ്മക്കൊറ്റയ്ക്ക് എടുക്കേണ്ടി വന്നിട്ടുണ്ട് അടുത്ത മരുമകള്‍ വരുന്നതുവരെ...
പക്ഷെ നാത്തൂന്പോരനുഭവിക്കേണ്ടി വന്നിട്ടില്ല, കാരണം നാത്തൂന്മാര് ഉണ്ടായിരുന്നില്ല. ഇത്രയൊക്കെയായാലും അച്ഛമ്മയെ അമ്മക്കു വല്യ കാര്യമായിരുന്നു..
പാട്ടു കൊള്ളാം...
:)
ശ്രീ പറഞ്ഞപോലെ നല്ല പാട്ട്, പിന്നെ ഈ കുമ്മുയടിപാട്ട് എന്ന കലാരൂപത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒരു പോസ്റ്റായി ഇട്ടൂടെ... :)
ഉം അങ്ങനേയും ഒരു കാലം. ഇപ്പോഴും പോരിനു കുറവൊന്നുമില്ല. പഴയ രീതികളൊക്കെ മാറിയെന്ന് മാത്രം.
എവിടെ ബാക്കി ഭാഗങ്ങള്‍?
എവിടെ എവിടെ ബാക്കി..?
Post a Comment