ക്ലെപ്ടൊമാനിയ
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂടെ പഠിച്ച ഒരു സഹപാഠിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്കിടയില്‍ കടന്നുവന്നതാണ് ഇനിപറയാന് പോകുന്ന കാര്യം.
റിലീസ് ചെയ്യുന്ന ദിവസം തന്നെ മിക്കവാറും സിനിമകള്‍ കാണുന്നവന്, പഠിത്തത്തില്‍ കാര്യമായ ഉഴപ്പില്ലാത്തവന്, കോമണ്‍വെല്‍ത്ത് രാജ്യക്കാരുടെ കളിയായ ക്രിക്കറ്റിനെ എനിയ്ക്ക് പരിചയപ്പെടുത്തിയവന്‍, ഗബ്രിയെല സബാറ്റിനി, മാര്‍ട്ടിന, സ്റ്റെഫി, മേരി പിയേഴ്സ്, ജിമ്മി കൊണേഴ്സ്, ക്രിസ് എവെര്‍ട്ട്, ആര്തര്ആഷ്, ബോറിസ് ബെക്കര്‍, ജോണ്‍ മക്ന്റോ.... തുടങ്ങിയ പഴയകാല ടെന്നീസ് താരങ്ങളെക്കുറിച്ച് വായ് തോരാതെ സംസാരിക്കുന്നവന്, പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റെയ്മണ്ട്സ്ന്റെ നിരവധി കളസങ്ങളുടെ കളക്ഷനുള്ളവന് (അതായത് കയ്യില്‍ കാശിന് എപ്പോഴും പഞ്ഞമില്ലാത്തവന്‍ എന്നര്‍ത്ഥം), അങ്ങനെ പലതിലും ഞാന്‍ പ്രത്യേകത കണ്ടിട്ടുള്ള എന്റെ ഒരു കോളേജ് സഹപാഠി. സ്പോര്‍ട്സ്സ്റ്റാര്‍ മാഗസിന് പുറത്തിറങ്ങുന്ന എല്ലാ മാസത്തിന്റേയും ആദ്യവാരത്തില്‍ തന്നെ അവന് അടുത്തുള്ള ഒന്ന് രണ്ട് പുസ്തകശാല സന്ദര്‍ശിക്കാന്‍ ഈയുള്ളവനെക്കൂടി വിളിക്കും. അന്നേ ദിവസം അവന് കളസത്തിന് പകരം മുണ്ടായിരിക്കും ധരിച്ചിരിക്കുന്നത്. ഞങ്ങള്‍ രണ്ടുംകൂടി പല പുസ്തകങ്ങള്‍, ആഴ്ചപതിപ്പുകള്‍, മാസികകള്‍ എല്ലാം മറിച്ച് നോക്കിയതിനുശേഷം വായിക്കാന്‍ ഒന്നും ഇല്ല എന്ന് ഉറക്കെ പറഞ്ഞു പുറത്തേക്ക് കടക്കും. ചിലപ്പോഴൊക്കെ മറ്റെന്തെങ്കിലും സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങി തിരികെ കോളേജിലേക്ക് വരും. പകുതി വഴിയെത്തുമ്പോള്‍ അവന് മുണ്ടിനുള്ളില്നിന്ന് ഒരു മാസിക പുറത്തെടുത്ത് എന്നെ കാണിക്കും. അത് അവന് ഏറ്റവും ഇഷ്ടപ്പെട്ട സ്പോര്‍ട്സ് സ്റ്റാര്‍!!! ഈ സ്പോര്‍ട്സ് സ്റ്റാര്‍ ചൂണ്ടല്‍ കലാപരിപാടി മാസങ്ങളോളം തുടര്‍ന്നിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ അച്ഛനുമായി ഈ കാര്യം സംസാരിച്ചപ്പോള്‍ ഇത്തരം സ്വഭാവവിശേഷമുള്ളവരെ ക്ലെപ്റ്റോമാനിയാക് (Kleptomaniac) എന്ന് വിളിക്കുമത്രേ. അതായത്, ഭൗതികനേട്ടത്തിനോ അല്ലാതെ, മോഷണത്തിലൂടെ ആത്മസംതൃപ്തി നേടുന്ന മാനസികാവസ്ഥയുള്ളവര്‍. സാധാരണ സിനിമാ നടി/നടന്മാരിലാണ് ഇത്തരം പ്രത്യേകത കൂടുതല്‍ കണ്ടുവരുന്നതത്രേ..??? എന്തായാലും ക്ലെപ്ടോമാനിയ എന്ന വാക്ക് എനിയ്ക്ക് മനസ്സിലായത് അവനിലൂടെ ആണ്.
5 comments:
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂടെ പഠിച്ച ഒരു സഹപാഠിയെക്കുറിച്ചുള്ള ഓര്‍മ്മകളും,പിന്നെ ക്ലപ്ടോമാനിയായും.
ചന്ദനം ചാരിയപ്പോള്‍ ചന്ദനം മണത്തോ മറ്റൊരളേ...................
സാധാരണ സിനിമാ നടി/നടന്മാരിലാണ് ഇത്തരം പ്രത്യേകത കൂടുതല്‍ കണ്ടുവരുന്നതത്രേ..???
അതു പറയാന്‍ കാരണം?
:)
കൊള്ളാം
Post a Comment