Sunday, July 6, 2008

അശ്വത്ഥാമാ ഹത:

കഴിഞ്ഞദിവസം കിട്ടിയ കത്തില്‍‌നിന്ന് അച്ചാച്ചന്‍‌ വക ഒരു മഹാഭാരത കഥ.

അച്ഛന്‍ ഇങ്ങനെ എഴുതി:

ഹിന്ദു പുരാണ കഥകള്‍ ധാരാളം പറയുകയും ചര്‍ച്ച ചെയ്യുകയും പതിവുണ്ടായിരുന്നു. സര്‍വ്വീസില്‍ ഇരുന്നപ്പോള്‍ കുളനട സ്വദേശി വാസുദേവക്കുറുപ്പ്‌ സാര്‍, പിന്നെ കിഴക്കേതിലെ ജോയി ഇവരുമായിട്ടൊക്കെ കഥകള്‍ കൈമാറുമായിരുന്നു. ഇപ്പോള്‍ മിക്കവാറും എല്ലാം മറന്നുപോയ മട്ടാണ്‌. ചില പ്രധാനകഥാപാത്രങ്ങളുടെ പേരുപോലും മറന്നുപോയി. എങ്കിലും അശ്വത്ഥാമാവിന്റെ കഥ ചുരുക്കി പറയാം. കൗരവ പാണ്ഡവരെ അസ്ത്രവിദ്യകള്‍ പഠിപ്പിച്ച ഒരു ഗുരുവായിരുന്ന ദ്രോണാരുടെ മകനാണ്‌ അശ്വത്ഥാമാവ്‌. കുട്ടിക്കാലത്ത്‌ കഠിനദാരിദ്യം അനുഭവിച്ചിരുന്നു. കുട്ടിക്കാലത്ത്‌ ഒരിക്കല്‍പോലും പാല്‍ കുടിച്ചിട്ടില്ല. ഒരിയ്ക്കല്‍ അരിമാവ്‌ കലക്കിയ വെള്ളം പാല്‍ ആണെന്ന് പറഞ്ഞുകൊടുത്തു കൂട്ടുകാര്‍ പരിഹസിച്ചിട്ടുണ്ട്‌. തന്റെ മകന്റെ കഷ്ടസ്ഥിതിയില്‍ മന:മുരുകി തന്റെ ഒരു പഴയ ശിഷ്യനായ പാഞ്ചാല രാജകുമാരനായ ദ്രുപദന്റ്‌ അടുക്കല്‍ ചെന്ന് സഹായം അഭ്യര്‍ത്ഥിച്ചു. ദ്രുപദന്‍ സഹായിച്ചില്ല എന്ന് മാത്രമല്ല; തന്റെ തുല്യനിലയിലുള്ളവരെ മാത്രമേ താന്‍ പരിഗണിയ്ക്കുകയൊള്ളൂ എന്ന് പറഞ്ഞ്‌ പുശ്ചിക്കുകയും ചെയ്തു. ഇത്‌ കേട്ട്‌ ദ്രോണര്‍ വ്രണഹൃദയനായ്‌ തിരികെ പോന്നു. പിന്നീട്‌ കൗരവ പാണ്ഡവരെ ആയുധവിദ്യ അഭ്യസിപ്പിക്കുന്ന ജോലി ഏറ്റെടുത്തു. പഠനത്തില്‍ അര്‍ജ്ജുനന്‍ വളരെ മുന്‍പനായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. പഠനം കഴിഞ്ഞ്‌ ഗുരുദക്ഷിണ കൊടുക്കുന്ന പതിവുണ്ട്‌. അപ്പോള്‍‌ അര്‍ജ്ജുനനോട്‌ ദക്ഷിണയായി, തന്നെ അപമാനിച്ച ദ്രുപദനെ പിടിച്ചുകെട്ടി തന്റെ കാല്‍ക്കല്‍ കൊണ്ട്‌ ഇടണമെന്ന് ആവശ്യപ്പെട്ടു. അതിന്‍പ്രകാരം അര്‍ജ്ജുനന്‍ ദ്രുപദനെ യുദ്ധത്തില്‍ തോല്‍പിച്ച്‌ പിടിച്ച്‌ കെട്ടി ദ്രോണരുടെ മുന്‍പില്‍ കൊണ്ടു ചെന്നു. ദ്രോണര്‍ കാല്‍ ഉയര്‍ത്തി ദ്രുപദനെ ചവിട്ടുവാന്‍ തുടങ്ങിയപ്പോള്‍ അര്‍ജ്ജുനന്‍ തടഞ്ഞു. യുദ്ധത്തില്‍ പരാജിതനായി തന്റെ കാല്‍ക്കല്‍ കിടക്കുന്ന ദ്രുപദനെ ചവിട്ടുന്നത്‌ അധര്‍മ്മം ആണെന്ന് ഓര്‍മ്മിപ്പിച്ചു.

അപ്പോള്‍ ദ്രോണര്‍ ദ്രുപദനോട്‌: “നീ സമസ്ഥാനീയരോട്‌ മാത്രമേ സഹവസിക്കൂ എന്ന് പറഞ്ഞിട്ടിണ്ടുല്ലോ. ഇപ്പോള്‍ നീ എന്റെ കാല്‍ക്കല്‍ കിടക്കുന്ന അടിമയാണ്‌, പ്രാണനുവേണ്ടി യാചിക്കുന്ന ആള്‍ ആണ്‌“ എന്നൊക്കെ പറഞ്ഞ്‌ ദ്രുപദനെ പരിഹസിച്ച്‌ പറഞ്ഞ്‌ വിട്ടു.

ഭാരതയുദ്ധത്തില്‍ ദ്രോണര്‍ കൗരവപക്ഷത്തായിരുന്നു. ദ്രോണര്‍ സര്‍വ്വസൈന്യാധിപനായി നില്‍ക്കുന്നിടത്തോളം പാണ്ഡവര്‍ പരാജിതരാകും എന്ന് മനസ്സിലാക്കി ദ്രോണരെ വധിക്കാന്‍ ഒരുപായമുപയോഗിച്ചു. കൃഷ്ണന്‍ ആയിരുന്നു ഇതിന്റേയും ഉപദേശകന്‍. ദ്രോണര്‍ക്ക്‌ തന്റെ മകനോടുള്ള വാല്‍സല്യം ഏറെ പ്രസിദ്ധമാണ്‌. മകന്‍ മരിച്ചു എന്ന് കേട്ടാല്‍ ദ്രോണര്‍ യുദ്ധരംഗത്ത്‌ സ്തംഭിച്ചുനിന്നു പോകും, അപ്പോള്‍ അയാളെ വധിക്കാം. സാക്ഷാല്‍ അശ്വത്ഥാമാവിനെ വധിക്കാന്‍ പറ്റുകയില്ല. പകരം കളിമണ്ണുകൊണ്ട്‌ ഒരു ആനയുടെ രൂപം ഉണ്ടാക്കി അതിന്‌ അശ്വത്ഥാമാവ്‌ എന്ന് പേരിടുക. എന്നിട്ട്‌ അതിനെ തല്ലിയുടച്ച ശേഷം അശ്വത്ഥാമാവ്‌ മരിച്ചു എന്ന് ഉറക്കെ വിളിച്ചുപറയുക. ഇതായിരുന്നു കൃഷ്ണന്‍ ഉപദേശിച്ചുകൊടുത്ത ഉപായം. പാണ്ഡവരുടെ കൂട്ടത്തില്‍ സത്യസന്ധന്‍ എന്ന് പേര്‌കേട്ട ധര്‍മ്മപുത്രര്‍ പറഞ്ഞാലേ ദ്രോണര്‍ വിശ്വസിക്കൂ. അതുകൊണ്ട്‌ ധര്‍മ്മപുത്രര്‍ തന്നെ വിളിച്ചുപറയണം. അങ്ങനെ ഒരു ആനയെ ഉണ്ടാക്കി തല്ലിയുടച്ചശേഷം ‘അശ്വത്ഥാമാ ഹത: കുഞ്ജര!’(അശ്വത്ഥാമാവ്‌ എന്ന ആന ചത്തു എന്നര്‍ത്ഥം. കുഞ്ജരം=ആന) എന്ന് പറഞ്ഞു. ‘അശ്വത്ഥാമാ ഹത:‘ എന്നുറക്കെയും ‘കുഞ്ജര‘ എന്ന് പുറത്ത്‌ കേള്‍ക്കാതെ, പതുക്കെയും പറഞ്ഞു. തന്റെ മകന്‍ അശ്വത്ഥാമാവ്‌ മരിച്ചുപോയി എന്ന് കേട്ടയുടനെ, പാണ്ഡവപക്ഷം പ്രതീക്ഷിച്ചതുപോലെ ദ്രോണര്‍ സ്തംഭിച്ചുപോവുകയും, ഈ സമയം നോക്കി അര്‍ജ്ജുനന്‍ അമ്പെയ്ത്‌ ദ്രോണരെ വധിക്കുകയും ചെയ്തു. സത്യസന്ധനെന്ന് പേര്‍ കേള്‍പ്പിക്കുകയും, സ്വന്തം താല്‍പര്യസംരക്ഷണത്തിന്‌ അര്‍ദ്ധസത്യവും, സത്യം വളച്ചൊടിച്ച്‌ പ്രഖ്യാപിച്ച്‌ എതിരാളിയെ തോല്‍പ്പിച്ച്‌ വിജയം നേടുകയും ചെയ്ത ഒരു കഥാപാത്രമാണ്‌ ധര്‍മ്മപുത്രര്‍. ‘ധര്‍മ്മപുത്രര്‍ ചമയേണ്ട‘ എന്നൊരു ശൈലി രൂപപ്പെട്ടിട്ടുള്ളത്‌ മുകളില്‍ വിവരിച്ച സംഭവത്തെ ആസ്പദമാക്കിയാണ്‌.

തന്റെ പിതാവിനെ ചതിയില്‍ വധിച്ച പാണ്ഡവരെ മുഴുവന്‍ വകവരുത്തുമെന്ന് അശ്വത്ഥാമാവ്‌ ശപഥം ചെയ്തു. പാണ്ഡവപക്ഷം താമസിച്ചിരുന്ന കൂടാരങ്ങളില്‍ രാത്രിയില്‍ കയറി ഗര്‍ഭസ്ഥശിശുക്കളടക്കം സ്ത്രീകളെയും മുതിര്‍ന്നവരേയും മുഴുവനും കൊന്നു നശിപ്പിച്ചു. എന്നാല്‍ പാണ്ഡവരെ വേറെ ഒരു സ്ഥലത്ത്‌ മാറ്റി പാര്‍പ്പിച്ചിരുന്നതുകൊണ്ട്‌ (അതും കൃഷ്ണന്റെ ഒരു തന്ത്രമായിരുന്നു) അവരെ കൊല്ലാന്‍ സാധിച്ചില്ല. സ്തീകളെയും കുട്ടികളേയും ഉറക്കത്തില്‍ കൊന്ന് നശിപ്പിച്ച അശ്വത്ഥാമാവ്‌ ഒരു നീചകഥാപാത്രമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. പ്രതികാരദാഹം മൂത്ത്‌ ഏത്‌ ദുഷ്‌കൃത്യവും ചെയ്യാന്‍ മടിക്കാത്ത ഇയാളെ ഏഴ്‌ ചിരംജീവികളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നു. ബാക്കി ആറുപേരും ഉത്തമ കഥാപാത്രങ്ങള്‍ ആണ്‌.

24 comments:

മറ്റൊരാള്‍ | GG said...

അച്ചാച്ചന്‍ വക ഒരു മഹാഭാരത കഥ

“അശ്വത്ഥാമാ ഹത: കുഞ്ഞര!”

ഒരു “ദേശാഭിമാനി” said...

ധർമ്മപുത്രർ പറഞ്ഞ ഈ അർത്ഥ സത്യത്തിനു വിലയായി, വാനപ്രസ്ഥാന്ത്യം ഒരു വേള ആണങ്കിലും, നരകദർശനവും ചെയ്യേണ്ടിവന്നു!
പുരാണങ്ങൾ ഓർക്കുന്നതും, പറയുന്നതും പുണ്യം!

മംഗളം നേരുന്നു!

ഗുരുജി said...

കുഞ്ഞര അല്ല...കുഞ്ജര എന്നാണ്‌. വായനയുടെയിടയില്‍ ആ വാക്കു വല്ലാതെ കല്ലുകടിച്ചതുകൊണ്ട് എഴുതിയതാണ്‌..ബ്ലോഗ്ഗില്‍ അക്ഷരത്തെറ്റു നോക്കാന്‍ പാ
ടില്ല എന്നാരോ എഴുതിയതു വായിച്ചിട്ടുണ്ട്...എന്നാലും...ഇതൊന്നു ശ്രദ്ധയില്‍ പെടുത്തി എന്നു മാത്രം.

മറ്റൊരാള്‍ | GG said...

ദേശാഭിമാനി:എന്റെ കുട്ടിക്കാലത്ത് അച്ഛന്‍ ധാരാളം പുരാണ കഥകള്‍ പറഞ്ഞുതന്നിട്ടുണ്ടായിരുന്നു. പിന്നീട് ആരോടും പറയാനും ചര്‍ച്ചചെയ്യാനും ഇല്ലാതായപ്പോള്‍ പലതും മറന്ന മട്ടാണ്.

രഘുവംശി: അക്ഷരതെറ്റ് ചൂണ്ടിക്കണിച്ചതിന് വളരെ നന്ദി. കത്ത് പകര്‍ത്തിയപ്പോള്‍ അക്ഷരങ്ങള്‍‌ ശ്രദ്ധിച്ചിരുന്നില്ല. കഴിവതും അറിഞ്ഞുകൊണ്ട് തെറ്റ് എഴുതരുത് എന്ന് വിചാരിക്കുന ഒരാളാണ് ഞാന്‍. തെറ്റ് തിരുത്തിയിട്ടുണ്ട്.

Manikandan said...

ഇതില്‍‌ ഞാന്‍‌കേട്ട കഥയില്‍ ചിലവ്യത്യാസങ്ങള്‍‌ ഉണ്ട്‌ അതു ഇവിടെ കുറിക്കുന്നത്‌ താങ്കള്‍‌ക്കു സമ്മതമാവും എന്നു കരുതുന്നു.

അര്‍‌ജ്ജുനന്‍ കൊണ്ടുവന്ന ദ്രുപദനെ തനിക്കു തുല്ല്യനാക്കിയിട്ടാണ് ദ്രോണാചര്യര്‍‌ പറഞ്ഞയക്കുന്നത്‌. അതായത് ദ്രുപദരുടെ പകുതി രാജ്യം മാത്രം അദ്ദേഹത്തിനു തിരിച്ചുനല്‍‌കി. ഇതിനു പ്രതികാരം ചെയ്യാന്‍‌ ദ്രുപദര്‍ ഒരു യാഗം നടത്തുകയും അതില്‍ നിന്നു ധൃഷ്ടദ്യുംനനും, ദ്രൌപതിയും ഉണ്ടായി എന്നാണ് കേട്ടിട്ടുള്ളത്‌.

പിന്നെ അശ്വത്ഥാമാവിനു ശാപം ലഭിച്ചത്‌ കുരുക്ഷേത്രയുദ്ധത്തില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ഭാര്യ ഉത്തരയുടെ ഗര്‍‌ഭത്തില്‍ വളരുന്ന കുട്ടിയെ (ഭ്രൂണത്തെ) ബ്രഹ്മാസ്ത്രം ഉപയോഗിച്ചു വധിച്ചതിനാണ്. ഈ കഥ താങ്കളും കേട്ടുകാണും എന്നു കരുതുന്നു. പാണ്ഡവരുടെ പുത്രന്മാരേയും, അവശേഷിച്ച പടയാളികളേയും,മാത്രമാണ് യുദ്ധാനന്തരം, അശ്വത്ഥാമാവും, കൃപരും, കൃതവര്‍മ്മാവും ചേര്‍ന്നു പണ്ഡവകുടീരങ്ങള്‍ ആക്രമിച്ചു വധിച്ചത്‌.

“ദേശാഭിമാനി” താങ്കള്‍ വാനപ്രസ്ഥാന്ത്യം എന്നെഴുതിക്കണ്ടു. ഇതു മഹാപ്രസ്ഥാനം എന്നാണ് പറയുക എന്നു തോന്നുന്നു. അതായത്‌, കുരുക്ഷേത്രയുദ്ധം കഴിഞ്ഞു കുറേനാള്‍ പാണ്ഡവര്‍‌ ഹസ്തിനപുരം ഭരിച്ചു. പിന്നീട് ശ്രീകൃഷ്ണഭഗവാന്റെ ദേഹത്യാഗത്തിനു ശേഷം അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്തിനെ രാജ്യം ഏല്‍‌പ്പിച്ചു പാണ്ഡവര്‍ ദ്രൌപതീ സമേതം വനവാസത്തിനു പോവുന്നു. ഈ യാത്രയില്‍ ഒരോരുത്തരായി മരണം വരിക്കുകയും, ധര്‍‌മ്മപുത്രര്‍‌ ഉടലോടെ സ്വര്‍‌ഗ്ഗത്തില്‍ എത്തുകയും ചെയ്യുന്നു. അവിടെ തന്റെ സഹോദരങ്ങളെ അന്വോഷിച്ച അദ്ദേഹം അവര്‍ നരകത്തില്‍ ആണെന്നു അറിയുന്നു. തുടര്‍‌ന്നു തനിക്കും അവിടെത്തന്നെ ഇടം മതിയെനു അദ്ദേഹം ആവശ്യപ്പെടുന്നു. അങ്ങനെ അല്പസമയത്തേക്കാണെങ്കിലും അദ്ദേഹം നരകം കാണുന്നു.

Mr. K# said...

തെറ്റുകളുണ്ടല്ലോ മാഷേ. മണികണ്ഠന്‍ പറഞ്ഞ കഥയാണ്‍ കൂടുതല്‍ ശരി.

നമ്മൂടെ ലോകം said...
This comment has been removed by the author.
നമ്മൂടെ ലോകം said...

.

ഒരു “ദേശാഭിമാനി” said...

മണികണ്ഠന്‍,
ഇതു മഹാപ്രസ്ഥാനം എന്നാണ് പറയുക -താങ്കള്‍ശരിയാണ്

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പിന്നെ “തന്റെ ഒരു പഴയ ശിഷ്യനായ പാഞ്ചാല രാജകുമാരനായ ദ്രുപദന്റ്‌ ” ദ്രുപദന്‍ ദ്രോണരുടെ ശിഷ്യനല്ല സഹപാഠിയായിരുന്നു.

പിന്നെ കൌരവപക്ഷത്തുള്ള ഭഗദത്തന്‍ എന്ന രാജാവിന്റെ അശ്വത്ഥാമാവ് എന്ന ആനയെ ആണ് ഭീമന്‍ തല്ലിക്കൊന്ന് അശ്വത്ഥാമാവിനെ കൊന്നു എന്ന് വിളിച്ച് നടന്നത്. --ഇത് എനിക്ക് ഉറപ്പില്ല പക്ഷേ പല കഥകള്‍ ഉണ്ടാവാലോ

പക്ഷേ ഒരു ഗൌരവമായ തെറ്റ് ചൂണ്ടിക്കാട്ടാതെ വയ്യ “ ഈ സമയം നോക്കി അര്‍ജ്ജുനന്‍ അമ്പെയ്ത്‌ ദ്രോണരെ വധിക്കുകയും ചെയ്തു.” ദ്രോണാചാര്യരെ കൊന്നത് ധൃഷ്ടദ്യു‌മ്നന്‍(ദ്രുപദപുത്രന്‍) ആണ്‌ (തലവെട്ടി)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഏഴു ചിരഞ്ജീവികളില്‍ അശ്വത്ഥാമാവൊഴികെ ബാക്കിയുള്ള ആറു പേൂം നല്ലവരാണ്‌ എന്നുള്ള ഭാഗത്തോട്‌ അല്‍പം വൈമുഖ്യമുണ്ട്‌. ഉദാഹരണത്തിന്‌ വിഭീഷണന്‍ എന്ന കഥാപാത്രം തന്നെ. ഇതിനെ കുറിച്ച്‌ ഒരു സൂചന ഞാന്‍ മുമ്പ്‌
ഇവിടെ എഴുതിയിരുന്നു.

വേണു venu said...

പുരാണകഥകള്‍ ഓര്‍ക്കാനും തെറ്റുകള്‍ മനസ്സിലാക്കാനും കഴിയുന്നു.:)

Manikandan said...

“കിട്ടിച്ചാത്താ” താങ്കള്‍‌ പറഞ്ഞ മൂന്നു കാര്യങ്ങളും ശെരിയാണെന്നണ് എന്റെ അഭിപ്രായം. ധൃഷ്ടദ്യമ്നന്‍‌ തന്നെയാണ് ദ്രോണാചര്യരെ വധിച്ചത്‌. അദ്ദേഹത്തിന്റെ ജന്മോദ്ദേശ്യം തന്നെ ദ്രോണവധം ആയിരുന്നല്ലൊ.
ഒരു യഥാര്‍‌ത്ഥ ആനയെ വധിച്ചതായാണ് ഞനും കേട്ടിട്ടുള്ളത്‌. ഭീമന്‍‌ തന്നെയാണ് അതിനെ വധിച്ചത്‌.

Unknown said...

എത്ര കേട്ടാലും മതിവരില്ല മഹാഭാരതകഥകള്‍
നല്ല എഴുത്ത് മാഷെ

മറ്റൊരാള്‍ | GG said...

അച്ഛന്റെ കഥാഖ്യാനത്തില്‍‌ വന്നുകൂടിയ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയ എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ച് മണികണ്ഠന്‍/ കുട്ടിചാത്തന്‍ എന്നിവര്‍ക്ക്.

കഥ പറയുന്നതിന് മുന്‍പായി, പ്രധാനകഥാപാത്രങ്ങളുടെ പേരുകള്‍ തന്നെ ഇപ്പോള്‍ മറന്നുപോയി എന്ന് പറഞ്ഞ് അച്ചാച്ചന്‍ മുന്‍‌കൂര്‍ജാമ്യം എടുത്തിരുന്നു. അതിനാല്‍ ‌ തല്‍‌ക്കാലം നമ്മള്‍ക്ക് അദ്ദേഹത്തോട് ക്ഷമിക്കാം അല്ലേ?

അശ്വത്ഥാമാവ് എന്ന സാക്ഷാല്‍ ആനയുടെ കാര്യം അച്ഛനെ എങ്ങനെ പറഞ്ഞു തിരുത്തുമോ ആവോ? ഞാന്‍ കുട്ടിക്കാലത്ത് അച്ചാച്ചന്‍ പറഞ്ഞ കഥകളാണ് കൂടുതലും കേട്ടിട്ടുള്ളത്. മറ്റൊരു വേര്‍ഷന്‍ ഇതുവരെ അറിയില്ലായിരുന്നു.

വേണു പറഞ്ഞതുപോലെ ഇതില്‍‌ക്കൂടി പുരാണകഥകള്‍ ഓര്‍ക്കാനും തെറ്റുകള്‍ മനസ്സിലാക്കാനും കഴിയുന്നു.

ഇന്ധ്യാ ഹെറിറ്റേജ്: താങ്കളുടെ ലേഖനം ഇപ്പോഴാണ് കണ്ടത്. കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നു.

നിരക്ഷരൻ said...

വേണുജി പറഞ്ഞതുപോലെ പുരാണകഥകള്‍ അയവിറക്കാനും അവലോകനം ചെയ്യാനും‍ പറ്റിയതില്‍ സന്തോഷം ഉണ്ട്. മണികണ്ഠനും കുട്ടിച്ചാത്തനും ഹാറ്റ്സ് ഓഫ്.

Kichu $ Chinnu | കിച്ചു $ ചിന്നു said...

കുട്ടിച്ചാത്തന്‍ പറഞ്ഞ വേര്‍ഷന്‍സ് ആണ്‍ ഞാനും കേട്ടിരിക്കുന്നത്.. ഒരിക്കല്‍ കൂടി കഥകളുടെ ലോകത്തെത്തിച്ചതിന്‍ നന്ദി

ശ്രീ said...

ചാത്തന്‍ പറഞ്ഞതു തന്നെ ആണ് ഞാനും കേട്ടിരിയ്ക്കുന്നത്. എന്തായാലും ഒന്നു കൂടി ഇതെല്ലാം ഓര്‍മ്മിപ്പിച്ചതിനു നന്ദി മാഷേ.
:)

The Common Man | പ്രാരബ്ധം said...

അശ്വത്ഥാമാവ് എന്ന ചിരഞ്ജീവിയെപറ്റിയും ആ പ്രതിബിംബത്തിനു അനുദിനജീവിതത്തിലുള്ള പ്രസക്തിയെപറ്റിയും കുട്ടികൃഷ്ണമാരാര്‍ ഭാരതപര്യടനത്തില്‍ വിവരിച്ചിട്ടുണ്ടു. സാധിക്കുന്നവര്‍ ഒന്നു വായിക്കുക.

ജിജി-ജീ,

ഇനിയും എഴുതണേ!

കുഞ്ഞന്‍ said...

ജിജി..
പുരാണകഥകള്‍ കേള്‍ക്കാന്‍ എനിക്കും ഇഷ്ടമാണ്. പിന്നെ ഈ കഥയില്‍ പറഞ്ഞ കാര്യങ്ങള്‍ ചാത്തന്‍ പറഞ്ഞതുപോലെയാണ് ഞാനും കേട്ടിട്ടുള്ളത്..!

പിന്നെ ഏഴു ചിരംജ്ജീവികള്‍ ആരെല്ലാമാണ്..എനിക്കു 3 പേരെ മാത്രമെ അറിയാവൂ അല്ലെങ്കില്‍ ഓര്‍മ്മയൊള്ളൂ..ഹനുമാന്‍, അശ്വത്ഥമാവ്, ജാംബവന്‍.. ബാക്കി നാലുപെരെ പറ്റി പറയാമൊ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുഞ്ഞന്‍ ജീ,
ഇവിടെ .

അടൂരാന്‍ said...

:)

മഴപ്പാറ്റകള്‍ said...

ഇപ്പോഴാണ് ഒന്ന് കാണാന്‍ കഴിഞ്ഞത്. മികവില്‍ മികച്ചത് എന്നേ എനിക്ക് പറയുവാനുള്ളു.

ഫുള്‍ജന്‍ said...

പണ്ട് കേട്ടുമറന്ന പുരാണകഥ ഓര്‍മ്മിപ്പിച്ചതിന് നന്ദി.