Sunday, October 28, 2007

ഒരു നാടന്‍ കപ്പെചിനൊ (Cuppaccino)

കപ്പെചിനൊ കുടിയ്ക്കാന്‍ ഇനി അധികം പണം മുടക്കേണ്ട. വീട്ടിലും ഓഫീസിലുമൊക്കെ എളുപ്പത്തില്‍ ഒരു നാടന്‍ കപ്പെചിനൊ ഉണ്ടാക്കാനുള്ള ചെപ്പടിവിദ്യ ഇതാ.

ഒരു കപ്പിന്‌ വേണ്ട സാധനങ്ങള്‍:

വെള്ളം: ഒന്നേകാല്‍ കപ്പ്‌ (സാധാരണ കാപ്പി കപ്പിനുള്ള അളവ്)

പഞ്ചസാര: ഒന്നര (1½) റ്റീ സ്പൂണ്‍. അധികമധുരം വേണ്ടവര്‍ക്ക്‌ രണ്ട്‌ സ്പൂണ്‍ വരെയാകാം.

കാപ്പി പൊടി: കാല്‍ (¼) റ്റീ സ്പൂണ്‍ മതി. കൂടുതല്‍ കടുപ്പത്തിന്‌ അര (½) റ്റീ സ്പൂണ്‍ വരെയാകാം. കോഫി പൊടി ഞാന്‍ നെസ്‌ലെയുടേതാണ്‌ ഉപയോഗിക്കുന്നത്‌. ഞാന്‍ അതിന് അടിമയായിപ്പോയി അതുകൊണ്ടാണ്.

പാല്‍: നല്ലയിനം കണ്ടന്‍സ്ഡ്‌ പാല്‍ ചെറിയ ടിന്‍. എനിയ്ക്ക്‌ കൃത്യമായ അളവൊന്നുമില്ല. എങ്കിലുമുദ്ദേശം ചെറിയ ടിന്‍ പാലിന്റെ കാല്‍ഭാഗം മതിയാകും.

പകരം പാല്‍പൊടിയും ഉപയോഗിക്കാം. അതാണെങ്കില്‍ നല്ലവണ്ണം പതയുന്ന ഏതെങ്കിലും പാല്‍പൊടി രണ്ട്‌ റ്റീസ്പൂണ്‍.

എന്നാല്‍ ഇനി തുടങ്ങിക്കളയാം.

വെള്ളം അടുപ്പത്ത്‌ തിളയ്ക്കാന്‍ വയ്ക്കുക. ഈ സമയം കൊണ്ട്‌ കപ്പെചിനൊ കുടിയ്ക്കാന്‍ ഉപയോഗിക്കുന്ന കപ്പില്‍ തന്നെ പഞ്ചസാരയും, കാപ്പിപൊടിയും യഥാക്രമം ഇട്ട്‌ ഒരു ചെറിയ സ്പൂണ്‍ ഉപയോഗിച്ച്‌ ഇളക്കുക. ഇതിലേക്ക്‌ ഒരു തുള്ളി വെള്ളം ഒഴിച്ച്‌ പഞ്ചസാരയും കാപ്പിപൊടിയും ലയിപ്പിച്ച്‌ ചേര്‍ക്കുക. ഒന്ന് എന്ന് പറഞ്ഞാല്‍ ഒരു തുള്ളി മാത്രം. കൂടുതല്‍ ഒഴിച്ച്‌ കുളമാക്കരുത്‌. ഈ വെള്ളം ഒരു ഉല്‍പ്രേരകമായി പ്രവര്‍ത്തിച്ച് നനവില്ലാത്ത പഞ്ചസാരയും, കാപ്പിപൊടിയും തമ്മില്‍ വേഗം ചേരാന്‍ സഹായിക്കും! ഇത്‌ നന്നായി ചേര്‍ന്ന് കഴിയുമ്പോള്‍ ഈ മിശ്രിതത്തിന്റെ നിറം, ഏകദേശം പാല്‍ ചേര്‍ത്ത കാപ്പിയുടേതുപോലെ ആകും. അല്ലെങ്കില്‍ അങ്ങനെയാകുവരെ നന്നായി ഇളക്കി യോജിപ്പിക്കണം. പിന്നീട്‌ ആവശ്യത്തിനു വേണ്ട പാല്‍ ഒഴിക്കുക. പാല്‍ ഒഴിച്ച ശേഷം ഇളക്കരുത്‌. ഇനിയും അടുപ്പത്തുനിന്നും തിളച്ച വെള്ളം അല്‍പം ഉയര്‍ത്തിപിടിച്ച്‌ നേരേ കപ്പിലേക്ക്‌ ഒഴിക്കുക. നമ്മുടെ നാട്ടില്‍ നാടന്‍ ചായക്കടക്കാരൊക്കെ ചെയ്യുന്നത് കണ്ടിട്ടില്ലേ? അതുപോലെ. സൂക്ഷിച്ചൊഴിക്കണം അല്ലെങ്കില്‍ കപ്പില്‍ വീഴേണ്ട വെള്ളം വേറെ എവിടെങ്കിലുമായിരിക്കും വീഴുന്നത്‌. കപ്പിലുള്ള മിശ്രിതം വെള്ളത്തോട്‌ ചേര്‍ന്ന് കപ്പെചിനൊ നല്ലവണ്ണം പതഞ്ഞ്‌ വരാന്‍ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. ഇളക്കേണ്ട ആവശ്യം തീരെയില്ല. ഇതാ കപ്പെചിനൊ തയ്യാര്‍! ചൂടോടെ ഉപയോഗിക്കുക.

മുകളില്‍ പറഞ്ഞ രീതിയില്‍ ഉണ്ടാക്കിയ കപ്പെചിനൊയിക്ക്, പ്രീയ വായനക്കാര്‍ അതിന് കൂടുതല്‍ മണവും, രുചിയും, ഭംഗിയും, പിന്നെ എന്തൊക്കെ മേമ്പൊടികള്‍ ചേര്‍ക്കാമോ അതൊക്കെ ചേര്‍ത്ത്‌ തികച്ചും ആസ്വാദ്യകരമാക്കുക!





23 comments:

മറ്റൊരാള്‍ | GG said...

കപ്പെചിനൊ കുടിയ്ക്കാന്‍ ഇനി അധികം പണം മുടക്കേണ്ട. വീട്ടിലും ഓഫീസിലുമൊക്കെ എളുപ്പത്തില്‍ ഒരു നാടന്‍ കപ്പെചിനൊ ഉണ്ടാക്കാനുള്ള ചെപ്പടിവിദ്യ ഇതാ.

കുഞ്ഞന്‍ said...

ഒരു കപ്പെചിനൊ കുടിച്ചപോലെ തോന്നുന്നുണ്ട്

കപ്പെചിനൊ ഏതു ഭാഷയാണു, ചൈനാക്കപ്പ് തിരിച്ചിട്ടതാണൊ..?

ആഷ | Asha said...

ഒരു സംശയം കണ്ടന്‍സ്ഡ് മില്‍ക്ക് (മില്‍ക്ക് മേഡ്) മതിയോ? പാലിന്റെ ആവശ്യമില്ലേ?

സാജന്‍| SAJAN said...

ജി ജി ട്രൈ ചെയ്തു നോക്കാം, പക്ഷേ, ഇവിടെ കുഞ്ഞ് സാഷേയില്‍ അതിന്റെ പൊടി മിക്സ് കിട്ടും വാങ്ങി ഛൂടുവെള്ളം ഒഴിച്ചു പഞ്ചസാരയും കൂട്ടി അടിച്ചാല്‍ മതി!
മടിയന്‍ മാര്‍ക്കൊക്കെ അതല്ലെ സൌകര്യം?

Mr. K# said...

മൈക്രോസോഫ്റ്റ് ചായക്കപ്പും ഉണ്ടാക്കിത്തുടങ്ങിയോ ;-)

ശ്രീ said...

കൊള്ളാം... നല്ല ഐഡിയ

തമനു said...

അല്ല .. ശരിക്കും ഒരു തുള്ളി വെള്ളം മിക്സ് ചെയ്താ മതിയോ...?

വല്ലപ്പോഴും ഇതു പുറത്തൂന്ന് കഴിക്കാറുണ്ട്. 6 ദിര്‍ഹമാണ് ഏറ്റവും കുറഞ്ഞ വില കണ്ടിട്ടുള്ളത്. ഓരോ സ്ഥലങ്ങളിലും പക്ഷേ ഇതിന്റെ ടേസ്റ്റ് വ്യത്യാസമായാ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്..

ഓടോ : ഇവിടെയും ഇതിന്റെ ചെറിയ ‘സാക്ഷാ’ കിട്ടും.. പക്ഷേ സാജന്‍ അങ്ങനെന്നേക്കാള്‍ വലിയ മടിയന്‍ ആകാന്‍ നോക്കണ്ടാ.. :)

ദിലീപ് വിശ്വനാഥ് said...

കൊള്ളാമല്ലോ. ഒരു മിനിട്ട്, ദേ ദിപ്പോ വരാം കേട്ടോ.

കൊച്ചുത്രേസ്യ said...

ഇതു കൊള്ളാലോ.. പക്ഷെ കാപ്പിപ്പൊടീം പഞ്ചസാരേം കൂടി മിക്സ്‌ ചെയ്യുന്ന പരിപാടി ഇത്തിരി ബുദ്ധിമുട്ടല്ലേ..ഈ സാധനങ്ങളെല്ലാം കൂടി മിക്സീലിട്ട്‌ അടിച്ചെടുത്താല്‍ കപ്പെചിനൊ ആകുമോ? ആ വഴി പരീക്ഷിച്ചിട്ടുണ്ടോ?

മറ്റൊരാള്‍ | GG said...

ഈ കുഞ്ഞനെക്കൊണ്ട്‌ തോറ്റു. പുതിയ കണ്ടുപിടുത്തം കൊള്ളാം. ഇപ്പോള്‍ എനിയ്ക്കും സംശയം ചൈനാകപ്പ്‌ തിരിച്ചിട്ടതാണോ ഈ കപ്പചൈനൊ?

ആഷചേച്ചി:കണ്ടന്‍സ്ഡ്‌ മില്‍ക്ക്‌ മാത്രം ഉപയോഗിച്ചാണ്‌ ഞാനുണ്ടാക്കുന്നത്‌. അതാവുമ്പോള്‍ നല്ല കട്ടിയുണ്ടാവും. പാല്‍ ഉപയോഗിച്ചാല്‍ പിന്നെ "വെള്ളത്തിന്റെ" ആവശ്യമില്ല.

സാജന്‍ ചേട്ടാ ഇങ്ങനെ മടിയനാകാതെ.

കുതിരക്കുട്ടാ(എന്തോ കുതിരവട്ടാ എന്ന് വിളിക്കാന്‍ എനിയ്ക്കൊരു വൈക്ലബ്യം!) എന്തൊരു നിരിക്ഷണ വൈഭവം! മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ബില്‍ഗേറ്റ്‌സുമായിട്ടുള്ള ഒരു കൂടിക്കാഴ്ചയില്‍ അദ്ദേഹമെനിക്ക്‌ സമ്മാനിച്ച കപ്പാണത്‌.

ശ്രീക്കുട്ടാ ഒന്ന് ശ്രമിച്ചു നോക്കൂ.

തമനുമാഷേ: കാപ്പിപൊടീം പഞ്ചാരേം കൂടി ഒന്ന് മിക്സാവാന്‍ വേണ്ടിയാ ഈ ഒരുതൊള്ളി വെള്ളം തളീര്‌. വേണമെങ്കില്‍ അല്‍പം കൂടി ആവാം. കൂടുതലായാല്‍ കാപ്പിക്കൂട്ടിന്റെ തിക്നസ്‌ നഷ്ടപ്പെടും.

ഉവ്വുവ്വ്‌. 6ദിര്‍ഹംസേയൊള്ളു പോലും! പണ്ട്‌ ദുഭായി എയര്‍പോര്‍ട്ട്‌ വഴിവന്നപ്പോള്‍ ഈ സാധനം കണ്ട്‌ കൊതിമൂത്ത്‌ ചോദിച്ചും പോയി. ഒടുക്കത്തെ വെലയാ അവന്മാരെന്റേന്ന് പിടിച്ച്‌ വാങ്ങിയത്‌.

ടേസ്റ്റ്‌ വ്യത്യാസത്തിന്റെ കാര്യം പറഞ്ഞാല്‍ ഞാന്‍ എത്രയോ തരം രുചിയുള്ള ചിക്കന്‍ കറി ഇതുവരെ വച്ചിരിക്കുന്നു! ഇനി എത്ര വെയ്ക്കാന്‍ കിടക്കുന്നു. വച്ച ഒന്നിന്റേം രുചിയും നിറവും ഇതുവരെ ആവര്‍ത്തിച്ചിട്ടില്ല!!!

ത്രേസ്യാപെങ്ങളേ ശരിയാ, കാപ്പിപൊടീം പഞ്ചാരേംകൂടി ഇളക്കി ഇളക്കി കൈ തളര്‍ന്ന് പോകും. മിക്സിയില്‍ ഒരുതവണ ട്രൈ ചെയ്തു നോക്കിയിരുന്നു. കാല്‍കഴഞ്ച്‌, കാപ്പിപൊടീം, ഇത്തിരി പഞ്ചസാരേം കൂടി ഗ്രൈന്‍ഡറിലിട്ടടിച്ചപ്പോള്‍ അതെല്ലാം കൂടി പറന്ന് അതിന്റെ വഴിക്ക്‌ പോയി! എന്നിരുന്നാലും ഇതിന്റെ ആയാസം കുറയ്ക്കാനുള്ള എന്തെന്കിലും പരീക്ഷണ വിജയവുമായി വീണ്ടും വരാന്‍ ശ്രമിക്കാം!.


എല്ലാവര്‍ഃക്കും നന്ദി!!!!

മറ്റൊരാള്‍ | GG said...

വാല്‍മീകി മാഷേ. മുകളിലത്തെ എന്റെ മറുപിടിയില്‍ താങ്കളുടെ പേര് അറിയാതെ വിട്ടുപോയി. ഒരുമിനിട്ടെന്തിനാ. കപ്പെചിനോ പരീക്ഷിക്കാന്‍ പോവുകയാണോ!. രണ്ട് കപ്പെടുത്തോ!

സഖാവ് said...

പ്രിയ ജിജി

കപ്പെചിനൊ ബ്രസീലിയന്‍ അല്ലേ
പിന്നെ സാധാരണ ഒറിജിനല്‍ കപ്പെചിനൊ യില്‍ പാല്‍ മിക്സ് ചെയ്യില്ലല്ലോ, പിന്നെ മധരവും ഇല്ല എന്നാണ് എന്റെ അനുഭവം

ആഷ | Asha said...

മറ്റൊരാളേ, ഞാന്‍ ഇതു രണ്ടു പ്രാവശ്യം ഉണ്ടാക്കി നോക്കി. എന്റെ പ്രശ്നം കപ്പെചിനോ വെറും കാപ്പി പോലെയിരിക്കുന്നു. എന്നു വെച്ചാല്‍ ആ പടങ്ങളില്‍ കാണാണ പോലെ അത്ര കട്ടി തോന്നണില്ല. ഞാന്‍ മില്‍ക്ക്മേഡാണു ഉപയോഗിച്ചത്. അതില്‍ വെള്ളം തിളപ്പിച്ചു എനിക്കാവുന്നതു പോലെ ഉയരത്തില്‍ ഒഴിച്ചു. ഇനി വെള്ളത്തിനു പകരം പാല്‍ ഒഴിച്ചാല്‍ ചിലപ്പോ കട്ടി കിട്ടിയേക്കുമായിരിക്കുമെന്നു തോന്നുന്നു.എന്തായാലും സംഗതി രുചിയുണ്ട് കുടിക്കാന്‍ :)

പിന്നെ കൊച്ചുത്രേസ്യേ പഞ്ചസാര ഇളക്കി ചേര്‍ക്കാനുള്ള ബുദ്ധിമുട്ടൊഴിവാന്‍ ഒരു കാര്യം ചെയ്താ മതി. ഒരു കപ്പ് പഞ്ചസാര മിക്സിയില്‍ പൊടിച്ച് ടിന്നില്‍ സൂക്ഷിക്കുക. ആവശ്യാനുസരണം ഉപയോഗിക്കാമല്ലോ. എളുപ്പം അലിയുകയും ചെയ്യും. പ്രത്യേകിച്ച് നാരങ്ങാവെള്ളമുണ്ടാക്കുമ്പോള്‍ അത് വളരെ പ്രയോജനം ചെയ്യും. കാപ്പിയും പഞ്ചസാരയും കൂടി പൊടിക്കേണ്ട കാര്യമില്ല.

ഇന്നാ എന്റെ കപ്പെച്ചിനോയുടെ പടം.

മറ്റൊരാള്‍ | GG said...

സഖാവേ.. ലാല്‍ സലാം!

താങ്കളുടെ സംശയം വച്ച് പെട്ടന്ന് തപ്പിയപ്പോള്‍ കിട്ടിയതാണ് ഇവയൊക്കെ. ദയവായി വായിച്ച് നോക്കുക. കൂടാതെ ഇതും.

ലോകത്ത് കൂടുതല്‍ കാപ്പി (കാ‍പ്പിക്കുരു)ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ബ്രസീലാണെന്നാണ് എന്റെ അറിവ്. പിന്നെ കാപ്പി തന്നെ പലതരമുണ്ടല്ലോ അറബിക്, റോബസ്റ്റാ, എന്നിങ്ങനെ.

ഫുള്‍ജന്‍ said...

Hi GG

Choodode ozhichal cupuchinno?(Trichur Language)I Mean cup pottumo?
I really glad to know something from you GG.Keep it up.

മറ്റൊരാള്‍ | GG said...

ആഷേച്ചി: പടം കണ്ടു. ആ കാപ്പിയും കൊള്ളാം! ആകെ മൊത്തം പതയാണല്ലോ!!
പിന്നെ ഞാന്‍ എഴുതിയ കുറിപ്പ് അനുസരിച്ച് കപ്പെചിനൊ ശരിയാകാഞ്ഞത് എന്താണെന്നറിയില്ല.
ഒന്നുകൂടി ട്രൈ ചെയ്ത് നോക്കുക. ശരിയാകും.

കപ്പില്‍ പഞ്ചസാര, കാപ്പിപൊടി, തുള്ളി വെള്ളം. ഇവ ചേര്‍ത്ത് നന്നായി ഇളക്കുക. അങ്ങനെയിരിക്കട്ടെ. കണ്ടന്‍സ്ട് പാല്‍ നേരത്തെ ഒഴിച്ച് വയ്ക്കരുത്. തിളച്ച വെള്ളം ഒഴിക്കുന്നതിന് തൊട്ട് മുന്‍പ് കണ്ടന്‍സ്ട് പാല്‍ ഒഴിക്കുക. ഇളക്കുകയുമരുത്.

ഇവിടെ ഗള്‍ഫില്‍ കിട്ടുന്ന ഫുള്‍ ക്രീം കണ്ടന്‍സ്ട് (BonyMilk, Luna, തുടങ്ങിയവ)പാലാണ് ഞാനുപയോഗിച്ചത്. അതായിരിക്കാം നല്ല കട്ടിവരാന്‍ കാരണം.

കുഞ്ഞന്‍ said...

ആഷാജി...

ഏതു മാജിക്കുകാരനും എല്ലാ രഹസ്യവും വെളിപ്പെടുത്തൂലാ..gg യുടെ കയ്യില്‍ ആ 19 മത് അടവുണ്ട്, അതു വെളിപ്പെടുത്തിയാലെ ആ പടത്തില്‍ കാണിച്ചിരിക്കുന്നതുപോലെ വരുകയൊള്ളൂ..:)

Kaithamullu said...

ഈ വെള്ളിയാഴ്ച് ഞാന്‍ കപ്പെചിനോയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു. ശരിയാകും വരെ ഉണ്ടാക്കിക്കൊണ്ടിരിക്കും....ഉച്ച ഭക്ഷണം.....ങാ, പിന്നെ വേണ്ടിവരുമോ, ആവോ?

അപ്പു ആദ്യാക്ഷരി said...

ജിജിമാഷേ.... ഇതിപ്പോഴാ വായിച്ചത്. ഇനി ഒന്നുണ്ടാക്കി നോക്കണം. ഇനി മൊക്കാച്ചീനോ ഉണ്ടാക്കുന്നതെങ്ങനെ എന്നുകൂടി എഴുതൂ. ഇതിന്റെ കൂടെ കുറച്ചു കൊക്കാ പൌഡര്‍കൂടി ചേര്‍ക്കുകയേ വേണ്ടൂ..

പൊയ്‌മുഖം said...

പുതിയതരം കപ്പെചിനൊയുടെ പടം കണ്ടിട്ട്‌ കൊള്ളാമെന്ന് തോന്നുന്നു. എന്തായാലും ഈ ചിനൊ ഒന്ന് പരീക്ഷിച്ചിട്ട്‌ പറയാം.

ഓ.ടോ.: സഖാവ്‌ പറയുന്നത്‌, പാലും പഞ്ചസാരയും ചേര്‍ക്കാത്ത തനി കട്ടന്‍ കാപ്പിയുടെ കാര്യമായിരിക്കും?

ഉണ്ണിക്കുട്ടന്‍ said...

പകരം പാല്‍പൊടിയും ഉപയോഗിക്കാം. അതാണെങ്കില്‍ നല്ലവണ്ണം പതയുന്ന ഏതെങ്കിലും പാല്‍പൊടി രണ്ട്‌ റ്റീസ്പൂണ്‍.

അഥവാ പതഞ്ഞില്ലെങ്കില്‍ ഒരു ടീസ്പൂണ്‍ സര്‍ഫ് ചേര്‍ത്താല്‍ മതിയോ..?

മറ്റൊരാള്‍ | GG said...

ഫുല്‍ജന്‍ചേട്ടന്‍, അപ്പു, പൊയ്മുഖം, കൈതമുള്ള് എല്ലാവര്‍ക്കും നന്ദി.

ഉണ്ണിക്കുട്ടാ, സര്‍ഫ് ഒരു സ്പൂണൊക്കെ ധാരാളം. ഒരു നുള്ള് മതി. അത് ചേര്‍ത്താല്‍പ്പിന്നെ ആകെ മൊത്തം പതയായിരിക്കും. പണ്ട് പഴയെ കമ്പനിയിലെ ആഫീസ്ബോയ് എനിയ്ക്ക് അത് ചേര്‍ത്തുണ്ടാക്കി തന്ന് കാപ്പി കുടിച്ച ‘ഉന്മേഷം’ രണ്ട് മൂന്ന് ദിവസത്തേക്ക് നീണ്ട് നിന്നു. ട്രൈ ചെയ്യുക!

ശാലിനി said...

ഞാന്‍ ഉണ്ടാക്കിനോക്കി, ഒറ്റപ്രാവശ്യം ശരിയായി, പിന്നീട് പലപ്രാവശ്യം നോക്കിയിട്ടും ശരിയാകുന്നില്ല. എന്തായാലും വീണ്ടും ശ്രമിക്കും. ആ ചിനോ അത്രയ്ക്കും ഇഷ്ടമാണേ, പക്ഷേ വില താങ്ങാന്‍ പറ്റൂല്ല.

ആഷേ,പഞ്ചസാര പൊടിക്കുന്ന പരിപാടി കൊള്ളാം, ഇന്നിനി അതുവച്ച് ഒന്നു പരീക്ഷിക്കണം.