പറുദീസാ നഷ്ടം
ആദത്തെ സൃഷ്ടിച്ചൂ - ഏദനിലാക്കി ദൈവം
ഏകനായിരിക്കാതെ - സ്ത്രീവേണം കൂട്ടവന്
നിദ്രയിലാദത്തിന്റെ - യസ്ഥിയേലൊന്നെടുത്തു
സ്ത്രീയാക്കിച്ചമച്ചവള്‍ - ക്കവ്വായെന്നു പേരുമിട്ടു.
തോട്ടം സൂക്ഷിപ്പാനും - കായ്കനികള്‍ ഭക്ഷിപ്പാനും
തോട്ടത്തിലവരെ - കാവലുമാക്കി ദൈവം
തോട്ടത്തിന് നടുവില്‍ നില്ക്കും - വൃക്ഷത്തിന് ഫലം നിങ്ങള്‍
തിന്നുന്ന നാളില്‍ - മരിക്കും നിശ്ചയം തന്നെ.
ആദത്തെ വഞ്ചിപ്പാന്‍ - സാത്തനൊരു സൂത്രമെടുത്തു
സര്‍പ്പത്തിന്റെ വായില്‍ കേറി - സാത്താന് വദിച്ചീവണ്ണം.
"തോട്ടത്തിന് നടുവില്‍ നില്ക്കും - വൃക്ഷത്തിന് ഫലം നിങ്ങള്‍
തിന്നുന്ന നാളില്‍ കണ്ണുതുറക്കും നിങ്ങള്‍
കണ്ണുതുറക്കും നിങ്ങള്‍ - ദൈവത്തെ പോലെയാകും."
നേരെന്നു വിശ്വസിച്ചു പഴം രണ്ടവള്‍ പറിച്ചു
ഒന്നവള്‍ തിന്നുവേഗം - പതിക്കും നല്‍കിയൊരണ്ണം
തിന്നപ്പോളിരുവരും - നഗ്നരായ് തീര്‍ന്നുപോയി.
ഈശന്റെ പാദസ്വനം - കേട്ടവര്‍ ഭയന്നിട്ട്
നഗ്നത നീക്കീടുവാ - നില തുന്നിധരിച്ചവര്‍.
ഈശന്നു കോപം വന്നൂ-ആദത്തൊടു ഗര്ജ്ജിച്ചൂ:
"ഇതിന്നോ ആദമെ - നിന്നെ ഞാന്‍ സൃഷ്ടിച്ചു."
"കൂട്ടയിത്തന്ന സ്ത്രീ പഴം തന്നൂ - ഭക്ഷിച്ചൂ"
ആദത്തിന് മറുവാക്കി - ലഖിലേശന്‍ കോപിച്ചു,
തോട്ടത്തില്‍ നിന്നവരെ - യാട്ടിപ്പുറത്തിറക്കി
മാലാഖമാരെ - കാവലുമാക്കി ദൈവം.
മൂലകഥാവലംബം:
വി: വേദപുസ്തകത്തിലെ ഉല്പത്തി പുസ്തകത്തിന്റെ രണ്ടാം അദ്ധ്യായം: ഏഴ് മുതല്‍ പതിനേഴ് വരെയും, മൂന്നാം അദ്ധ്യായം: ഒന്ന് മുതല്‍ ഇരുപത്തിനാല് വരെയുമുള്ള വാക്യങ്ങളില്‍ നിന്നും.
ഇനി മാര്‍ഗ്ഗംകളി പാട്ട്, പരിചമുട്ടുകളി പാട്ട് എന്നിവയെക്കുറിച്ച് എന്തെങ്കിലും അറിയണമെങ്കില്‍ ദാ ഇവിടെ നോക്കുക.
6 comments:
ആദാമിനേയും ഹവ്വായേയും ഏദന്തോട്ടത്തില് നിന്ന് പുറത്താക്കിയ സംഭവം മാര്ഗ്ഗംകളിപ്പാട്ടിന്റെ രൂപത്തില്‍..
മറ്റൊരാളേ, നന്ദി!
ചില പാഠഭേദങ്ങള്‍:
1)ആദത്തെ സൃഷ്ടിച്ചുടനേദനിലാക്കീ ദൈവം
2)തിന്നുന്ന നാളില്‍ മരണം നിശ്ചയം തന്നെ
3) തിന്നപ്പോളിരുവരും നഗ്നരായ് ചമഞ്ഞല്ലോ
4) "ഇതിനോ, ആദമേ നിന്നെ ഞാന്‍ തോട്ടത്തിലാക്കി?"
അപ്പു: :)
സെബിന്: താങ്കള്‍ ചൊല്ലിയ പാഠഭേദങ്ങളാണ് ഇവിടെ കൂടുതല്‍ യോജിക്കുന്നത്. നന്ദി.
നാലാമത്തേത് അതേപടി ‘ഈനാട്‘ എന്ന മലയാള സിനിമയിലെ ഒരു പാട്ടിന്റെ ഇടയ്ക്ക് രണ്ട് വരിയായി ഉപയോഗിച്ചിട്ടുണ്ട്. “ഇതിനോ ആദമേ നിന്നെ ഞാന്‍ തോട്ടത്തിലാക്കി. തോട്ടം സൂക്ഷിപ്പാനും കായ്കനികള്‍ ഭക്ഷിപ്പാനും...“
കൊള്ളാം...
മറ്റൊരാളേ,
കൊള്ളാം.
:)
Post a Comment