ഒരു നാടന്‍ കപ്പെചിനൊ (Cuppaccino)
കപ്പെചിനൊ കുടിയ്ക്കാന്‍ ഇനി അധികം പണം മുടക്കേണ്ട. വീട്ടിലും ഓഫീസിലുമൊക്കെ എളുപ്പത്തില്‍ ഒരു നാടന്‍ കപ്പെചിനൊ ഉണ്ടാക്കാനുള്ള ചെപ്പടിവിദ്യ ഇതാ.
ഒരു കപ്പിന് വേണ്ട സാധനങ്ങള്‍:
വെള്ളം: ഒന്നേകാല്‍ കപ്പ് (സാധാരണ കാപ്പി കപ്പിനുള്ള അളവ്)
പഞ്ചസാര: ഒന്നര (1½) റ്റീ സ്പൂണ്‍. അധികമധുരം വേണ്ടവര്‍ക്ക് രണ്ട് സ്പൂണ്‍ വരെയാകാം.
കാപ്പി പൊടി: കാല്‍ (¼) റ്റീ സ്പൂണ്‍ മതി. കൂടുതല്‍ കടുപ്പത്തിന് അര (½) റ്റീ സ്പൂണ്‍ വരെയാകാം. കോഫി പൊടി ഞാന്‍ നെസ്‌ലെയുടേതാണ് ഉപയോഗിക്കുന്നത്. ഞാന്‍ അതിന് അടിമയായിപ്പോയി അതുകൊണ്ടാണ്.
പാല്‍: നല്ലയിനം കണ്ടന്‍സ്ഡ് പാല്‍ ചെറിയ ടിന്‍. എനിയ്ക്ക് കൃത്യമായ അളവൊന്നുമില്ല. എങ്കിലുമുദ്ദേശം ചെറിയ ടിന്‍ പാലിന്റെ കാല്‍ഭാഗം മതിയാകും.
പകരം പാല്‍പൊടിയും ഉപയോഗിക്കാം. അതാണെങ്കില്‍ നല്ലവണ്ണം പതയുന്ന ഏതെങ്കിലും പാല്‍പൊടി രണ്ട് റ്റീസ്പൂണ്‍.
എന്നാല്‍ ഇനി തുടങ്ങിക്കളയാം.
വെള്ളം അടുപ്പത്ത് തിളയ്ക്കാന്‍ വയ്ക്കുക. ഈ സമയം കൊണ്ട് കപ്പെചിനൊ കുടിയ്ക്കാന്‍ ഉപയോഗിക്കുന്ന കപ്പില്‍ തന്നെ പഞ്ചസാരയും, കാപ്പിപൊടിയും യഥാക്രമം ഇട്ട് ഒരു ചെറിയ സ്പൂണ്‍ ഉപയോഗിച്ച് ഇളക്കുക. ഇതിലേക്ക് ഒരു തുള്ളി വെള്ളം ഒഴിച്ച് പഞ്ചസാരയും കാപ്പിപൊടിയും ലയിപ്പിച്ച് ചേര്‍ക്കുക. ഒന്ന് എന്ന് പറഞ്ഞാല്‍ ഒരു തുള്ളി മാത്രം. കൂടുതല്‍ ഒഴിച്ച് കുളമാക്കരുത്. ഈ വെള്ളം ഒരു ഉല്‍പ്രേരകമായി പ്രവര്‍ത്തിച്ച് നനവില്ലാത്ത പഞ്ചസാരയും, കാപ്പിപൊടിയും തമ്മില്‍ വേഗം ചേരാന്‍ സഹായിക്കും! ഇത് നന്നായി ചേര്‍ന്ന് കഴിയുമ്പോള്‍ ഈ മിശ്രിതത്തിന്റെ നിറം, ഏകദേശം പാല്‍ ചേര്‍ത്ത കാപ്പിയുടേതുപോലെ ആകും. അല്ലെങ്കില്‍ അങ്ങനെയാകുവരെ നന്നായി ഇളക്കി യോജിപ്പിക്കണം. പിന്നീട് ആവശ്യത്തിനു വേണ്ട പാല്‍ ഒഴിക്കുക. പാല്‍ ഒഴിച്ച ശേഷം ഇളക്കരുത്. ഇനിയും അടുപ്പത്തുനിന്നും തിളച്ച വെള്ളം അല്‍പം ഉയര്‍ത്തിപിടിച്ച് നേരേ കപ്പിലേക്ക് ഒഴിക്കുക. നമ്മുടെ നാട്ടില്‍ നാടന്‍ ചായക്കടക്കാരൊക്കെ ചെയ്യുന്നത് കണ്ടിട്ടില്ലേ? അതുപോലെ. സൂക്ഷിച്ചൊഴിക്കണം അല്ലെങ്കില്‍ കപ്പില്‍ വീഴേണ്ട വെള്ളം വേറെ എവിടെങ്കിലുമായിരിക്കും വീഴുന്നത്. കപ്പിലുള്ള മിശ്രിതം വെള്ളത്തോട് ചേര്‍ന്ന് കപ്പെചിനൊ നല്ലവണ്ണം പതഞ്ഞ് വരാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇളക്കേണ്ട ആവശ്യം തീരെയില്ല. ഇതാ കപ്പെചിനൊ തയ്യാര്‍! ചൂടോടെ ഉപയോഗിക്കുക.
മുകളില്‍ പറഞ്ഞ രീതിയില്‍ ഉണ്ടാക്കിയ കപ്പെചിനൊയിക്ക്, പ്രീയ വായനക്കാര്‍ അതിന് കൂടുതല്‍ മണവും, രുചിയും, ഭംഗിയും, പിന്നെ എന്തൊക്കെ മേമ്പൊടികള്‍ ചേര്‍ക്കാമോ അതൊക്കെ ചേര്‍ത്ത് തികച്ചും ആസ്വാദ്യകരമാക്കുക!